നെടുമങ്ങാട്. ജില്ലാ ആശുപത്രിയിൽ സൂപ്രണ്ടിനെ ഉപരോധിച്ച് ഡയാലിസിസ് രോഗികളുടെ ബന്ധുക്കൾ. ആശുപത്രിയിൽ ഡയാലിസിസുകളുടെ എണ്ണം കുറച്ചുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. യന്ത്രതകരാറാണ് നിയന്ത്രണത്തിന് കാരണമെന്ന് സൂപ്രണ്ട് അറിയിച്ചു.
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒരുദിവസം 24 രോഗികളെയാണ് ഡയാലിസിസ് ചെയ്തിരുന്നത്. ഇത് 8 ആക്കി കുറച്ചതാണ് പ്രതിഷേധത്തിന് കാരണം. ഡയാലിസിസ് ചെയ്യാൻ ആംബുലൻസ് വിളിച്ചും മറ്റും ദൂരെ നിന്നും രോഗികൾ എത്തിയിരുന്നു. ഇവരോട് 35 കിലോമീറ്റർ അകലെയുള്ള നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പോകാനായിരുന്നു ആശുപത്രി അധികൃതരുടെ നിർദേശം. പ്രശ്നപരിഹാരം ആവശ്യപ്പെട്ടാണ് രോഗികൾക്ക് ഒപ്പം വന്നവർ സൂപ്രണ്ടിനെ തടഞ്ഞത്.
ഡയാലിസ് ഉപകരണത്തിലെ സാങ്കേതിക തകരാറാണ് പ്രശ്നത്തിന് കാരണമെന്ന് സൂപ്രണ്ട് അറിയിച്ചു.
പ്രശ്നം വേഗത്തിൽ പരിഹരിക്കാമെന്നും ആവശ്യമെങ്കിൽ രോഗികൾക്ക് ആംബുലൻസ് സർവീസ് ഏർപ്പെടുത്താമെന്നും അറിയിച്ചതിനെ തുടർന്ന് പ്രതിഷേധക്കാർ പിരിഞ്ഞുപോയി.