സ്ഥിരം ട്രെയിൻ യാത്രികൻ, ഉന്നമിടുന്നത് സ്ത്രീകളെയും വൃദ്ധരെയും; നിരവധി കേസുകളിലെ പ്രതിയായ 53 കാരൻ പിടിയിൽ

Advertisement

ഷൊർണൂർ: ട്രെയിനുകളിൽ കയറി സ്ഥിരമായി മോഷണം നടത്തുന്നയാൾ ഷൊർണൂർ റയിൽവെ പൊലീസിന്‍റെ പിടിയിൽ. തൃശൂർ സ്വദേശിയായ പ്രതി വേണുഗോപാലിനെ പിടികൂടിയത് ട്രെയിൻ യാത്രക്കാരിയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലാണ്. തൃശൂർ തൈക്കാട്ടുശ്ശേരിയിലാണ് 53 വയസുകാരൻ വേണുഗോപാലിന്‍റെ വീട്. അധികവും ട്രെയിൻ യാത്രകളിലാകും വേണുഗോപാൽ.

എന്നാല്‍ മോഷണം ഉന്നമിട്ടുള്ളതാണ് ഈ യാത്രകളെന്ന് ഇപ്പോഴാണ് വ്യക്തമാവുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെയും വൃദ്ധരെയുമാണ് വേണുഗോപാല്‍ ലക്ഷ്യമിട്ടിരുന്നത്. 12 ഓളം മോഷണ കേസിലെയും വഞ്ചന കേസിലെയും പ്രധാന പ്രതിയാണ് ഇയാൾ. ഇപ്പോൾ പിടിയിലായത് നെല്ലായ ഹെൽത്ത് സെൻററിലെ നഴ്സിൻ്റെ പരാതിയിലാണ്. കഴിഞ്ഞ മെയ് 29ന് ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നഴ്സ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങുന്ന സമയത്താണ് 20000 രൂപ വിലയുള്ള പുതിയ ഫോൺ ഇയാൾ കവർന്നത്.

തുടർന്ന് ഇവർ ഷൊർണൂർ റെയിൽവേ പോലീസിൽ പരാതി നൽകുകയായിരുന്നു. സൈബർ സെല്ലുമായി സഹകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ കൂടുതൽ വിവരങ്ങൾ ലഭിച്ചതും ഇയാളെ പിടികൂടാനായതും. മോഷ്ടിക്കപ്പെട്ട മൊബൈൽ ഫോൺ ഇയാളിൽ നിന്നും പിടിച്ചെടുത്തു. മൊബൈൽ ഫോണുകൾ വിൽപന നടത്താൻ ഇടനിലക്കാരുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. പിടിയിലായാല്‍ ഓരോ ജില്ലയിലും ആവശ്യമെങ്കിൽ നിയമ സഹായത്തിനും ഇയാള്‍ക്ക് ആളുകളുണ്ടെന്ന് പൊലീസ് വിശദമാക്കുന്നു.

വിമാനത്തിലെത്തി മോഷണം നടത്തി വിമാനത്തില്‍ തെലങ്കാനയിലേക്ക് മുങ്ങിയിരുന്ന യുവാവിനെ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് പിടികൂടിയത്. തലസ്ഥാനവാസികളുടെയും പൊലീസിന്റെയും ഉറക്കം കെടുത്തിയതിന് പിന്നാലെയാണ് ഈ മാന്യനെ പൊലീസ് പിടികൂടുന്നത്. തിരുവനന്തപുരത്ത് മാത്രം മൂന്ന് മോഷണ പരമ്പരകളാണ് ഇയാള്‍ നടത്തിയത്. ആരും പ്രതീക്ഷിക്കാത്ത ഇടത്ത് ഒളിപ്പിച്ച് വച്ച കൊള്ളമുതല്‍ തിരികെയെടുക്കാനായി കേരളത്തിലേക്ക് വീണ്ടും വരുന്നതിനിടെ പുർച്ചെ വിമാനത്താവളത്തിൽ വെച്ച് തന്നെയാണ് ന്യൂ ജനറേഷന്‍ കള്ളൻ പിടിയിലായത്.

Advertisement