ഹരികുറിശേരി
കശുവണ്ടിപ്രേമം വറുത്ത് പരിപ്പാക്കി സായിപ്പിന് നല്‍കി കാശാക്കിയത് കൊല്ലത്ത് മുദ്രപത്രക്കച്ചവടം നടത്തിയ വെണ്ടര്‍കൃഷ്ണപിള്ളയുടെ ദീര്‍ഘവീക്ഷണമായിരുന്നു. അത് നാടിന്‍റെ ധനാഗമമാര്‍ഗമായി. തങ്ങള്‍ കുഞ്ഞുമുസലിയാരെപ്പോലെ പലരും ഫീല്‍ഡിലെത്തി. കൈയിലെ കശുവണ്ടിക്കറ കൊല്ലത്തിന്‍റെ ഐഡന്റിറ്റിയായി. കറ കൊല്ലത്തിന് തലമുറകളെ പോറ്റിയ നന്മയായിരുന്നു. കശുവണ്ടി ബിസിനസില്‍ വന്നിട്ടും വെണ്ടര്‍ എന്ന പേരുമാഞ്ഞില്ല. വെണ്ടര്‍ കുടുംബം പതിനായിരക്കണക്കിന് തൊഴിലാളികളുടെ മുതലാളിയായി വലിയ കശുവണ്ടി വ്യവസായിമാരായി വളര്‍ന്നു.
കശുവണ്ടിക്കുമേലും ജനം വെണ്ടര്‍ മുദ്ര ചാര്‍ത്തിക്കൊടുത്ത കൃഷ്ണപിള്ളയുടെ എട്ടുമക്കളില്‍ അഞ്ചാമന് ചുമതല കശുവണ്ടിയിലാണെങ്കിലും ആ രുചിയിലും മണത്തിലും മനസ് നിന്നില്ല. അത് വഴിവിട്ട് സഞ്ചരിച്ച് സിനിമയിലെത്തി. എന്നാല്‍ അന്നത്തെ സാമ്പ്രദായിക മുതലാളിമാരുടെ സിനിമാ പിടുത്തമായിരുന്നില്ല.
അത്. മറിച്ച് ലാഭം കിട്ടുമെന്ന് ചിന്തിക്കാന്‍ പോലുമാകാത്ത ആര്‍ട്ട് പടം. കുടുംബത്തും നാട്ടിലും കേട്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു. പലരും ഉപദേശിച്ചു. പക്ഷേ രവീന്ദ്രനാഥന്‍നായര്‍ വളരെ സൂക്ഷിച്ച് ആര്‍ട് പടത്തിന് പിന്നാലെ ചുവടുവച്ചു.
പിതാവ് പകര്‍ന്നു തന്ന കശുവണ്ടി കയറ്റുമതിക്കൊപ്പം അദ്ദേഹം ഭ്രമങ്ങള്‍ക്കുപിമ്പേ പായുന്ന മലയാളി ആസ്വാദകന്റെ മനസിലേക്ക് മികച്ച സിനിമകള്‍ കയറ്റി വിട്ടു.
സത്യജിത്‌റേയെ പ്പോലെ ചില മഹദ് വ്യക്തികള്‍ ബംഗാളില്‍ ആര്‍ട്പടം ഇറക്കി പണം വാരിയ കാലം. മലയാളത്തില്‍ അടൂരിനെയും അരവിന്ദനെയും പോലെ ചിലരെത്തി,മരം ചുറ്റിപ്രേമം, ടിഷ്യും ടിഷ്യൂം ഇടി,എളിവെട്ടിക്കല്‍ നൃത്തം എന്നിവയില്‍ അവര്‍ക്ക് കണ്ണുടക്കിയില്ല. ഇതില്ലാതെ എന്ത് പടം കാശ് കളയാനെത്തുന്ന കലാകാരന്മാരെ മുതലാളിമാര്‍ വള്ളപ്പാടകലെ നിര്‍ത്തുന്ന കാലം, രവി മുതലാളി അവര്‍ക്ക് കരം നല്‍കി. പത്തുരൂപ ആര്‍ട് പടത്തിന് നല്‍കാത്തകാലത്ത് ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തും കര്‍ശനമായ ചിലവു ചുരുക്കലിലൂടെ നഷ്ടസാധ്യത കുറച്ചും രവി മുതലാളി പടം പിടിച്ചു. നായികമാരുമായി മുതലാളി കാറില്‍പോകുന്ന പതിവുവിട്ട് ഷൂട്ടിംങ് നടക്കുന്നിടത്ത് കുടുംബത്തോടെ എത്തിയ മുതലാളി അതിശയമായി.
ഇനി കാലം പറയാം കാഷ്യൂമേഖലയില്‍ കൊടികെട്ടിയ കച്ചവടം നടക്കുന്ന 1967ല്‍ ആണ് കഥ. ഭാര്യ ഉഷയുടെ സഹോദരനായ ടിസി ശങ്കരന്‍നായര്‍ തൃശൂരിലെ മാത തീയറ്ററിന് ഉടമയായിരുന്നു അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിലാണ് വെറും ഒരു സിനിമാ ആസ്വാദകനായിരുന്ന രവി മദ്രാസിലെത്തി ജനറല്‍ പിക്‌ചേഴ്‌സ് എന്ന സ്ഥാപനം റജിസ്റ്റര്‍ ചെയ്യുന്നത്. താന്‍ ആയിടെ വായിച്ച പാറപ്പുറത്തിന്റെ നോവല്‍ അന്വേഷിച്ചു കണ്ടെത്തിയില്ല സിനിമയാക്കാമെന്ന് രവിമുതലാളി ഓര്‍ത്തു. സ്വന്തം ജീവിതം മറന്ന് കുടുംബത്തെ രക്ഷിക്കാന്‍ പണിപ്പെടുന്ന മിലിട്ടറി നഴ്‌സ്, ശ്രദ്ധിക്കണം നായികാപ്രധാന കഥ 67ല്‍. അതുകൊണ്ടുതന്നെ അത് ആദ്യം കണ്ട് മുറപ്പെണ്ണിലൂടെ ഹിറ്റ് മേക്കറായ സംവിധായകന്‍ വിന്‍സെന്‍റ് തള്ളി. വിജയ സാധ്യതയില്ല. അതാണ് കാരണം. പി ഭാസ്‌കരന്‍ ഏറ്റു, സിനിമ ഹിറ്റായി. താമരക്കുമ്പിളല്ലോ മമ ഹൃദയം എന്ന ഗാനം കേട്ടാല്‍ രവിമുതലാളിയെ ആരും ഓര്‍ത്തില്ലെങ്കിലും ആ സിനിമ ഓര്‍ക്കും. മറ്റൊരു ഹിറ്റ് പാട്ടുകൂടിയുണ്ട് ഇന്നലെ മയങ്ങുമ്പോള്‍, രവിമുതലാളി ആരെന്ന് സിനിമാ ലോകം തിരക്കിവന്നു. പക്ഷേ ജനറല്‍ പിക്‌ചേഴ്‌സ് അങ്ങനെ ആര്‍ക്കും പിടികൊടുത്തില്ല.
നിര്‍മ്മാണ ചിലവുകൂടി ബോധ്യമായാലേ രവി മുതലാളി പരിഗണിക്കൂ. ലക്ഷപ്രഭു, കാട്ടുകുരങ്ങ് എന്നീ സിനിമകളുമായി പി ഭാസ്‌കരന്‍ രവിമുതലാളിയോടു സഹകരിച്ചു. പിന്നെ മിണ്ടാതിരുന്നു. കശുവണ്ടി ബിസിനസില്‍ ശ്രദ്ധിച്ചു. 1973ല്‍ വിന്‍സെന്റ് രവിമുതലാളിയെതേടിവന്നു പ്രായശ്ചിത്തം നടത്തി. അത് ഒരു സൂപ്പര്‍ ഹിറ്റ്. യേശുദാസ് പാടി് അഭിനയിച്ച ആദ്യചിത്രം എന്റെ സ്വപ്‌നത്തിന്‍ താമര പൊയ്കയില്‍ പ്രേക്ഷകര്‍ ആഘോഷിച്ചു.സിനിമ ഹിറ്റായതോടെ രവിമുതലാളി ഒരു ബഹളവുമില്ലാതെ അച്ചാണി രവിയായി.
സിഎന്‍ ശ്രീകണ്ഠന്‍നായരുടെ കാഞ്ചന സീത സിനിമയാക്കിയാലോ, അക്കാലത്തെ അത്യാവശ്യം കാശുള്ള മുതലാളിമാര്‍ ചിന്തിക്കുന്നതില്‍നിന്നും വ്യത്യസ്തമായ ചിന്ത ഒരര്‍ത്ഥത്തില്‍ അപകടകരവുമായിരുന്നു. കാഞ്ചന സീത വല്ലാതെ ഇഷ്ടപ്പെട്ടു. ഭാസ്‌കരന്‍മാഷിനെ ഏല്‍പ്പിച്ചാലോ ശ്രീകണ്ഠന്‍നായര്‍ ഉടക്കി,അത് കൊമേഴ്‌സ്യല്‍സിനിമയാവും, ഇത് അതല്ല അങ്ങനെയാണ് അരവിന്ദന്റെ കോര്‍ട്ടിലേക്ക് കൊല്ലം സീത എത്തുന്നത്.രാമായണമെന്നത് ഗോത്രവര്‍ഗകഥയാണ് അരവിന്ദന്‍ പ്രഖ്യാപിച്ചു, എല്ലാ സ്വാതന്ത്ര്യവും അരവിന്ദ്ന് കൈമാറി. മുതലാളി പിന്മാറി. ഗോത്രവര്‍ഗക്കാരെ അഭിനേതാക്കളാക്കി കൊമേഴ്‌സ്യല്‍ സിനിമയുടെ ചേരുവകള്‍ ഇല്ലാത്ത സിനിമ ചിത്രം നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു, പക്ഷേ അത് ലോകസിനിമാചരിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ടു. തമ്പ് ,കുമ്മാട്ടി,പോക്കുവെയില്‍ എസ്തപ്പാന്‍ എല്ലാം ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു, അവാര്‍ഡുകള്‍ കൊല്ലത്തേക്കുവന്നതും ഞെട്ടിക്കുന്നതരത്തില്‍.
കൊടിയേറ്റം കഴിഞ്ഞ് പേരുണ്ടെങ്കിലും സാമ്പത്തികമായി തളര്‍ന്നുനിന്ന കലാകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രവിമുതലാളിയോട് തന്റെ എലിപ്പത്തായം കഥ പറയുന്നത് അപ്പോഴാണ്.
നായര്‍തറവാട്ടിലെ തകര്‍ച്ച അകത്തേക്കു ചുരുങ്ങി ലോകം മാറിയത് അറിയാത്ത നായകന്‍ സിംപിള്‍ സബ്ജക്ട്, അടൂര്‍ ഒരു കാര്യം ശ്രദ്ധിച്ചു. ഒരു താരം പേരെടുത്ത ആരെങ്കിലുമാകണം, ശാരദഎത്തി, അവര്‍ മുഖ്യകഥാപാത്രമാണോ, അല്ല കരമനയാണ് മുഖ്യന്‍, എന്തായാലും രവിമുതലാളി ഏറ്റു, ശാസ്താകോട്ട കോവൂരില്‍ ഒരു പഴയ തറവാട് കണ്ടെത്തി, കഥ അവിടെ വിരിഞ്ഞു.ശാരദമാത്രം അറിയപ്പെടുന്ന ഒരു നടി. സിനിമ വിജയമായത് വിദേശത്താണ്. എന്തായാലും പിന്നെ ആ കൂട്ടുകെട്ട് വളര്‍ന്നു.
കാരണം നിര്‍മ്മാതാവിനെ നിലനിര്‍ത്തണമെന്ന കാര്യം അടൂരിന് നിര്‍ബന്ധമായിരുന്നു..എത്ര സിനിമകള്‍ ആ കൂട്ടുകെട്ടില്‍ പിറന്നു. കരമനയില്‍ തുടങ്ങിയ അടൂരിന്റെ പരീക്ഷണം മമ്മൂട്ടിയില്‍ പോലുമെത്തി. മുഖാമുഖം,അനന്തരം,വിധേയന്‍. ജനറല്‍ പിക്‌ചേഴ്‌സിന്റെ പടത്തിനായി ജനം കാത്തിരുന്നു. അടിപ്പടത്തിനിടെ ഒരു സമാശ്വാസത്തിനായി. ഇതിനിടെ വളര്‍ന്ന വാനോളം കയറിയ മലയാള സിനിമയുടെ ഒരു മാസ്മരികതയും ഈ കൊല്ലം മുതലാളിയെ സ്വാധീനിച്ചില്ല. ഇതിനിടെ എംടിക്കുവേണ്ടി മഞ്ഞ് സിനിമയാക്കിയതും ശ്രദ്ധേയം.
കര്‍ശനമായ നിര്‍മ്മാണ കൗശലത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ നിര്മ്മാണം പുരോഗമിപ്പിച്ചത് .ഇത് സിനിമാ നിര്‍മ്മാതാക്കള്‍ക്ക് പാഠമാകേണ്ടതുമാണ്. അന്തര്‍ദ്ദേശീയ തലത്തില്‍ സിനിമയെ എത്തിച്ച എത്രയോ വേദികള്‍. ധാരാളിത്തത്തിനും താരമൂല്യത്തിനും രവി എന്ന മുതലാളി തന്റെ അംഗുലീയവും മാലയും ഊരിനല്‍കി സിനിമയെ ദരിദ്രമാക്കിയില്ല. സിനിമ നിര്‍മ്മിച്ചു എന്ന പേരില്‍ കശുവണ്ടി തൊഴിലാളികളെ പട്ടിണിയിലാക്കിയില്ല.
അന്വേഷിച്ചുകണ്ടെത്തിയില്ല, അച്ചാണി,എലിപ്പത്തായം,വിധേയന്‍,കുമ്മാട്ടി, അനന്തരം,കാട്ടുകുരങ്ങ്, മുഖാമുഖം, മഞ്ഞ,കാഞ്ചന സീത തുടങ്ങി ദേശീയ ശ്രദ്ധ ആകര്‍ഷിച്ച നിരവധി സിനിമകളുടെ നിര്‍മ്മാതാവായപ്പോഴും കശുവണ്ടി വ്യവസായം ആ കൈകളില്‍ ഭദ്രമായി നിലനിന്നു.
ഇത് ഭാവിയില്‍ ബിസിനസ് പഠിക്കുന്നവര്‍ക്ക്.ഒരു പഠനവിഷയം പോലുമാകണം എന്ന് പറയേണ്ടതാണ്. സിനിമയുടെ ലാഭത്തില്‍ നിന്നും കൊല്ലത്തിന് ഒരു സാംസ്കാരികകേന്ദ്രം നിര്‍മ്മിച്ചുനല്‍കി സാംസ്കാരിക സംഭാവനയില്‍ രവി ഒന്നാമനായി. അതേ അച്ചാണി എന്ന സിനിമയുടെ ലാഭത്തില്‍നിന്നും 1973ല്‍ 15ലക്ഷം രൂപ ചിലവിട്ടാണ് കൊല്ലത്തെ വലിയ സാംസ്കാരിക കേന്ദ്രമായ കൊല്ലം പബ്ളിക് ലൈബ്രറി രവീന്ദ്രനാഥന്‍നായര്‍ നാടിന് നല്‍കിയത്.
നമോവാകം. കൊല്ലം കണ്ടിട്ടും ഇല്ലം മറക്കാതിരുന്ന വലിയ മുതലാളിക്ക്