മലപ്പുറം: രാഷ്ട്രീയ വിവാദങ്ങൾക്കിടെ ഏക സിവിൽ കോഡിൽ സിപിഎം വിളിച്ചുചേർത്ത പ്രത്യേക കൺവെൻഷനിൽ മുസ്ലീം ലീഗ് പങ്കെടുക്കില്ല. തീരുമാനം രാവിലെ 9 ന് പാണക്കാട് ചേരുന്ന യോഗത്തിൽ പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം വൈകീട്ട് സിപിഐഎം ഔദ്യോഗികമായി ക്ഷണിച്ചെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. എന്നാൽ സെമിനാറിൽ പങ്കെടുക്കണമോയെന്ന് തീരുമാനിച്ചിട്ടില്ലെന്ന് പിഎംഎ സലാം പറഞ്ഞു. നേതാക്കളുമായി ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും സലാം പറഞ്ഞിരുന്നു.സിപിഎം ക്ഷണം സംബന്ധിച്ച് ലീഗിൽ രണ്ട് അഭിപ്രായം ഉയർന്നിരുന്നു.
ഏകീകൃത സിവിൽ കോഡിനെതിരെ എല്ലാ വിഭാഗങ്ങളേയും അണിനിരത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ലീഗിന്റേത് ശരിയായ നിലാപാടെന്നാണ് എം വി ഗോവിന്ദൻ പറയുന്നത്. രാജ്യത്ത് മത ദ്രുവീകരണത്തിലേക്ക് നയിക്കാനും ഹിന്ദുത്വജണ്ട രാജ്യത്ത് നടപ്പാക്കാനും ആണ് പ്രധാനമന്ത്രി മുൻകൈയെടുത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത്. അതിനെതിരെ എല്ലാ വിഭാഗങ്ങളെയും യോജിപ്പിച്ച് അണിനിരത്തുക എന്നതാണ് സിപിഎം ലക്ഷ്യം വയ്ക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞിരുന്നു.