പൂർവ്വ വിദ്യാർഥി സംഗമത്തിനിടെ സ്വർണ്ണ ചെയിൻ കാണാതായി; 3 മാസത്തിന് ശേഷം കിട്ടി, 10-ാം ക്ലാസുകാരന്‍റെ സത്യസന്ധത

Advertisement

തിരുന്നാവായ: സ്കൂളിൽ നിന്ന് കളഞ്ഞുകിട്ടിയ സ്വർണ്ണ കൈ ചെയിൻ അധ്യാപകരെ ഏൽപ്പിച്ച് മാതൃതകയായി പത്താം ക്ലാസുകാരൻ. മലപ്പുറം ജില്ലയിലെ തിരുന്നാവായയിൽ പൂളമംഗലം സൈനുദ്ദീൻ മെമ്മോറിയൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ബിഷ്‌റുൽ ഹാഫിക്കിനാണ് കഴിഞ്ഞ ദിവസം സ്‌കൂൾ ഗ്രൗണ്ടിൽ നിന്ന് ആഭരണം വീണുകിട്ടിയത്. ബിഷ്‌റുൽ ഉടൻ തന്നെ ആഭരണം പ്രഥമ അധ്യാപികയെ ഏൽപ്പിക്കുകയായിരുന്നു.

കരേക്കാട് സ്വദേശി റംലയുടെ സ്വർണ്ണാഭരണമാണ് മാസങ്ങള്‍ക്ക് ശേഷം തിരികെ ലഭിച്ചത്. പൂളമംഗലം സൈനുദ്ദീൻ മെമ്മോറിയൽ സ്‌കൂളിൽ നടന്ന പൂർവ വിദ്യാർഥി സംഗമത്തിലെത്തിയതായിരുന്നു ഇവർ. പരിപാടിക്കിടെ കൈയിൽ അണിഞ്ഞിരുന്ന മുക്കാൽ പവനോളം തൂക്കമുള്ള ആഭരണം സ്‌കൂളിൽ വീണുപോയതായിരുന്നു. സ്കൂളിൽ തന്നെയാണ് ആഭരണം നഷ്ടപ്പെട്ടതെന്ന് റംലയ്ക്ക് ഉറപ്പുണ്ടായിരുന്നു. അന്ന് മുതൽ പല ദിവസങ്ങളിലായി സ്‌കൂൾ മൊത്തം അരിച്ചുപെറുക്കിയെങ്കിലും സ്വർണ്ണ ചെയിൻ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

ഒടുവിൽ സംഭവം നടന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥി ബിഷ്‌റുൽ ഹാഫിക്കിന് ആഭരണം ലഭിക്കുന്നത്. കഴിഞ്ഞ ദിവസം സ്‌കൂൾ ഗ്രൗണ്ടിൽ നിന്നാണ് സ്വർണ്ണ കൈ ചെയിൻ വീണുകിട്ടിയത്. ഉടൻ തന്നെ കുട്ടി പ്രഥമാധ്യാപിക വി.ആർ. പുഷ്പലതയെ സ്വർണ്ണ ചെയിൻ ഏൽപ്പിച്ചു. കഴിഞ്ഞ മാർച്ച് അഞ്ചിന് നടന്ന പൂർവസംഗമത്തിനെത്തിയ റംലയെ ബന്ധപ്പെട്ടപ്പോൾ ആഭരണം അവരുടേതാണെന്ന് ഉറപ്പാക്കുകയും ചെയ്തു.

തുടർന്ന് സ്‌കൂളിൽ നടന്ന അസംബ്ലിയിൽ വെച്ച് ആഭരണം ഉടയ്ക്ക് കൈമാറി. വിദ്യാർഥിക്കുള്ള പാരിതോഷികമായിട്ടാണ് റംല സ്‌കൂളിലെത്തിയത്. സ്റ്റാഫ് സെക്രട്ടറി എ. ആബിദ, അനൂപ് ചാത്തീരത്ത്, അധ്യാപിക ജയശ്രീ എന്നിവർ പങ്കെടുത്തു. പത്താം ക്ലാസുകാരനെ അഭിനന്ദിച്ച റംലയും അധ്യാപകരും കുട്ടിയുടെ സത്യസന്ധതയെ എല്ലാവരും മാതൃകയാക്കണമെന്നും കൂട്ടിച്ചേർത്തു.

Advertisement