ഉത്തരവുകളുും സര്‍ക്കുലറുകളും മലയാളത്തിലാകണം, ചീഫ് സെക്രട്ടറിയുടെ കര്‍ശന നിര്‍ദ്ദേശം

Advertisement

തിരുവനന്തപുരം .അഞ്ചുവര്‍ഷത്തിനുശേഷം ഒടുവില്‍ കര്‍ശന നിര്‍ദ്ദേശം, സര്‍ക്കാര്‍ വകുപ്പുകളുടേയും സ്ഥാപനങ്ങളുടേയും ഉത്തരവുകളുും സര്‍ക്കുലറുകളും മലയാളത്തിലാകണമെന്ന് ചീഫ് സെക്രട്ടറിയുടെ കര്‍ശന നിര്‍ദ്ദേശം. മന്ത്രിസഭായോഗത്തിലെ തീരുമാനങ്ങളില്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളില്‍ പോലും ഇതു പാലിക്കപ്പെടുന്നില്ല. ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ.വി.വേണു വകുപ്പുമേധാവികള്‍ക്ക് സര്‍ക്കുലര്‍ നല്‍കി.

2017ലാണ് സര്‍ക്കാര്‍ ഉത്തരവുകളും സര്‍ക്കുലറുകളും കത്തിടപാടുകളും മലയാളത്തിലാക്കണമെന്ന് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്. എന്നാല്‍ അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഇതു പുര്‍ണമായും പാലിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ കഴിഞ്ഞിട്ടില്ല. ഈ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നാണ് ചീഫ് സെക്രട്ടറി ഡോ.വി.വേണു നിര്‍ദ്ദേശിച്ചത്. നിയമപരമായി ഇംഗ്‌ളീഷും ന്യൂനപക്ഷ ഭാഷകളും ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുള്ള പ്രത്യേകം സാഹചര്യം ഒഴികെ മലയാളം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും.

മന്ത്രിസഭാ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ പോലും മലയാളത്തിലാകുന്നില്ല. ഇതു സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിനെതിരാണെന്നും ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറില്‍ പറയുന്നു. ധനകാര്യം, നിയമം എന്നീ വകുപ്പുകളും ഈ നിര്‍ദ്ദേശം പാലിക്കണം. ഇതു ഉറപ്പുവരുത്തേണ്ട ചുമതല വകുപ്പ് സെക്രട്ടറിമാര്‍ക്കായിരിക്കും. ഓരോ മാസവും ചേരുന്ന സെക്രട്ടറിമാരുടെ യോഗത്തില്‍ ഇതു വിലയിരുത്തുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Advertisement