തിരുവനന്തപുരം: വെങ്ങാനൂരിൽ ജീവിതം ആരംഭിച്ച ഒറ്റമുറി ചായ്പ്പിൽ ഒടുവിൽ മഹാരാജന് അന്ത്യവിശ്രമം. വിഴിഞ്ഞത്തിന് സമീപം മുക്കോലയിൽ കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് കിണറ്റിലകപ്പെട്ട് മരിച്ച മഹാരാജൻറെ മൃതദേഹം സംസ്കരിക്കാൻ വീട്ടുവളപ്പിൽ സ്ഥലമില്ലാതെ വന്നതോടെയാണ് മഹാരാജൻ നേരത്തെ താമസിച്ച ഒറ്റമുറി ചായ്പ്പിൽ തന്നെ അന്ത്യവിശ്രമം ഒരുക്കാൻ ബന്ധുക്കൾ തീരുമാനിച്ചത്.
മൂന്ന് ദിവസത്തെ ഭഗീരഥ ശ്രമത്തിനൊടുവിലാണ് ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് വെങ്ങാനൂർ നീല കേശി റോഡ് നെല്ലിത്തറ വീട്ടിൽ മഹാരാജൻ (55) ന്റെ മൃതദേഹം പുറത്തെടുത്തത്. തൊണ്ണൂറടി താഴ്ചയുള്ള കിണറിന്റെ അടിത്തട്ടിൽ മണ്ണ് മൂടി ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. ഭാര്യ സെൽവി, മക്കൾ സബിത, ബബിത എന്നിവരടങ്ങുന്ന കുടുംബത്തിൻ്റെ താങ്ങായിരുന്നു മരിച്ച മഹാരാജൻ.
22 വർഷം മുൻപ് കേരളത്തിൽ എത്തിയശേഷം ഏറെക്കാലം കുടുംബവും ഒത്ത് താമസിച്ച ഒറ്റമുറി ചായ്‌പ്പിൽ നിന്ന് അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറാൻ മഹാരാജന് കഴിഞ്ഞത് 2016 ലായിരുന്നു. കടുത്ത ദാരിദ്ര്യത്തിനിടയിലും കുടുംബത്തെ പട്ടിണി കിടത്താതെ പല ജോലികളും ചെയ്താണ് മഹാരാജൻ കുടുംബം പോറ്റിയത്. സർക്കാരിൻ്റെ ഭവന നിർമ്മാണ പദ്ധതിയിൽ നിന്ന് ലഭിച്ച രണ്ടുലക്ഷം രൂപയും കടംവാങ്ങിയ രണ്ടു ലക്ഷത്തോളം രൂപയും കൊണ്ട് ആണ് വീട് പണി നടത്തിയത്. ഇതിന് പുറമെ 2016 ആഗസ്റ്റ് മാസം മഹാരാജൻ രണ്ടുലക്ഷം രൂപ വായ്പയെടുത്തിരുന്നു. മുക്കോലയിൽ തട്ടുകട നടത്തി വന്നിരുന്ന മഹാരാജന് കൊവിഡോടെ ഇത് അടച്ചുപൂട്ടേണ്ടി വന്നിരുന്നു. തുടർന്ന് കക്കൂസ് മാലിന്യങ്ങൾ നീക്കുന്ന ജോലി ചെയ്തെങ്കിലും പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെ വന്നതോടെയാണ് കുടുംബത്തിന്റെ എതിർപ്പിനെ മറികടന്ന് ദുഷ്കരം നിറഞ്ഞ കിണർ പണിക്ക് മഹാരാജൻ ഇറങ്ങിയത്.
ഇതിനിടയിൽ എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് നോട്ടീസ് അയച്ചിരുന്നു. അഞ്ചു ദിവസം തുടർച്ചയായി പെയ്ത മഴയ്ക്ക് പിന്നാലെ ശനിയാഴ്ച രാവിലെ കിണർ പണിക്കുളള ഉപകരണങ്ങളുമായി പുറപ്പെടുമ്പോൾ വിലക്കിയെ ഭാര്യയോട് ഉച്ചയ്ക്ക് തിരിച്ചുവരുമെന്നായിരുന്നു പറഞ്ഞിരുന്നത്. അപകട വിവരം അറിഞ്ഞെങ്കിലും മണ്ണിനടിയിൽപ്പെട്ട് കിടക്കുന്ന മഹാരാജൻ ജീവനോടെ തിരികെ വരുമെന്ന് വീട്ടുകാർ ഏറെ പ്രതീക്ഷിച്ചിരുന്നു.