കൊച്ചി. ഇടത് എംഎൽഎ പി.വി.അൻവറും കുടുംബവും ഭൂപരിക്ഷ്കരണ നിയമം ലംഘിച്ച് കൈവശംവെച്ചിരിക്കുന്ന മിച്ചഭൂമി ഉടൻ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി. ഭൂമി തിരിച്ചുപിടിച്ച് ദിവസങ്ങള്‍ക്കകം റിപ്പോർട്ട് നൽകാനാണ് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഭൂമി തിരിച്ചുപിടിക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഇപ്പോൾ ഹൈക്കോടതി ഉടൻ നടപടിയെടുക്കാൻ നിർദേശം നൽകിയിരിക്കുന്നത്. വിശദീകരണം സമർപ്പിക്കാൻ പത്ത് ദിവസത്തെ സാവകാശം സർക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ചട്ടം ലംഘിച്ച് പി.വി അൻവർ എം.എൽ.എയുടെയും കുടുംബാംഗങ്ങളുടെയും കൈവശമുള്ള മിച്ചഭൂമി ആറുമാസത്തിനുള്ളിൽ തിരിച്ചുപിടിക്കാൻ ഹൈക്കോടതി 2020 മാർച്ച് 20-ന് ഉത്തരവിട്ടിരുന്നു. ഇതു നടപ്പാക്കിയില്ലെന്നാരോപിച്ച് നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ അഞ്ചുമാസത്തിനുള്ളിൽ മിച്ചഭൂമി തിരിച്ചുപിടിക്കാൻ 2022 ജനുവരിയിൽ ഉത്തരവിട്ടിരുന്നു. ഇതും പാലിച്ചില്ലെന്നാരോപിച്ചാണ് പരാതിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.