കൊല്ലം . ലോകസിനിമയില്‍ മലയാളത്തിന് ഇരിപ്പിടം വാങ്ങി നല്‍കിയ നിര്‍മ്മാതാവും വ്യവസായിയുമായ കെ രവീന്ദ്രൻനാഥൻ നായരെന്ന അച്ചാണി രവീയ്ക്ക് വിട ചൊല്ലി ജന്മനാടും സാംസ്കാരിക കേരളവും. കൊല്ലം പബ്ലിക് ലൈബ്രറി വളപ്പിൽ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്കാരം.
മലയാളത്തിന് ഒരുപിടി അമൂല്യ ചിത്രങ്ങളെ സംഭാവന കെ രവീന്ദ്രൻനാഥൻ നായർക്ക് ഇനി കൊല്ലം പബ്ലിക്ക് ലൈബ്രറിയുടെ തിരുമുറ്റത്ത് അന്ത്യ വിശ്രമം. ആറ് പതിറ്റാണ്ട് സാസ്കാരിക സാമൂഹിക വ്യവസായ രംഗത്ത് നിറഞ്ഞു നിന്ന പ്രതിഭയാണ് ഓർമ്മയായത് .ഇന്നലെ മുതൽ വീട്ടിലും പബ്ലിക് ലൈബ്രറി ഹാളിലും പൊതുദർശനത്തിനെത്തിയവരുടെ ബാഹുല്യം മാത്രം മതി കൊല്ലക്കാർക്ക് അവരുടെ രവി മുതലാളി ആരെന്ന് മനസിലാക്കാൻ. സംസ്ഥാന സർക്കാരിനു വേണ്ടി സാംസ്കാരിക മന്ത്രി സജി ചെറിയാൻ അന്തിമോപചാരണം അർപ്പിച്ചു. രവിയുടെ കലാസപര്യക്ക് കൂട്ടായ അടൂരിന്‍റെ സ്നേഹാദരവ് വികാര സാന്ദ്രമായി.
അന്വേഷിച്ചു കണ്ടെത്തിയില്ലെന്ന ജനറൽ പിക്ച്ചേഴ്സിൻ്റെ ആദ്യ ചിത്രം മുതൽ അച്ചാണിയും തമ്പും എസ്തപ്പാനും വിധേയനും, കുമ്മാട്ടിയും, കാഞ്ചനസീതയും ,മഞ്ഞും,എലിപ്പത്തായവും തുടങ്ങിലോകനിലവാരത്തിലുള്ള 14 സിനിമകളുടെ നിർമ്മാതാവ്. ആകെ നിർമിച്ച 14 സിനിമകളിൽ നിന്ന് 18 ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ. അങ്ങനെ തൊട്ടെതെല്ലാം പൊന്നാക്കിയ കലാസ്നേഹി.
കൊല്ലക്കാർക്ക് അച്ചാണി രവി ,രവി മുതലാളിയായിരുന്നു.കശുവണ്ടി വ്യവസായത്തിൽ തുടങ്ങി വിവിധ ഇടങ്ങളിലായി അര ലക്ഷത്തോളം വരുന്ന തൊഴിലാളികൾ. 115 ശാഖകളായി പന്തലിച്ച വിജയലക്ഷ്മി കാഷ്യുസിൻ്റെ അമരത്തും രവി മുതലാളിയായിരുന്നു.പബ്ലിക് ലൈബ്രറി, ചിൽഡ്രൻസ് ലൈബ്രറി, സോപാനം ഹാൾ, ആർട്ട് ഗാലറി , ജവഹർ ബാലഭവൻ …. നിർമിതികൾ ഒരുപാടുണ്ട് കൊല്ലത്ത് അച്ചാണി രവിയുടെ സാംസ്ക്കാരിക മനസിൻ്റെ പ്രതീകങ്ങളായി. കലയെയും വ്യവസായത്തെയും ജീവിതത്തിന്‍റെ തേരില്‍ ഒരുമിച്ചു പൂട്ടിയ വിജയയാത്രയായിരുന്നു അദ്ദേഹത്തിന്‍റേത് അത് ധന്യസ്മരണയായി മലയാളത്തില്‍ എന്നുമുണ്ടാകും