മലയാള സിനിമയെ വിശ്വചക്രവാളത്തോളം എത്തിച്ച ജി. അരവിന്ദന്റെയും അടൂര്‍ ഗോപാലകൃഷ്ണന്റെയും ഉള്‍പ്പെടെയുള്ള മികച്ച സിനിമകളുടെ അമരക്കാരനായി നിന്ന് ലാഭേച്ഛയില്ലാതെ, തന്റെ സമ്പത്തിന്റെ നല്ലൊരുഭാഗം കലാമൂല്യമുള്ള സിനിമകള്‍ക്കായി നീക്കിവെച്ച വ്യക്തിയാണ് കെ. രവീന്ദ്രനാഥന്‍.
കൊല്ലത്തെ പ്രമുഖ കശുവണ്ടി വ്യവസായിയായിരുന്ന കൊച്ചുപിലാംമൂട് കൃഷ്ണവിലാസം ബംഗ്ലാവില്‍ വെണ്ടര്‍ കൃഷ്ണപിള്ളയുടെയും നാണിയമ്മയുടെയും എട്ടു മക്കളില്‍ അഞ്ചാമനായി 1933 ജൂലായ് മൂന്നിനായിരുന്നു ജനനം. പിതാവ് പെട്ടെന്ന് മരിച്ചതോടെ രവീന്ദ്രനാഥന്‍ നായര്‍ ബിസിനസ് ഏറ്റെടുത്തു. അങ്ങനെ ആരംഭിച്ച വിജയലക്ഷ്മി കാഷ്യൂസ് സംസ്ഥാനത്തും പുറത്തുമായി 115 ഓളം ഫാക്ടറികളുള്ള വന്‍ സംരംഭമായി. അരലക്ഷത്തിലേറെ തൊഴിലാളികളും ഉണ്ടായിരുന്നു.
ഫാത്തിമാ കോളേജില്‍ പഠിക്കുമ്പോള്‍ സുഹൃത്തുക്കളുടെ നാടക സംഘാടകനായാണ് രവി കലാരംഗത്ത് എത്തിയത്. 1967 ജനറല്‍ പിക്ചേഴ്സ് ആരംഭിച്ചു. പാറപ്പുറത്തിന്റെ ‘അന്വേഷിച്ച് കണ്ടെത്തിയില്ല’ എന്ന നോവല്‍ വായിച്ചപ്പോഴാണ് സത്യനെ നായകനാക്കിയുള്ള തന്റെ ആദ്യ സിനിമ എടുക്കാന്‍ പ്രേരണയായത്. 14 സിനിമകള്‍ നിര്‍മ്മിച്ചു. തമിഴ്നാട്ടില്‍ പോയി കണ്ട അച്ചാണി എന്ന പേരിലുള്ള നാടകമാണ് പിന്നീട് അതേ പേരില്‍ സിനിമയാക്കിയത്. 1973ല്‍ അച്ചാണി വന്‍ ഹിറ്റായതോടെ അച്ചാണി രവി എന്ന് അറിയപ്പെട്ട് തുടങ്ങി. നാല് ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച അച്ചാണി 14 ലക്ഷം ലാഭം നേടി. ഈ തുക ഉപയോഗിച്ചാണ് അദ്ദേഹം കൊല്ലം പബ്ലിക് ലൈബ്രറിയും സോപാനം ഓഡിറ്റോറിയവും പടുത്തുയര്‍ത്തിയത്. അതിപ്പോള്‍ ചില്‍ഡ്രന്‍സ് ലൈബ്രറിയും ആര്‍ട്ട് ഗാലറിയും സഹിതം കൊല്ലം നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമാണ്.സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് 2008ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നല്‍കി സര്‍ക്കാര്‍ ആദരിച്ചു.
1967-ല്‍ ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന ചിത്രം നിര്‍മിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ജനറല്‍ പിക്ചേഴ്സ് ആരംഭിച്ചത്. പി.ഭാസ്‌കരന്‍ ആയിരുന്നു സംവിധാനം. 68-ല്‍ ‘ലക്ഷപ്രഭു’, 69-ല്‍ ‘കാട്ടുകുരങ്ങ്’ എന്നീ ചിത്രങ്ങളും പി.ഭാസ്‌കരന്‍ ജനറല്‍ പിക്ചേഴ്സിനുവേണ്ടി സംവിധാനം ചെയ്തു. 73-ല്‍ എ.വിന്‍സെന്റിന്റെ ‘അച്ചാണി’, 77-ല്‍ ‘കാഞ്ചനസീത’, 78-ല്‍ ‘തമ്പ്’, 79-ല്‍ ‘കുമ്മാട്ടി’ 80-ല്‍ ‘എസ്തപ്പാന്‍’, 81-ല്‍ ‘പോക്കുവെയില്‍’ എന്നീ ചിത്രങ്ങള്‍ അരവിന്ദന്‍ ഒരുക്കി. 82-ല്‍ എം.ടി.വാസുദേവന്‍ നായര്‍ ‘മഞ്ഞ്’ സംവിധാനം ചെയ്തു. 84-ല്‍ ‘മുഖാമുഖം’, 87-ല്‍ ‘അനന്തരം’, 94-ല്‍ ‘വിധേയന്‍’ എന്നീ ചിത്രങ്ങള്‍ അടൂര്‍ ഗോപാലകൃഷ്ണനും സാക്ഷാത്കരിച്ചു. സമഗ്രസംഭാവനയ്ക്കുള്ള ജെ.സി.ദാനിയേല്‍ പുരസ്‌കാരം നേടിയ രവീന്ദ്രനാഥന്‍ നായര്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റി അംഗമായും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗമായും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.