കൊച്ചി.തൊടുപുഴ ന്യൂമാൻസ് കോളജ് അധ്യാപകനായ ടിജെ ജോസഫിൻ്റെ കൈവെട്ടിയ കേസിൽ രണ്ടാം ഘട്ട വിധിപ്രഖ്യാപനം ഇന്ന്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് എന്‍ഐഎ കോടതി ജഡ്ജി അനിൽ ഭാസ്കർ ശിക്ഷ വിധിക്കും. എന്‍ഐഎ ഹാജരാക്കിയ കുറ്റപത്രത്തിലെ പതിനൊന്നു പ്രതികളിൽ ആറ് പേർ കുറ്റക്കാരെന്ന് എന്‍ഐഎ കോടതി കണ്ടെത്തിയിരുന്നു.
തൊടുപുഴ ന്യൂമാൻസ് കോളജ് അധ്യാപകനായ ടിജെ ജോസഫിൻ്റെ കൈവെട്ടിയ കേസിൽ പന്ത്രണ്ട് പേരുടെ പ്രതി പട്ടികയാണ് എന്‍ഐഎ കോടതിയിൽ ഹാജരാക്കിയത്. പ്രൊഫസറുടെ കൈ വെട്ടിയ ഒന്നാം പ്രതി സവാദ് ഇപ്പോഴും ഒളിവിലാണ്. മറ്റു പതിനൊന്നു പേരിൽ ആറ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി 5 പേരെ വെറുതെവിട്ടു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടാം പ്രതി സജിൽ, മൂന്നാം പ്രതി നാസർ അഞ്ചാം പ്രതി നജീബ് എന്നിവർക്കെതിരെ യൂഎപിഎ ഉൾപ്പെടെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. ഒൻപതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീൻ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയൂബ് എന്നിവർക്കെതിരെ യുഎപിഎ ഇല്ല. തെളിവ് മറച്ചുവെക്കൽ ,പ്രതികളെ ഒളിവിൽ കഴിയാൻ സഹായിക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.
അസീസ് , സുബൈർ, മുഹമ്മദ് റാഫി, ഷെഫീഖ്, മന്‍സൂര്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. കുറ്റക്കാരായി കണ്ടെത്തിയ സജിലിൻ്റെയും നജീബിൻ്റെയും ജാമ്യം റദ്ദാക്കി കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടിരുന്നു. നൗഷാദ് , മൊയ്തീൻ, കുഞ്ഞ്,അയൂബ് എന്നിവർക്ക് യു എപി എ ഇല്ലാത്തതിനാൽ ജാമ്യത്തിൽ തുടരാമെങ്കിലും ഇന്ന് കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം.
2010 മാർച്ച് 23 ന്ന് രണ്ടാം സെമസ്റ്റർ ബീകോം മലയാളം ഇന്റെർണൽ പരീക്ഷ ചോദ്യപേപ്പറിൽ മതനിന്ദ യുണ്ടെന്നാരോപിച്ചായിരുന്നു തൊടുപുഴ ന്യൂമാൻസ് കോളേജ് അധ്യാപകനായ പ്രൊഫ. ടിജെ ജോസഫിന്റെ കൈപത്തി വെട്ടിമാറ്റിയത്. 2010 ജൂലൈ നാലിന് പള്ളിയിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ആദ്യം മൂവാറ്റുപുഴ പോലിസ് അന്വേഷിച്ച കേസ് 2011 മാർച്ച് ഒൻപതിനാണു എൻഐഎ ഏറ്റെടുത്തത്. വിചാരണ പൂർത്തിയാക്കി കൊച്ചിയിലെ എൻഐഎ കോടതി 2015 ഏപ്രിൽ 30ന് ആദ്യഘട്ട വിധിപറഞ്ഞു. 31 പ്രതികളിൽ 13 പേരെ ശിക്ഷിച്ചു. 18 പേരെ വിട്ടയച്ചു. 2015 ന്ന് ശേഷം അറസ്റ്റിലായവരിൽ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ ആറ് പേരുടെ ശിക്ഷാവിധിയാണ് ഇന്ന് ഉണ്ടാവുക.