തിരുവനന്തപുരം. മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ട് ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്ന് പേരെ കാണാതാവുംകയും ചെയ്ത സംഭവ സ്ഥലത്ത് മന്ത്രിമാര്‍ നടത്തിയ സന്ദര്‍ശനം സംഘര്‍ഷവും വിവാദവുമായി.
ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് പുതുക്കുറിച്ചി സ്വദേശി ആൻറണി ലോപ്പസിന്റെ പരലോകമാത എന്ന ബോട്ട് അപകടത്തിൽപ്പെടുന്നത്. ബോട്ടിൽ ഉണ്ടായിരുന്ന നാലു പേരും കടലിലേക്ക് വീണു. തുടർന്ന് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനത്തിനിടെ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനെ കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിജു സ്റ്റീഫൻ ബിജു ആന്റണി റോബിൻ എന്നിവർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്
കാണാതായവർക്കായുളള തിരച്ചിൽ പുരോഗമിക്കുന്നതിനിടെ അപകടം നടന്ന സ്ഥലം സന്ദർശിക്കാൻ എത്തിയ മന്ത്രിമാരായ വി ശിവൻകുട്ടി, ആൻറണി രാജു, ജി ആർ അനിൽ എന്നിവരെ മത്സ്യത്തൊഴിലാളികൾ തടഞ്ഞു രക്ഷാപ്രവര്‍ത്തനം വൈകിയെന്നാരോപിച്ചായിരുന്നു സംഘര്‍ഷം. ഇതിനിടെ ഷോ കാണിക്കരുതെന്ന് മന്ത്രിമാര്‍ ബഹളമുണ്ടാക്കിയവരോട് പറഞ്ഞത് വലിയ ഒച്ചപ്പാടായി. ബഹളം വര്‍ദ്ധിച്ചതോടെ മന്ത്രിമാര്‍ക്ക് പെട്ടെന്ന് മടങ്ങേണ്ടതായി വന്നു.
മുതലപ്പൊഴിയിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടത്തിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികൾ പുതുക്കുറിച്ചിയിൽ റോഡ് ഉപരോധിച്ചു.
അതേ സമയം മന്ത്രിമാരെത്തിയത് മത്സ്യത്തൊഴിലാളികളുടെ കണ്ണിൽ പൊടിയിടാൻ ആണെന്നും സിപിഎം നേതാക്കളുടെ സംരക്ഷണ വലയത്തിലാണ് അവർ എത്തിയതെന്നും യുജിൻ പെരേര ആരോപിച്ചു. തങ്ങളെ തടയാൻ ആഹ്വാനം ചെയ്തത് ഫാദർ യൂജിൻ പെരേരയെന്ന് എന്ന മന്ത്രിമാർ അറിയിച്ചു.
വിഴിഞ്ഞം സമരം നിർത്തി വെക്കേണ്ടി വന്ന പ്രതികാരമാണ് യൂജിൻ പെരേര ഇന്ന് മന്ത്രിമാരോട് കാണിച്ചതെന്ന് വി ശിവൻകുട്ടി പ്രതികരിച്ചു.
മുതലപ്പൊഴിയിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടത്തിൽ പ്രതിഷേധിച്ച് പെരുമാതുറ മുതലപ്പൊഴി പാലവും പുതുക്കുറിച്ചി റോഡും മത്സ്യത്തൊഴിലാളികൾ ഉപരോധിച്ചു. അതേ സമയം അപകടത്തിൽ മരിച്ച കുഞ്ഞുമോന്റെ സംസ്കാര ചടങ്ങുകൾ പുതുക്കുറിച്ചി സെൻറ് മൈക്കിൾസ് ചർച്ചിൽ നടന്നു