കെ രവീന്ദ്രനാഥന്‍നായരുടെ സംസ്കാരം ഞായറാഴ്ച പബ്ലിക് ലൈബ്രറി വളപ്പില്‍

Advertisement

കൊല്ലം. അന്തരിച്ച പ്രമുഖ നിർമാതാവും കശുവണ്ടി വ്യവസായിയുമായ അച്ചാണി രവി എന്ന കെ. രവീന്ദ്രനാഥൻ നായരുടെ സംസ്കാരം നാളെ(ഞായര്‍) വൈകിട്ട് മൂന്നിന് കൊല്ലത്ത് സ്വന്തം പരിശ്രമത്തിലൂടെ അദ്ദേഹം സൃഷ്ടിച്ച സാംസ്കാരിക കേന്ദ്രമായ പബ്ളിക് ലൈബ്രറി വളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും . പോളയത്തോട് ശ്മശാനത്തില്‍ നിശ്ചയിച്ചിരുന്ന സംസ്കാരം അദ്ദേഹത്തിന് ഏറെ വൈകാരിക ബന്ധമുള്ള പബ്ളിക് ലൈബ്രറിയിലേക്ക് മാറ്റുകയായിരുന്നു. 1973ല്‍ അച്ചാണി എന്ന സിനിമയിലൂടെ ലഭിച്ച ലാഭമായ 15ലക്ഷം രൂപ നാടിന്‍റെ സാംസ്കാരിക പുരോഗതിക്കായി മാറ്റിയാണ് അദ്ദേഹം പബ്ലിക് ലൈബ്രറി നിര്‍മ്മിച്ചത്.

നാളെ ഉച്ചക്ക് 12ന് പബ്ളിക് ലൈബ്രറിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം വൈകിട്ട് മൂന്നിനാണ് സംസ്കരിക്കുന്നത്.
ഇന്നു രാവിലെ 11.50 ന് കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. സമ്പത്തിന്റെ നല്ലൊരു ഭാഗം കലാമൂല്യമുള്ള സിനിമകള്‍ക്കായി ചെലവഴിച്ചാണ് രവീന്ദ്രനാഥന്‍നായര്‍ വിടവാങ്ങിയത്.

Advertisement