രോഗം പിടിച്ചാല്‍ മരണ സാധ്യത നൂറുശതമാനം, ഭയക്കേണ്ടതല്ലേ തലച്ചോര്‍ തീനി അമീബയെ

Advertisement

ചേര്‍ത്തല. ആലപ്പുഴയില്‍ പതിനഞ്ചുകാരന്റെ അപ്രതീക്ഷിത മരണത്തിന് കാരണം തലച്ചോറ് തീനി അമീബയെന്ന് റിപോര്‍ട്ടുകള്‍ പുറത്തുവന്നു കഴിഞ്ഞു.

കുട്ടിയുടെ മരണത്തിന് കാരണം പ്രൈമറി അമീബിക് മെനിന്‍ജോ എന്‍സഫലിറ്റിസ് ആണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.

നീഗ്ലേരിയ ഫൗളോറി എന്ന അമീബയാണ് ഈ രോഗത്തിന് കാരണം. ആലപ്പുഴയില്‍ ചികിത്സയിലിരിക്കെയാണ് കുട്ടിയ്ക്ക് മരണം സംഭവിച്ചത്. വീടിനടുത്തുള്ള ജലാശയത്തില്‍ കുളിച്ചതിലൂടെയാണ് കുട്ടിയ്ക്ക് രോഗബാധയുണ്ടായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

അതേസമയം കേരളത്തില്‍ മുമ്ബും ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് മുമ്ബ് ഈ രോഗം അഞ്ച് പേരിലാണ് സ്ഥിരീകരിച്ചതെന്ന് പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
2016ല്‍ ആലപ്പുഴയിലായിരുന്നു ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് മലപ്പുറത്ത് 2019ലും , 2020ലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2020ല്‍ കോഴിക്കോടും രോഗം റിപ്പോര്‍ട്ട് ചെയ്തു. തൃശ്ശൂരില്‍ 2022ലാണ് ഈ രോഗം സ്ഥിരീകരിച്ചത്.

രോഗം മരണകാരണമാകുന്നതെങ്ങനെ ?

കുളം, തടാകം, നദികള്‍ എന്നിവയില്‍ സ്വതന്ത്രമായി ചലിക്കുന്നവയാണ് തലച്ചോറ് തീനി അമീബ. ഉപ്പ് വെള്ളത്തില്‍ ഇവയുടെ സാന്നിദ്ധ്യം വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ കടല്‍ജലത്തില്‍ ഇവയ്ക്ക് നിലനില്‍ക്കാനാകില്ല. മനുഷ്യരില്‍ മൂക്കിലൂടെയാണ് ഈ അമീബ ശരീരത്തിലേക്ക് എത്തുന്നത്. തുടര്‍ന്ന് തലച്ചോറിനെ ഇവ ഗുരുതരമായി ബാധിക്കും.

മുമ്ബും ലോകത്ത് മിക്കയിടത്തും ഈ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജലാശയങ്ങളില്‍ കുളിക്കുന്നതിലൂടെയും നീന്തുന്നതിലൂടെയുമാണ് ഈ രോഗകാരി മനുഷ്യരിലേക്ക് എത്തുന്നത്.

100 ശതമാനമാണ് രോഗത്തിന്റെ മരണനിരക്ക് എന്നാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞത്. രോഗം സ്ഥിരീകരിച്ചവരുടെ നില പെട്ടെന്ന് ഗുരുതരമാകുകയും മരണം സംഭവിക്കുകയും ചെയ്യും. അതേസമയം വളരെ അപൂര്‍വ്വമായ സാഹചര്യത്തിലാണ് രോഗം പകരുന്നത്. പതിനായിരത്തിലൊരാള്‍ക്ക് മാത്രമാണ് രോഗം സ്ഥിരികരിക്കുന്നതെന്നും വീണ ജോര്‍ജ് പറഞ്ഞു. അതേസമയം രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വീണ ജോര്‍ജ് പറഞ്ഞു.

രോഗലക്ഷണങ്ങള്‍

കടുത്ത പനി, തലവേദന, ഛര്‍ദ്ദി, തലകറക്കം, വിറയല്‍, മാനസിക വിഭ്രാന്തി എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. രോഗകാരി ശരീരത്തിലെത്തി അഞ്ച് ദിവസത്തിന് ശേഷമാണ് ലക്ഷണങ്ങള്‍ പ്രകടമാകുകയെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. രോഗം സ്ഥിരീകരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗിയുടെ ആരോഗ്യനില ഗുരുതരമാകാനുള്ള സാധ്യതയുണ്ട്. മസ്തിഷ്‌കത്തിന്റെ ആരോഗ്യനില വളരെ വേഗത്തില്‍ വഷളാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. അതേസമയം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന പകര്‍ച്ചാവ്യാധിയല്ല ഇതെന്നും വിദഗ്ധര്‍ സ്ഥിരീകരിച്ചു.

കെട്ടിക്കിടക്കുന്നതോ, വൃത്തിഹീനമായതോ ആയ ജലാശയങ്ങളില്‍ കുളിക്കുന്നത് ഒഴിവാക്കുകയെന്നതാണ് രോഗത്തെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗ്ഗം.

കേരളത്തില്‍ ജലാശയത്തെ ആശ്രയിച്ച് കുളിയും നീന്തലും നടത്തുന്നവരുടെ എണ്ണം ഏറെയാണ്. ഗ്രാമീണമേഖലയില്‍ ഇത്തരക്കാരേറെ. ഈ രോഗാണുവിനെ ഭയന്ന് ജലാശയത്തില്‍ ഇറങ്ങാതിരിക്കണമെന്ന് പറയാനാവുമോ, ജലാശയം ഈ രോഗാണു വിമുക്തമാക്കാന്‍ അധികൃതര്‍ക്കാവുമോ, എന്തായാലും രോഗികളഉടെ എണ്ണംകൂടുന്നത് മാത്രമേ ആശങ്കക്ക് കാരണമാകൂ എന്നത് മാത്രമാണ് ആശ്വാസം. സര്‍ക്കാരിനും അല്ലാതെ കൃത്യമായ മറുപടിയില്ല.

Advertisement