മുഖ്യമന്ത്രിയുടെ ദുരതാശ്വാസനിധി വകമാറ്റിയെന്ന കേസില്‍ പരാതിക്കാരന് ലോകായുക്തയുടെ വിമര്‍ശനവും പരിഹാസവും

Advertisement

തിരുവനന്തപുരം.മുഖ്യമന്ത്രിയുടെ ദുരതാശ്വാസനിധി വകമാറ്റിയെന്ന കേസില്‍ പരാതിക്കാരന് ലോകായുക്തയുടെ വിമര്‍ശനവും പരിഹാസവും. ഇതൊന്ന് തലയില്‍ നിന്ന് പോയിക്കിട്ടിയാല്‍ അത്രയും സന്തോഷമെന്ന് ലോകായുക്ത. തങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നതെന്തിനെന്നായിരുന്നു ഉപലോകായുക്തയുടെ പരാമര്‍ശം. കേസ് മാറ്റിവയ്ക്കണമെന്ന പരാതിക്കാരന്‍ ആര്‍.എസ്.ശശികുമാറിന്റെ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ലോകായുക്തയുടെ വിമര്‍ശനം

മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധി വകമാറ്റിയെതന്ന കേസ് ലോകായുക്ത ഇന്ന് പരിഗണിക്കുമ്പോഴാണ് കേസ് മാറ്റിവയ്ക്കണമെന്ന് പരാതിക്കാരനായ ആര്‍.എസ്.ശശികുമാര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നായിരുന്നു ലോകായുക്തയുടെ വിമര്‍ശനം. കേസ് മാറ്റിവയ്ക്കണമെന്ന് ഇടക്കിടെ ആവശ്യപ്പെടുന്നത് നല്ലതാണെന്ന് ലോകായുക്ത പറഞ്ഞു. ഇടയ്ക്കിടെ പത്രവാര്‍ത്ത വരുമല്ലോ എന്നായിരുന്നു ലോകായുക്തയുടെ പരിഹാസം. തങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്ന് ഉപലോകായുക്ത ചോദിച്ചു. ഒന്നുകില്‍ ഹൈക്കോടതിയില്‍ നിന്നും സറ്റേ വാങ്ങാനും എത്ര ദിവസമായി ഇതിനായി ഫുള്‍ബഞ്ച് ചേരുന്നുവെന്നും ലോകായുക്ത പറഞ്ഞു. ഇതൊന്ന് തലയില്‍ നിന്നും പോയിക്കിട്ടിയാല്‍ അത്രയും സന്തോഷമെന്നായിരുന്നു ലോകായുക്തയുടെ പരാമര്‍ശം. കേസ് പരിഗണിക്കുന്നത് ഈ മാസം 20ലേക്ക് മാറ്റി. കേസിന്റെ സാധ്യത സംബന്ധിച്ച് ലോകായുക്ത ഫുള്‍ബഞ്ചിന് വിട്ട നടപടി ചോദ്യം ചെയ്താണ് ആര്‍.എസ്.ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയില്‍ തീര്‍പ്പാകാത്തതിനെ തുടര്‍ന്നാണ് കേസ് മാറ്റിവയ്ക്കാന്‍ ലോകായുക്തയില്‍ അപേക്ഷ നല്‍കിയത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ് എന്നിവരടങ്ങുന്ന ഫുള്‍ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്.