ഒട്ടേറെ ശ്രദ്ധേയ സിനിമകളിലൂടെ മലയാളി പ്രേക്ഷക മനസ്സിൽ ഇടം കണ്ടെത്തിയ നടിയാണ് സിത്താര. മഴവിൽക്കാവടി, വചനം, ഗുരു, ചമയം തുടങ്ങിയ സിനിമകളിൽ സിത്താരയ്ക്ക് മികച്ച വേഷങ്ങൾ ലഭിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും മികച്ച കഥാപാത്രങ്ങൾ ലഭിച്ചു. തമിഴിൽ സൂപ്പർസ്റ്റാർ രജിനികാന്തിനൊപ്പം പടയപ്പ എന്ന സിനിമയിൽ അഭിനയിക്കാനും സിത്താരയ്ക്ക് കഴിഞ്ഞു. കരിയറിൽ ചില പാളിച്ചകളും സിത്താരയ്ക്ക് സംഭവിച്ചു. മുൻനിര നായികയായി ഏറെനാൾ തുടരാൻ സിത്താരയ്ക്ക് കഴിഞ്ഞില്ല.
കുറച്ച് കാലം സിനിമകളിൽ നിന്ന് മാറി നിൽക്കുകയും ചെയ്തു. ഇടയ്ക്ക് ചില സീരിയലുകളിലും താരം വേഷമിട്ടു. വേണ്ടത്ര പ്ലാനിംഗ് സിത്താരയുടെ കരിയർ ഗ്രാഫിന് ഇല്ലായിരുന്നെന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. മറുഭാഷകളിൽ അഭിനയിക്കുന്നുണ്ടെങ്കിലും മലയാള സിനിമയിൽ നിന്ന് താരം ഏറെനാളായി മാറിനിൽക്കുന്നു. 2015 ൽ പുറത്തിറങ്ങിയ സൈഗാൾ പാടുകയാണ് എന്ന സിനിമയിലാണ് സിത്താര അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.
വർഷങ്ങളായി സിനിമാ
രംഗത്തുള്ള സിത്താര വ്യക്തി ജീവിതത്തിൽ വളരെയധികം സ്വകാര്യത പുലർത്തുന്നു. പ്രായം അമ്പത് പിന്നിട്ടിട്ടും വിവാഹത്തെക്കുറിച്ച് സിത്താര ചിന്തിച്ചിട്ടില്ല. എന്തുകൊണ്ടാണ് വിവാഹിതയാകാത്തതെന്ന ചോദ്യം സിത്താരയ്ക്ക് നേരിടണ്ടി വരാറുണ്ട്. മുമ്പൊരിക്കൽ വിവാഹത്തിന് തയ്യാറാകാത്തതിന്റെ കാരണം നടി തുറന്ന് പറഞ്ഞിട്ടുണ്ട്.
വിവാഹത്തോട് ചെറുപ്പം മുതലേ താൽപര്യം ഇല്ലായിരുന്നെന്ന് സിത്താര അന്ന് വ്യക്തമാക്കി. ജീവിതത്തിൽ അച്ഛന് വലിയ സ്ഥാനം ഉണ്ടായിരുന്നു. അച്ഛന്റെ അപ്രതീക്ഷിത മരണം എന്നെ തളർത്തി. അതിന് ശേഷം വിവാഹത്തോട് താൽപര്യം തോന്നിയിട്ടില്ല. ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിച്ചെന്നും അന്ന് സിത്താര തുറന്ന് പറഞ്ഞു. പതുക്കെ പതുക്കെ ഒറ്റയ്ക്കുള്ള ജീവിതവുമായി പൊരുത്തപ്പെട്ടു. മുമ്പ് പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ വിവാഹം കഴിക്കാത്തതിന് കാരണം അതല്ലെന്നും സിത്താര തുറന്ന് പറഞ്ഞു.
പരമേശ്വരൻ നായർ എന്നാണ് സിത്താരയുടെ അച്ഛന്റെ പേര്. ഇലക്ട്രിസിറ്റി ബോർഡിലെ എഞ്ചിനീയർ ആയിരുന്നു സിത്താരയുടെ പിതാവ്. അമ്മ വത്സല നായരും ഇല്ക്ട്രിസിറ്റി ബോർഡ് ഓഫീസറായിരുന്നു. പ്രതീഷ്, അഭിലാഷ് എന്നീ രണ്ട് സഹോദരങ്ങളും സിത്താരയ്ക്കുണ്ട്.
സിനിമാ രംഗത്ത് അവിവാഹിതരായി തുടരുന്ന നടൻമാർ വിരളമാണെങ്കിലും നടിമാർ നിരവധിയാണ്. തബു, സുസ്മിത സെൻ, അനുഷ്ക ഷെട്ടി, തൃഷ, ശോഭന തുടങ്ങിയ നടിമാരാെന്നും വിവാഹിതരല്ല. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളും ഇവർ ഇഷ്ടപ്പെടുന്നില്ല. പ്രിയ നായികമാരുടെ വിവാഹം പക്ഷെ ആരാധകർക്ക് എന്നും ചർച്ചാ വിഷയമാണ്. 51 കാരിയാണ് തബു. വിവാഹം കഴിക്കാൻ സമ്മർദ്ദം ഉണ്ടായിരുന്നെങ്കിലും താൻ സിംഗിൾ ജീവിതം തെരഞ്ഞെടുക്കുകയായിരുന്നെന്നാണ് മുമ്പൊരിക്കൽ തബു പറഞ്ഞത്.
രണ്ട് തവണ വിവാഹത്തിന് മുതിർന്നെങ്കിലും അവസാന നിമിഷം വേണ്ടെന്ന് വെച്ചെന്ന് സുസ്മിത സെൻ നേരത്തെ പറഞ്ഞിട്ടുണ്ട്. 47 കാരിയായ സുസ്മിത വിവാഹം ചെയ്തില്ലെങ്കിലും ദത്തെടുക്കലിലൂടെ രണ്ട് കുട്ടികളുടെ അമ്മയായി. 40 വയസ് പൂർത്തിയായ തൃഷയും വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് നടി വിവാഹത്തിന് തയ്യാറായിരുന്നു.
വിവാഹനിശ്ചയവും കഴിഞ്ഞു. എന്നാൽ ഈ ബന്ധം വേണ്ടെന്ന് തൃഷയും വരൻ വരുൺ മന്യനും തീരുമാനിച്ചു. വിവാഹം ചെയ്ത് പിന്നീട് വേർപിരിയാൻ താൽപര്യമില്ലെന്നാണ് തൃഷ മുമ്പൊരിക്കൽ വ്യക്തമാക്കിയത്. നടൻമാരിൽ അക്ഷയ് ഖന്ന, രൺദീപ് ഹൂഡ തുടങ്ങിയവർ വിവാഹത്തിന് തയ്യാറായിട്ടില്ല.