തൃശൂര്‍. ശസ്ത്രക്രിയ നടത്താന്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടറെ വിജിലന്‍സ് പിടികൂടി. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ അസ്ഥി രോഗ വിഭാഗം ഡോക്ടര്‍ ഷെറി ഐസക്കാണ് വിജിലന്‍സ് കസ്റ്റഡിയിലായത്. ഇയാളുടെ വീട്ടില്‍ നിന്നും കെട്ടുകളാക്കി വച്ച 15ലക്ഷം രൂപയും പിടികൂടി
പാലക്കാട് സ്വദേശി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. 3000 രൂപയാണ് ഡോക്ടര്‍ സര്‍ജറിക്ക് കൈക്കൂലിയായി ആവശ്യപ്പെട്ടത്.
ഷെറി ഐസക് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പരാതിക്കാരന്റെ ഭാര്യയുടെ ഓപ്പറേഷന്‍ നടത്തുന്നതിന് വേണ്ടി 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും പണം സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഓട്ടു പാറയിലുള്ള ക്ലിനിക്കില്‍ എത്തിക്കണമെന്നുമായിരുന്നു നിര്‍ദ്ദേശം നല്‍കിയിരുന്നത്.
തുടര്‍ന്ന് വിജിലന്‍സ് പരാതിയുടെ അടിസ്ഥാനത്തില്‍ ഫിനോള്‍ഫ്തലിന്‍ പുരട്ടിയ നോട്ട് കൊടുത്തയച്ചു. ഇതിന് പിന്നാലെ ഉദ്യോഗസ്ഥരെത്തി കൈയോടെ പിടികൂടുകയായിരുന്നു.
ഇയാളുടെ വീട് പരിശോധിച്ചതോടെ ഞെട്ടിക്കുന്ന തെളിവുകളാണ് ലഭിച്ചത്. 2000മുതല്‍ 50 രൂപ വരെയുള്ള കൈക്കൂലിപൊതികള്‍ പലയിടത്തായി ശേഖരിച്ചിരുന്നു. ഇവ ശേഖരിച്ച് തിട്ടപ്പെടുത്തിയപ്പോള്‍ 15ലക്ഷം രൂപയുണ്ടായിരുന്നു. ഇത് കൈക്കൂലി വാങ്ങിയതാണെന്ന് സംശയിക്കത്തക്ക രീതിയിലാണ് സൂക്ഷിച്ചിരുന്നത്.
ഷെറി ഐസക്കിനെപ്പറ്റി നേരത്തെയും കൈക്കൂലി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും മതിയായ തെളിവുകളില്ലാത്തതിനാല്‍ ഇയാള്‍ രക്ഷപെടുകയായിരുന്നു.