വാർത്താനോട്ടം

Advertisement

2023 ജൂലൈ 13 വ്യാഴം

BREAKING NEWS

👉ഹിമാചലിൽ കുളുവിൽ കുടുങ്ങിയ മലയാളികളായ ഡോക്ടർമാരുടെ 45 അംഗ സംഘം ഇന്ന് നാട്ടിലേക്ക് തിരിക്കും.

👉 യമുനാ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ തീരദേശവാസികൾ ദുരിതത്തിൽ, 16000 പേരെ മാറ്റി പാർപ്പിച്ചു.

👉 പുല്ലാട് രമാദേവി കൊലക്കേസ്;പ്രതിയ്ക്കായി 3 ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകി

👉 മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ്റെ 3 വർഷത്തെ ഇടപാടുകളിൽ വിജിലൻസ് അന്വേഷണം

🙏ഒരു മാസത്തെ ക്ഷേമ പെന്‍ഷനുകളുടെ വിതരണം നാളെ ആരംഭിക്കും. ഇതിനായി 874 കോടി രൂപ അനുവദിച്ചു.

കേരളീയം

🙏ഒരു മാസത്തെ ക്ഷേമ പെന്‍ഷനുകളുടെ വിതരണം നാളെ ആരംഭിക്കും. ഇതിനായി 874 കോടി രൂപ അനുവദിച്ചു.

🙏ആശ്രിത നിയമനം നേടി ആശ്രിതരെ സംരക്ഷിക്കുമെന്ന ഉറപ്പു പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് 25 ശതമാനം തുക പിടിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. പിരിച്ചെടുക്കുന്ന തുക അര്‍ഹരായ ആശ്രിതര്‍ക്കു നല്‍കാന്‍ നിയമനാധികാരികളെ അധികാരപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കും.

🙏ലൈഫ് മിഷന്‍ കോഴക്കേസിലെ പ്രതി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അടിയന്തര ശസ്ത്രക്രിയ വേണമെന്നും ഏതു നിമിഷവും മരിക്കാമെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ അങ്ങനെ പറയുന്നില്ലല്ലോയെന്ന് കോടതി ചോദിച്ചു.

🙏സംസ്ഥാനത്തെ കെട്ടിട നികുതി നിയമം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അനുമതിയില്ലാതെ വിസ്തീര്‍ണം കൂട്ടിയ കെട്ടിടങ്ങളുടെ പിഴത്തുക നികുതിയുടെ അമ്പതു ശതമാനമായി വര്‍ധിപ്പിക്കും. മൂവായിരം ചതുരശ്രയടിയിലേറെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്കു ചുമത്തിയിരുന്ന ലക്ഷ്വറി ടാക്സിന്റെ പേര് അഡീഷണല്‍ ടാക്സ് എന്നാക്കും. ലക്ഷ്വറി ടാക്സ് കേന്ദ്ര
സര്‍ക്കാരിനുള്ളതാണ്.

🙏കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേന്ദ്ര സര്‍ക്കാരില്‍നിന്ന് സംസ്ഥാനത്തിനു ചില ഫണ്ടുകള്‍ കിട്ടാനുണ്ട്. യുജിസിയില്‍നിന്ന് കിട്ടാനുള്ള 750 കോടി രൂപയും പെന്‍ഷന്‍, ഹെല്‍ത്ത് ഗ്രാന്റ് എന്നിവയ്ക്കുള്ള പണവും അനുവദിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനോട് ആവശ്യപ്പെട്ടു.

🙏കേരള ഹൈക്കോടതി 2017 ല്‍ നടപ്പാക്കിയ ജില്ലാ ജഡ്ജി നിയമനത്തിലെ നടപടിക്രമങ്ങള്‍ ചട്ടവിരുദ്ധമാണെന്നു സുപ്രീം കോടതി. എഴുത്ത് പരീക്ഷയ്ക്കും, അഭിമുഖത്തിനുംശേഷം നിയമന നടപടികളില്‍ മാറ്റം വരുത്തിയത് തെറ്റാണ്.

🙏കെ- റെയിലിനു ബദലായി മെട്രോമാന്‍ ഇ ശ്രീധരന്‍ നിര്‍ദ്ദേശിച്ച പദ്ധതിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നടപ്പാക്കാന്‍ കഴിയാത്ത കെ റെയിലിനുവേണ്ടി വാശി പിടിക്കരുത്.

🙏ട്രെയിന്‍ തീവയ്പു കേസിലെ പ്രതിയുടെ ഫോട്ടോയെടുത്തതിന് മാതൃഭൂമി ഫോട്ടോഗ്രാഫര്‍ക്കെതിരേ കേസെടുത്ത പോലീസിനെതിരേ ഹൈക്കോടതി. പ്രതിയുടെ ഫോട്ടോ എടുക്കുന്നത് എങ്ങനെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തലാകുമെന്നു കോടതി ചോദിച്ചു. പ്രതിയുടെ ചിത്രം എടുക്കുന്നത് മാധ്യമ പ്രവര്‍ത്തകന്റെ ജോലിയാണ്.

🙏നിത്യോപയോഗ സാധങ്ങളുടെ വിലവിവരം, സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നു ലഭ്യത എന്നിവ അന്വേഷിക്കാന്‍ പൊലീസ് സ്പെഷല്‍ ബ്രാഞ്ചിനു നിര്‍ദേശം. പ്രത്യേകം തയ്യാറാക്കിയ പട്ടിക പ്രകാരം മരുന്നുലഭ്യത ശനിയാഴ്ചയ്ക്കു മുമ്പ് അറിയിക്കാനാണ് ഇന്റലിജന്‍സ് മേധാവിയുടെ നിര്‍ദ്ദേശം.

🙏കേരളത്തിലെ തെരുവുനായ പ്രശ്നത്തില്‍ ശാശ്വത പരിഹാരം വേണമെന്ന് വാക്കാല്‍ പരാമര്‍ശിച്ച് സുപ്രീം കോടതി. കണ്ണൂര്‍ ജില്ലാ പഞ്ചായത്തും സംസ്ഥാന ബാലാവകാശ കമ്മീഷനും നല്‍കിയ ഹര്‍ജി ഓഗസ്റ്റ് 16 ലേക്കു മാറ്റി.

🙏റെയില്‍വെ നടപ്പാക്കുന്ന അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ഗുരുവായൂര്‍ സ്റ്റേഷന്‍ ഉള്‍പ്പെടെ കേരളത്തിലെ 34 റെയില്‍വേ സ്റ്റേഷനുകള്‍. ഈ പദ്ധതിയിലൂടെ ദക്ഷിണ റെയില്‍വേയില്‍ 90 സ്റ്റേഷനുകളാണ് വികസിപ്പിക്കുന്നത്.

🙏മണിപ്പൂരില്‍ വര്‍ഗീയ കലാപമല്ല, വംശഹത്യയാണു നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിലേക്കു തിരിഞ്ഞുനോക്കുന്നില്ല. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ആര്‍എസ്എസും ബിജിപിയും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

🙏മുഖ്യമന്ത്രി പിണറായി വിജയന്‍ വകുപ്പില്ലാ മന്ത്രിയെ പോലെ പ്രവര്‍ത്തിക്കുന്നതിനാല്‍ സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തില്‍ പനി മരണങ്ങള്‍ വര്‍ദ്ധിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരില്ല.

🙏വ്യക്തികളുടെ നിയമത്തില്‍ മാറ്റം വരുത്തണമെന്നും ലിംഗസമത്വ വാദവും ഉന്നയിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നിലപാട് ശരിയല്ലെന്ന് എസ്എംഎഫ് നേതാക്കള്‍. വ്യക്തി നിയമങ്ങള്‍ സംരക്ഷിക്കാനാണ് ഏക സിവില്‍കോഡിനെ എതിര്‍ക്കുന്നതെന്ന് എസ്എംഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു ഷാഫി ഹാജി പറഞ്ഞു.

🙏കൊഴിഞ്ഞാമ്പാറയില്‍ പഴയ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞുവീണു രണ്ടു പേര്‍ മരിച്ചു. പെരുവമ്പ് വെള്ളപ്പന സി. വിനു (36), പൊല്‍പ്പുള്ളി വേര്‍കോലി എന്‍.വിനില്‍ (32) എന്നിവരാണ് മരിച്ചത്.

🙏താമരശേരി ഐഎച്ച്ആര്‍ഡിയില്‍ റാഗിംഗിനെത്തുടര്‍ന്ന് 15 മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡു ചെയ്തു. റാഗിംഗിന് ഇരയായവരുടെ പരാതിയില്‍ താമരശേരി പൊലീസ് കേസെടുത്തു.

🙏തടിപ്പാലം ഒടിഞ്ഞ് വെള്ളത്തില്‍ വീണ അമ്മയും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു. ഹരിപ്പാട് മഹാദേവികാട് കളത്തില്‍ പറമ്പില്‍ വിനീത പ്രവീണ്‍ (38), മകള്‍ അരുന്ധതി (7) എന്നിവരാണ് രക്ഷപ്പെട്ടത്.

🙏മലേറിയ ബാധിച്ച് ഒരു മരണം. പാലക്കാട് കുറശ്ശകുളം സ്വദേശി റാഫി (43) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സലായിരുന്നു. ആഫ്രിക്കയില്‍ ജോലിക്കു പോയി മടങ്ങിയെത്തിയതായിരുന്നു റാഫി.

🙏സ്‌കൂള്‍ വാന്‍ ഇടിച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. തൃശൂര്‍ വേലൂര്‍ പണിക്കവീട്ടില്‍ രാജന്‍- വിദ്യ ദമ്പതികളുടെ മകളും തലക്കോട്ടുകര ഒ.ഐ.ഇ.ടി സ്‌കുളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ദിയയാണ് മരിച്ചത്.

🙏വയനാട് മേപ്പാടി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായിക അദ്ധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റില്‍. പുത്തൂര്‍വയല്‍ താഴംപറമ്പില്‍ ജോണിയാണ് പിടിയിലായത്. നാലു സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ സ്റ്റേഷനില്‍ നേരിട്ടത്തി എസ്എച്ച് ഒയോട് പരാതിപ്പെടുകയായിരുന്നു.

🙏പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതി ജയിലിലേക്കു കൊണ്ടുപോകുന്നതിനിടെ പോലീസുകാരനെ ആക്രമിച്ചു. തൊടുപുഴയില്‍ അഭിജിത്ത് എന്ന പ്രതിയാണ് ഭക്ഷണം കണിക്കാന്‍ വിലങ്ങ് അഴിച്ചപ്പോഴാണ് ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചത്.

🙏മന്ത്രി വി. ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലന്‍സ് മറിഞ്ഞ് മൂന്നു പേര്‍ക്കു പരിക്കേറ്റു. കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനിലാാണ് അപകടമുണ്ടായത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍നിന്നു കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു രോഗിയുമായി പോയ വാഹനമാണ് മറിഞ്ഞത്. കോട്ടയത്ത് നിന്നും തിരുവന്തപുരത്തേക്ക് പോകുകയായിരുന്നു മന്ത്രിയുടെ പൈലറ്റ് വാഹനം.

🙏കണ്ണൂര്‍ പയ്യന്നൂരില്‍ ഡോക്ടര്‍ ക്ലിനിക്കില്‍ തൂങ്ങി മരിച്ചു. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ കെ. പ്രദീപ് കുമാറാണ് മരിച്ചത്.

🙏നിയമസഭാ സെക്രട്ടറിയുടെ വീട്ടില്‍ മോഷണം നടത്തിയ വീട്ടു ജോലിക്കാരിയെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. കരകുളം സ്വദേശി സരിതയെയാണ് അറസ്റ്റ് ചെയ്തത്. ഒമ്പതു പവന്‍ മോഷ്ടിച്ച് സ്വകാര്യ സ്ഥാപനത്തില്‍ പണയം വയ്ക്കുകയായിരുന്നു.

🙏പ്രായപൂര്‍ത്തിയാ
കാത്ത കുട്ടികളെ മര്‍ദ്ദിച്ച കേസില്‍ അമ്മയ്ക്കും കാമുകനുമെതിരെ കേസ്. പെരുമ്പിലാവ് മുളങ്ങത്ത് വീട്ടില്‍ ഹഫ്സ (38), ഒപ്പം താമസിക്കുന്ന കപ്പൂര്‍ പള്ളംങ്ങാട്ട്ചിറ ചെമ്പലക്കര വീട്ടില്‍ മുഹമ്മദ് ഷബീര്‍ എന്നിവര്‍ക്കെതിരെയാണ് ചാലിശ്ശേരി പോലീസ് കേസെടുത്തത്.

🙏വീട് നിര്‍മിക്കാന്‍ വായ്പ വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. രാമവര്‍മപുരം ഇമ്മട്ടി ഫിനാന്‍സ് കമ്പനി ഉടമ ഇമ്മട്ടി വീട്ടില്‍ ബാബുവാണ് പിടിയിലായത്.

ദേശീയം

🙏ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3 നാളെ വിക്ഷേപിക്കും. ഉച്ചകഴിഞ്ഞു രണ്ടരയ്ക്ക് ശ്രീഹരിക്കോട്ടയില്‍നിന്നാണു വിക്ഷേപിക്കുക. 3.84 ലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കുന്ന ദൗത്യത്തിലെ ലാന്‍ഡര്‍ അടുത്ത മാസം 23 നോ 24 നോ ചന്ദ്രോപരിതലത്തില്‍ ഇറങ്ങും.

🙏കൊലക്കേസില്‍ പ്രതിയായ ഗുണ്ടാ നേതാവിനെ ജയ്പൂരിലെ ജയിലില്‍നിന്നു കോടതിയിലേക്കു കൊണ്ടുപോകുന്നതിനിടെ ഒരു സംഘം ആളുകള്‍ അമോലി ടോള്‍ പ്ലാസയ്ക്കു സമീപം വഴിതടഞ്ഞു വെടിവെച്ചു കൊന്നു. ബിജെപി നേതാവ് കൃപാല്‍ ജാഗിനയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുല്‍ദീപ് ജഗിന എന്ന ഗുണ്ടാ നേതാവിനെയാണ് ഭരത്പൂരില്‍ പൊലീസ് വാഹനം തടഞ്ഞു വെടിവച്ചു കൊന്നത്.

🙏293 പേര്‍ കൊല്ലപ്പെട്ട ഒഡീഷയിലെ ബാലസോര്‍ ട്രെയിന്‍ അപകട കേസില്‍ ഏഴു ജീവനക്കാരെ ഇന്ത്യന്‍ റെയില്‍വെ സസ്പെന്‍ഡ് ചെയ്തു. ഡ്യൂട്ടി സമയങ്ങളില്‍ ജാഗ്രത പാലിക്കാത്തതിന് സ്റ്റേഷന്‍ മാസ്റ്റര്‍, ട്രാഫിക് ഇന്‍സ്‌പെക്ടര്‍, മെയിന്റനര്‍ എന്നിവരുള്‍പ്പെടെ ഉള്ളവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

🙏അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയില്‍നിന്നു പിടിച്ചെടുത്ത ഏഴു കിലോ സ്വര്‍ണം അടക്കമുള്ള സ്വത്തുക്കള്‍ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ജയരാമന്റെ മക്കളായ ദീപിക്കും ദീപയും സമര്‍പ്പിച്ച ഹര്‍ജി ബെംഗളുരു പ്രത്യേക കോടതി തള്ളി. സ്വത്തിന്റെ അവകാശികള്‍ തങ്ങളാണെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എല്ലാം വിട്ടുതരണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണു തള്ളിയത്.

🙏തക്കാളിയുടെ വില നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍. നാഫെഡും എന്‍സിസിഎഫും പോലുള്ള സഹകരണ സ്ഥാപനങ്ങളോട് തക്കാളി സംഭരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

🙏പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച യുഎഇ സന്ദര്‍ശിക്കും. ഫ്രാന്‍സില്‍ നിന്ന് തിരിച്ച് വരും വഴിയാണ് മോദി യുഎഇയിലിറങ്ങുക. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും.

🙏ബെംഗളുരുവില്‍ മലയാളിയായ ടെക് കമ്പനി സിഇഒ യെയും എംഡിയെയും വെട്ടിക്കൊലപ്പെടുത്താന്‍ മുന്‍ ജീവനക്കാരനു ക്വട്ടേഷന്‍ കൊടുത്ത മറ്റൊരു കമ്പനി ഉടമ അറസ്റ്റില്‍. എയറോണിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ കമ്പനി സിഇഒ കോട്ടയം പനച്ചിക്കാട് സ്വദേശി വിനുകുമാറും എംഡി ബെംഗളുരു സ്വദേശി ഫണീന്ദ്ര സുബ്രഹ്‌മണ്യയുമാണു കൊല്ലപ്പെട്ടത്.

🙏തിമിരത്തിനുള്ള ശസ്ത്രക്രിയയ്ക്കു ശേഷം പതിനെട്ടോളം രോഗികള്‍ക്കു കാഴ്ച നഷ്ടപ്പെട്ടു. രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയായ സവായ് മാന്‍ സിംഗ് ആശുപത്രിക്കെതിരെയാണ് രോഗികളും ബന്ധുക്കളും പരാതിപ്പെട്ടിരിക്കുന്നത്.

അന്തർദേശീയം

🙏ചെക്ക് സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു. 94 വയസായിരുന്നു. 1984 -ല്‍ പ്രസിദ്ധീകരിച്ച പ്രാഗ് വസന്തത്തിന്റെ പശ്ചാത്തലത്തിലുള്ള ‘ദ അണ്‍ബെയറബിള്‍ ലൈറ്റ്‌നെസ് ഓഫ് ബീയിംഗ്’ എന്ന പ്രശസ്ത നോവലിന്റെ രചയിതാവാണ്.

🙏10 ലക്ഷം ഡോളര്‍ മൂല്യമുള്ള സ്വകാര്യ ജെറ്റ് വില്‍ക്കുകയാണെന്നു കോടീശ്വരനും പാട്രിയോട്ടിക് മില്യണയേഴ്‌സിന്റെ വൈസ് ചെയര്‍മാനുമായ സ്റ്റീഫന്‍ പ്രിന്‍സ്. സ്വകാര്യ ജെറ്റായ സെസ്ന 650 സിറ്റേഷന്റെ കാര്‍ബണ്‍ ബഹിര്‍ഗമനം പരിസ്ഥിതിക്കു ദോഷമായതിനാലാണ് വിമാനം ഉപേക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

🙏മനുഷ്യന്‍ നായയെ കടിച്ചു. വെറുമൊരു നായയെ അല്ല, പൊലീസ് നായയെയാണു കടിച്ചത്. യുഎസിലെ ഡെലാവെയറിലാണ് സംഭവം. പുലര്‍ച്ചെ രണ്ടിന് വില്‍മിംഗ്ടണിലെ പാര്‍ക്കിംഗ് സ്ഥലത്ത് മദ്യപിച്ചു ലക്കുകെട്ട് വാഹനം ഓടിക്കാന്‍ ശ്രമിച്ചയാളെ കസ്റ്റഡിയിലെടുക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പോലീസ് നായയെ കടിക്കുകയും രണ്ട് പൊലീസുകാരെ മര്‍ദിക്കുകയും ചെയ്തു. പിന്നീട് ജമാല്‍ വിംഗ് എന്ന 47 -കാരനെ കീഴ്പെടുത്തി കസ്റ്റഡിയിലെടുത്തു.

കായികം

🙏ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസ് ഒന്നാമിന്നിംഗ്സില്‍ 150 റണ്‍സിന് പുറത്ത്. 47 റണ്‍സെടുത്ത അലിക്ക് അതാന്‍സേയാണ് ടോപ് സ്‌കോറര്‍. രവിചന്ദ്ര അശ്വിന്‍ 5 വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജക്ക് 3 വിക്കറ്റ്. ഒന്നാമിന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ കളി നിര്‍ത്തുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 80 റണ്‍സെടുത്തിട്ടുണ്ട്. 40 റണ്‍സെടുത്ത, ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച, യശസ്വി ജയ്സ്വാളും 30 റണ്‍സെടുത്ത രോഹിത്ശര്‍മയുമാണ് ക്രീസില്‍.

Advertisement