നാടൊരുമിച്ചു, ക്ഷേത്രമുറ്റത്ത് കൈപിടിച്ച് കൊടുക്കാൻ പാണക്കാട് തങ്ങളും, ഗീതയ്ക്കും വിഷ്ണുവിനും മാംഗല്യം

Advertisement

മലപ്പുറം: വർഷങ്ങളായി വേങ്ങര മനാട്ടിപ്പറമ്പിലെ റോസ്മാനർ ഷോർട് സ്റ്റേ ഹോമിൽ താമസിക്കുന്ന പാലക്കാട് സ്വദേശിനിക്ക് കൂട്ടായി കോഴിക്കോട് സ്വദേശി. ക്ഷേത്രമുറ്റത്ത് കൈപിടിച്ച് കൊടുക്കാൻ പാണക്കാട് തങ്ങളും മുസ്ലിം ലീഗ് പ്രവർത്തകരും നാട്ടുകാരും ഒരുമിച്ചപ്പോള്‍ കണ്ടുനിന്നവരുടെ കണ്ണ് നിറഞ്ഞു.

പല കാരണങ്ങളാല്‍ ഒറ്റപ്പെട്ട് പോവുന്ന സ്ത്രീകളെയും പെൺകുട്ടികളെയും താമസിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് എം ഇ ട്രസ്റ്റിന് കീഴിലുള്ള റോസ് മനാർ. ഇവിടത്തെ അന്തേവാസികൾക്ക് കഴിഞ്ഞ ആറ് വർഷമായി ഭക്ഷണം നൽകി വരുന്നത് വേങ്ങര പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്യത്വത്തിലാണ്.

സ്വന്തക്കാരുമില്ലാത്തെ ഇവിടത്തെ പെൺകുട്ടികളുടെ വിവാഹങ്ങൾ നാട്ടുകാർ ഏറ്റെടുത്ത് നടത്താറാണ് പതിവ്. വാർഡ് മുസ്ലിം ലീഗ് പ്രവർത്തകർ കല്യാണകത്ത് അടിച്ച് ക്ഷണിക്കുന്ന പരിപാടിയിൽ ജാതി – മത- രാഷ്ട്രീയ ഭേദ്യ മെന്നെ മുഴുവൻ ആളുകളും പങ്കെടുത്ത് വിപുലമായ രീതിയിലാണ് ആഘോഷിക്കാറ്. ഓരോ കല്യാണങ്ങളും നാടിന്‍റെ ആഘോഷമായി മാറുന്ന കാഴ്ച്ചയാണ് കണ്ട് വരുന്നത്. ഇതിന് മുൻപ് 2017 ലും കഴിഞ്ഞ വർഷവും സമാന രീതിയിൽ കല്യാണം സംഘടിപ്പിച്ചിരുന്നു.

ഗീതയും വിഷ്ണുവും തമ്മിലുള്ള വിവാഹത്തിനും എല്ലാ ഒരുക്കങ്ങളും സജ്ജമാക്കിയത് ലീഗിന്‍റെ നേതൃത്വത്തിലാണ്. വർഷങ്ങൾക് മുമ്പ് അമ്മയോടും സഹോദരിയോടുമൊപ്പം റോസ് മനാറിലെത്തിയ ഗീതയുടെ കല്യാണം ആലോചിച്ചതും, തീരുമാനിച്ചതും, നടത്തിയതുമൊക്കെ വേങ്ങര മനാട്ടിപ്പറമ്പിലെ മുസ്ലിം ലീഗ് പ്രവർത്തകരാണ്. വേങ്ങര ശ്രീ അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്ര മുറ്റത്ത് നടന്ന വിവാഹ ചടങ്ങിൽ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, സി.പി.എം മലപ്പുറം ജില്ല സെക്രട്ടറി ഇ.എം മോഹൻദാസ്, മലപ്പുറം ജില്ല കോൺഗ്രസ് പ്രസിഡണ്ട് വി.എസ് ജോയി എന്നിവർ വിവാഹ ചടങ്ങിനെത്തി.

ക്ഷേത്രപൂജാരി ആനന്ദ് നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് വിവാഹ ചടങ്ങ് നടന്നത്. പ്രദേശിക രാഷ്ട്രീയ പാർട്ടി നേതാക്കളും മഹല്ല് ഭാരവാഹികളും അമ്പല കമിറ്റി ഭാരവാഹികളു നാട്ടുകാരും പങ്കെടുത്തു. തുടർന്ന് നടത്തുന്ന വിവാഹ സൽക്കാരത്തിന് വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കി.

വിവാഹത്തെ കുറിച്ച് പികെ കുഞ്ഞാലികുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ജീവിതത്തിലെ ധന്യമായ ദിവസങ്ങളിൽ ഒന്നാണിന്ന്. ഇന്ന് വേങ്ങര ശ്രീ അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്ര മുറ്റത്ത് വേങ്ങര മനാട്ടിപ്പറമ്പ് റോസ് മനാർ അഗതി മന്ദിരത്തിലെ സഹോദരി ഗീതയുടെ കല്യാണ ചടങ്ങുകൾക്ക് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളോടൊപ്പം സാക്ഷ്യം വഹിക്കുമ്പോ മനസ്സ് നിറഞ്ഞ ചാരിതാർത്ഥ്യമായിരുന്നു.

വർഷങ്ങൾക് മുൻപ് അമ്മയോടും സഹോദരിയോടുമൊപ്പം റോസ് മനാറിലെത്തിയ ഗീതയുടെ കല്യാണം ആലോചിച്ചതും, തീരുമാനിച്ചതും, നടത്തിയതുമൊക്കെ വേങ്ങര മനാട്ടിപ്പറമ്പിലെ മുസ്ലിം ലീഗ് പ്രവർത്തകർ. പന്തലുയർന്നത് ശ്രീ അമ്മാഞ്ചേരി കാവ് ഭഗവതി ക്ഷേത്ര മുറ്റത്ത്. ക്ഷേത്ര കമ്മിറ്റി എല്ലാത്തിനും കൂടെ നിന്നു. സ്നേഹവും പിന്തുണയുമായി നാടും നാട്ടുകാരും കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ചേർന്ന് നിന്നപ്പോൾ സൗഹാർദ്ധത്തിന്റെയും നന്മയുടെയും മനോഹരമായ ആവിഷ്കാരമായി അത് മാറി.

എന്റെ നാടിന്റെ ഒരുമയുടെയും, കലർപ്പില്ലാത്ത സൗഹൃദത്തിന്റെയും സാക്ഷ്യപെടുത്തലിന്റെ മനോഹ ചിത്രങ്ങളായിരുന്നു ഇന്ന് ആ ക്ഷേത്ര മുറ്റത്ത് നിറഞ്ഞു കണ്ടത്. ഇത് മാതൃകയാക്കേണ്ട വലിയൊരു സന്ദേശമാണ്. വൈവാഹിക ജീവിതത്തിലേക്ക് പുതു ചുവട് വെക്കുന്ന വിഷ്ണുവിനും ഗീതക്കും മംഗളാശംസകൾ.

Advertisement