കോഴിക്കോട്: രാഷ്ട്രീയ സംഘടനകൾ ഏക സിവിൽ കോഡിനെ അന്ധമായി എതിർക്കുന്നതിൽ അർത്ഥമില്ലെന്ന് ഫോറം ഫോർ മുസ്ലീം വിമൺസ് ജൻഡർ ജസ്റ്റിസ്. മുസ്ലീം വ്യക്തി നിയമത്തിലെ പരിഷ്കാരങ്ങളാണ് ഈ സമയം ചർച്ച ചെയ്യപ്പെടേണ്ടത്. ഇടത് വലത് പാർട്ടികൾ യുസിസി വിഷയം വേണ്ടത്ര പക്വതയോടെയാണോ കൈകാര്യം ചെയ്യുന്നതെന്ന് ആശങ്കയുണ്ടെന്നും സംഘടന പ്രതിനിധിയും എഴുത്തുകാരിയുമായ ഡോ. ഖദീജ മുംതാസ് കോഴിക്കോട്ട് പറഞ്ഞു.
ഏക സിവിൽ കോഡിനെ വർഷങ്ങൾക്കു മുമ്പ് അനുകൂലിച്ചിരുന്നു. ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം അവരുടെ ന്യൂനപക്ഷങ്ങളോടുള്ള സമീപനവും ജനാധിപത്യ വിരുദ്ധതയും കണ്ടതിന് ശേഷം ഏക സിവിൽകോഡിന്റെ അപകടം മനസ്സിലാക്കിക്കൊണ്ട് അനുകൂലിക്കാത്ത ആളാണ്. അതിനെ എതിർത്ത് സംസാരിക്കുന്ന ആളുമാണ് ഞാൻ. പക്ഷേ മുസ്ലിം വ്യക്തി നിയമം പരിഷ്കരിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് സ്ത്രീ വിരുദ്ധമായ നിയമങ്ങൾ. ഒട്ടുമക്കാലും നിയമങ്ങൾ സ്ത്രീ വിരുദ്ധമാണ്. അവ പരിഷ്കരിക്കേണ്ട ആവശ്യമുണ്ട്. ഏക സിവിൽ കോഡിനെ കണ്ണടച്ച് വേണ്ട എന്ന് പറയുകയല്ല വേണ്ടതെന്നും ഖദീജ മുംതാസ് പറഞ്ഞു.
പ്രധാനമന്ത്രി സ്ത്രീകളുടെ വിഷയം വെച്ച് കൊണ്ട് ഏകസിവിൽകോഡിനെ കൊണ്ടുവരുമ്പോൾ അതേ വിഷയം വെച്ച് കൊണ്ട് രാഷ്ട്രീയ പാർട്ടികൾ പ്രതിരോധിക്കേണ്ടതുണ്ട്. ഇപ്പോൾ ഏക സിവിൽ കോഡ് ഉയർത്തിക്കൊണ്ടുവരുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ്. ഇതിന് അനാവശ്യ ശ്രദ്ധ നൽകാതിരിക്കുക. അല്ലെങ്കിൽ ഏക സിവിൽകോഡിനെ എല്ലാ വശങ്ങളിലും പഠിക്കുക. അല്ലാതെ ഇടത്-വലത് രാഷ്ട്രീയ കക്ഷികൾ അന്ധമായ രീതിയിൽ എതിർക്കേണ്ടതില്ലെന്നാണ് അഭിപ്രായം. ഏക സിവിൽ കോഡല്ല, വ്യക്തി നിയമ പരിഷ്കാരമാണ് വേണ്ടതെന്നായിരുന്നു സംഘടനയിൽ ഉരുത്തിരിഞ്ഞു വന്ന അഭിപ്രായമെന്നും ഖദീജ മുംതാസ് കൂട്ടിച്ചേർത്തു.
അതേസമയം, ഏക സിവിൽകോഡുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുമ്പോൾ എതിർപ്പുമായി കൂടുതൽ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഏക സിവിൽ കോഡിനെതിരായ എതിർപ്പ് ശക്തമാക്കി സിഖ് സംഘടനകൾ രംഗത്തെത്തി. കേന്ദ്ര നീക്കം ഉപേക്ഷിക്കണമെന്ന് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ആവശ്യപ്പെട്ടു. ഏകസിവിൽ കോഡ് ന്യൂനപക്ഷ വിരുദ്ധമാണ്. രാജ്യത്തിന്റെ ഐക്യവും വൈവിധ്യവും തകർക്കുമെന്നും ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പറയുന്നു. അതേസമയം, ഗുലാംനബി ആസാദിന്റെ നിലപാട് ഒത്തുകളിയെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഏക സിവിൽകോഡ് നടപ്പിലാക്കരുതെന്ന് ഗുലാംനബി ആവശ്യപ്പെട്ടിരുന്നു.
ഏക സിവിൽ കോഡിൽ വിദഗ്ധ സമിതി കരട് റിപ്പോർട്ട് 15ന് കൈമാറുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദഗ്ധ സമിതി കരട് റിപ്പോർട്ട് 15ന് കൈമാറും. പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാൻ ആലോചനയുണ്ടെന്നും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി കൂട്ടിച്ചേർത്തു.