കൊച്ചി/തിരുവനന്തപുരം: യാത്രക്കാരിക്കു നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ജസ്റ്റിനാണ് ആലുവയിൽ പിടിയിലായത്. കെഎസ്ആർടിസി സ്വിഫ്റ്റ് ബസില്‍ ശനിയാഴ്ച രാവിലെ ആറരയ്ക്കായിരുന്നു സംഭവം.
തിരുവനന്തപുരത്തുനിന്നും മലപ്പുറത്തേക്ക് പോവുകയായിരുന്നു ബസ്. കഴക്കൂട്ടത്ത് നിന്ന് ആലുവയിലേക്ക് ടിക്കറ്റെടുത്ത വീട്ടമ്മയെ കണ്ടക്ടറുടെ സമീപത്തെ സീറ്റിൽ വിളിച്ചിരുത്തിയായിരുന്നു അതിക്രമം.
ആദ്യമിരുന്ന സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്തതാണെന്ന് പറഞ്ഞാണ് വീട്ടമ്മയെ മാറ്റിയിരുത്തിയത്. ഇവരെ പ്രതി കയറിപ്പിടിച്ചതോടെ വീട്ടമ്മ എതിര്‍ത്തു. ഇതിനു പിന്നാലെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ബസ് ആലുവ ബസ് സ്റ്റാൻഡിൽ എത്തിയതിന് പിന്നാലെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.