ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിനിടയാക്കും; വൈറൽ പനിയുൾപ്പെടെ മറ്റ് രോഗങ്ങൾക്കെതിരെയും ജാഗ്രത വേണം

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിനിടയാക്കുമെന്നതിനാൽ കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വീടും സ്ഥാപനങ്ങളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണം. ജൂലൈ മാസത്തിൽ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ വിലയിരുത്തിയിരുന്നു. ഇതനുസരിച്ച് ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. തുടർച്ചയായി പെയ്തിരുന്ന മഴ ഇടവിട്ടുള്ള മഴയായി മാറുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്കെതിരായ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.

വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം. പ്രവർത്തനങ്ങൾ ഇടയ്ക്കിടയ്ക്ക് താലൂക്ക് തലത്തിൽ വിലയിരുത്താൻ നേരത്തെ മന്ത്രിതല യോഗത്തിൽ തീരുമാനമെടുത്തിരുന്നു. അത് തുടരേണ്ടതാണ്. എല്ലാ വാർഡുകളിലെയും ജാഗ്രതാ സമിതികൾ കൃത്യമായി പ്രവർത്തിക്കണം. ജെ.എച്ച്.ഐ.മാരും, ജെ.പി.എച്ച്.എൻ.മാരും., എം.എൽ.എസ്.പി.മാരും ആശാവർക്കർമാരും ഫീൽഡുതല പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുകയും സൂപ്പർവൈസർമാർ മോണിറ്ററിങ് കൃത്യമായി ചെയ്യുകയും വേണം. ആശ വർക്കർമാർക്ക് കരുതൽ ഡ്രഗ് കിറ്റ് അനുവദിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ പകർച്ചവ്യാധികൾ വ്യാപിക്കാതിരിക്കാൻ കുടിവെള്ളം, ശുചിത്വം, ഡോക്‌സിസൈക്ലിൻ പ്രതിരോധം, കൊതുകു നശീകരണ പ്രവർത്തനങ്ങൾ ഇവ പ്രത്യേകം ശ്രദ്ധിക്കണം.

വെള്ളക്കെട്ടുള്ളതിനാലും ഓടകളും മറ്റും നിറഞ്ഞൊഴുകാനുള്ള സാധ്യതയുള്ളതിനാലും എലിപ്പനി പ്രതിരോധവും പ്രധാനമാണ്. തൊഴിലുറപ്പ് തൊഴിലാളികൾ, ക്ഷീര കർഷകർ, സന്നദ്ധ, രക്ഷാ പ്രവർത്തകർ എന്നിവർ ശ്രദ്ധിക്കണം. വെള്ളപ്പൊക്കവും മഴക്കെടുതികളും റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവർത്തകരും ശ്രദ്ധിക്കേണ്ടതാണ്. മലിനമാകാൻ സാധ്യതയുള്ള ജല സ്രോതസുമായോ വെള്ളക്കെട്ടുമായോ, അല്ലെങ്കിൽ മൃഗങ്ങളുടെ വിസർജ്യവുമായോ സമ്പർക്കമുണ്ടായാൽ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കേണ്ടതാണ്. കൈയ്യുറയും കാലുറയും ഇല്ലാതെ മണ്ണിലോ വെള്ളത്തിലോ ജോലിക്കിറങ്ങരുത്. പൊതു ജനങ്ങളും മഴക്കാലത്ത് സുരക്ഷിതമായ പാദരക്ഷകൾ ഉപയോഗിക്കണം. കൈകാലുകളിൽ മുറിവുകളുള്ളവർ ഒരു കാരണവശാലും അത് മലിനജലവുമായി സമ്പർക്കത്തിൽ വരാതെ സൂക്ഷിക്കണം.

വയറിളക്ക രോഗമുണ്ടാകാൻ സാധ്യതയുള്ളതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറുകൾ എല്ലാം ബ്ലീച്ചിങ് പൗഡർ ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കണം. ഇൻഫ്ളുവൻസ വൈറസ് ബാധ പടരാതിരിക്കാൻ ശ്രദ്ധിക്കണം. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, മറ്റ് രോഗങ്ങളുള്ളവർ തുടങ്ങിയവർ മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. പനിയുള്ള സമയത്ത് കുട്ടികളെ സ്‌കൂളിൽ വിടരുത്. മുതിർന്നവർക്കാണെങ്കിലും പനിയുള്ള സമയത്ത് പൊതു സമൂഹത്തിൽ ഇടപെടാതിരിക്കുന്നത് രോഗപ്പകർച്ച കുറയ്ക്കാൻ സഹായിക്കും. പനി ബാധിച്ചാൽ സ്വയം ഗുളിക വാങ്ങിക്കഴിക്കാതെ ആശുപത്രിയിൽ ചികിത്സ തേടേണ്ടതാണ്.

Advertisement