കൊച്ചി.തൊടുപുഴ ന്യൂമാൻസ് കോളജ് അധ്യാപകൻ്റെ കൈവെട്ടിയ കേസിൽ ആറ് പേർ കൂടി കുറ്റക്കാരെന്ന് എന്‍ഐഎ കോടതി. എന്‍ഐഎ ഹാജരാക്കിയ പതിനൊന്നു പേരുടെ പ്രതിപ്പട്ടികയിൽ അഞ്ച് പേരെ കോടതി വെറുതെ വിട്ടു. കേസിൽ നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് എന്‍ഐഎ കോടതി ജഡ്ജി അനിൽ ഭാസ്കർ ശിക്ഷ വിധിക്കും.
തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായ ടിജെ ജോസഫിൻ്റെ കൈവെട്ടിയ കേസിലാണ് പ്രധാന പ്രതികൾ ഉൾപ്പെടെ ആറ് പേർ കുറ്റക്കാരാണെന്ന് എന്‍ഐഎ കോടതി കണ്ടെത്തിയത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടാം പ്രതി സജിൽ, മൂന്നാം പ്രതി നാസർ അഞ്ചാം പ്രതി നജീബ് എന്നിവർക്കെതിരെ യൂഎപിഎ ഉൾപ്പെടെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. ഒൻപതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീൻ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയൂബ് എന്നിവർക്കെതിരെ യുഎപിഎ ഇല്ല. തെളിവ് മറച്ചുവെക്കൽ ,പ്രതികളെ ഒളിവിൽ കഴിയാൻ സഹായിക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. അസീസ്, സുബൈർ, മുഹമ്മദ് റാഫി, ഷെഫീഖ്, മന്‍സൂര്‍ എന്നിവരെ കോടതി വെറുതെ വിട്ടു. കുറ്റക്കാരായി കണ്ടെത്തിയ സജിലിൻ്റെയും നജീബിൻ്റെയും ജാമ്യം റദ്ദാക്കി ഉടൻ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടു. കേസിൻ്റെ ആസൂത്രകനായ നാസർ നിലവിൽ റിമാൻഡിലാണ്. നൗഷാദ് , മൊയ്തീൻ, കുഞ്ഞ്,അയൂബ് എന്നിവർക്ക് യു എപി എ ഇല്ലാത്തതിനാൽ ജാമ്യത്തിൽ തുടരാമെങ്കിലും നാളെ കോടതിയിൽ ഹാജരാകണം. ശിക്ഷ പരമാവധി കുറയ്ക്കണമെന്ന് പ്രതികൾ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും എല്ലാവർക്കും വേദന ഇല്ലേ എന്ന് കോടതി ചോദിച്ചു. ആദ്യഘട്ട വിചാരണയിൽ പ്രതികൾക്ക് എട്ടു വർഷമാണ് ശിഷവിധിച്ചതെന്നും പത്തു വർഷത്തിൽ താഴെയാകും ശിക്ഷ വിധി എന്ന് പ്രതീക്ഷിക്കുന്നതായും പ്രതി ഭാഗം അഭിഭാഷകൻ പ്രതികരിച്ചു. 12 പേരുടെ പ്രതിപ്പട്ടികയാണ് എന്‍ഐഎ സമർപ്പിച്ചതെങ്കിലും പ്രൊഫസറുടെ കൈ വെട്ടിയ ഒന്നാം പ്രതി സവാദ് ഇപ്പോഴും ഒളിവിലാണ്
പ്രതികള്‍ ചിലപ്രാകൃതവിശ്വാസങ്ങളുടെ ഇരകളാണെന്ന് പ്രഫ ജോസഫ് പ്രതികരിച്ചു. ഇരയ്ക്ക് പ്രതിയെ ശിക്ഷിച്ചതുകൊണ്ട് ഒരു നേട്ടവുമില്ല.പക്ഷേ രാജ്യത്തെ നിയമം നീതി നടപ്പാക്കുന്നു.ഗൂഡാലോചനനടത്തി കൃത്യത്തിന് നിര്‍ദ്ദേശം നല്‍കിയവരാണ് യഥാര്‍ഥ കുറ്റക്കാര്‍ അവരിന്നും പുറത്താണ്. എന്നും അദ്ദേഹം പറഞ്ഞു.
‘കേസില്‍ പ്രതികളായിട്ടുള്ള ആളുകളൊന്നും തന്നെ എന്നെ നേരിട്ട് അറിയുന്നവരോ ഏതെങ്കിലും തരത്തില്‍ വ്യക്തിവൈരാഗ്യം ഉള്ളവരോ ആയിരുന്നില്ല. അവർ വെറും ആയുധങ്ങള്‍ മാത്രമായിരുന്നു. മറ്റുള്ളവർ പറയുന്നത് അവർ അനുസരിച്ചു. ശരിക്കുള്ള പ്രതികള്‍ ഈ കേസിന് പുറത്താണ്. എന്നെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ നിയമ സംവിധാനങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നതാണ് നമ്മുടെ രാജ്യത്തിന്റെ ദുര്യോഗം’ ടിജെ ജോസഫ് പറഞ്ഞു.
2015 ല്‍ കേസിന്റെ ആദ്യ ഘട്ട വിധി വന്നപ്പോള്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. പ്രതികളെ ശിക്ഷിക്കുന്നതില്‍ എനിക്കായി യാതൊരു വിധ ഉത്കണ്ഠയുമില്ല. കേസിന്റെ പരിസമാപ്തി എന്താവും എന്ന് അറിയാനുള്ള ഒരു സാധാരണ ഇന്ത്യന്‍ പൗരന്റെ കൗതുകം മാത്രമേ എനിക്കുമുള്ളു. പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്ക്ക് കിട്ടുന്ന നീതിയാണെന്ന് വിശ്വാസം എനിക്ക് പണ്ടേ ഇല്ലാത്തതാണ്. രാജ്യത്തിന്റെ നീതി നടപ്പിലാവൂ എന്ന് മാത്രമേ ഈ ശിക്ഷാ വിധിയിലൂടെ ഞാന്‍ മനസ്സിലാക്കുന്നുള്ളു. പ്രതികളെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യുന്നതില്‍ എനിക്ക് വ്യക്തിപരമായ യാതൊരുവിധ ഇഷ്ടാനിഷ്ടങ്ങളും ഇല്ലെന്നുള്ളതാണ് വാസ്തവം. ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതികള്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ എന്നെപ്പോലെ തന്നെ ഇരയാക്കപ്പെട്ടിട്ടുള്ളവരാണ്. പ്രാകൃതമായ വിശ്വാസത്തിന്റെ പേരിലാണെത്രേ അവര്‍ എന്നെ ഉപദ്രവിച്ചതെന്നാണ് മനസ്സിലാക്കിയിട്ടുള്ളതെന്നും ടിജെ ജോസഫ് പറയുന്നു.
ഗ്രോത്ര വിഭാഗങ്ങള്‍ക്കിടയില്‍ പണ്ട് നിലനിന്നിരുന്ന ഒരു പ്രാകൃത നിയമത്തിന് ഇരയായ എന്നെപോലെ തന്നെ അവരും ആ വിശ്വാസത്തിന് ഇരയായതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. ഈ ലോകത്ത് ജീവിക്കുന്ന എല്ലാ മനുഷ്യരും ശാസ്ത്രാവബോധമൊക്കെ ഉള്‍ക്കൊണ്ട് മാനവികതയിലും സാഹോദര്യത്തിലുമൊക്കെ പുലര്‍ന്ന് നല്ല ആധുനിക പൗരന്മാരായി മാറേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. എനിക്കേറ്റ മുറിവുകളും എന്നെ ഉപദ്രവിച്ചവര്‍ നേരിടുന്ന കഷ്ടപ്പാടുകളുമൊക്കെ യുവതലമുറയെ പ്രാകൃത്യ വിശ്വാസങ്ങളുടെ അടിമത്വത്തില്‍ നിന്നും മോചിതരാക്കുന്നതിന് ഇടയാക്കട്ടെ. ഒരു പ്രതിയെ ശിക്ഷിക്കുന്നത് കൊണ്ട് ഇരയ്ക്ക് നീതി ലഭിക്കും എന്നുള്ളത് അബദ്ധവിശ്വാസമാണ്, രാജ്യത്തിന്റെ നീതി നടപ്പിലാവുന്നു എന്ന് മാത്രം. പ്രതികളെ പിടിക്കേണ്ടത് പൊലീസാണ്.