ചാലക്കുടി. ബ്യൂട്ടിപാർലർ ഉടമയായ വീട്ടമ്മ വ്യാജ ലഹരി കേസിൽ ജയിലിൽ കിടന്ന സംഭവത്തിൽ അന്വേഷണം മന്ദഗതിയിൽ. വ്യാജ സ്റ്റാമ്പുകൾ വച്ചുവെന്ന് സംശയിക്കുന്നവരെ ഇനിയും കണ്ടെത്താനായില്ല. ഇതോടെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് ഷീല സണ്ണി
രാജലഹരി കേസിൽ 72 ദിവസം ഷീല സണ്ണി ജയിലിൽ കിടക്കാൻ ഇടയായ സംഭവത്തിലാണ് എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങും എത്താതെ മന്ദഗതിയിൽ തുടരുന്നത്. സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്നവർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും അവർ ഹാജരായില്ലെന്നാണ് എക്സൈസിന്റെ വാദം. അവരെ കണ്ടെത്തി തുടർനടപടി സ്വീകരിക്കുന്നതിന് എക്സൈസിന് കഴിഞ്ഞിട്ടില്ല. ഇവർ താമസിക്കുന്ന ബംഗളൂരുവിലേക്ക് പോലും അന്വേഷണം വ്യാപിപ്പിച്ചിട്ടില്ല. പ്രതികൾ എന്ന് സംശയിക്കുന്നവർ വാട്സാപ്പിലൂടെ ഉൾപ്പെടെ കുടുംബാംഗങ്ങളെ ബന്ധപ്പെട്ടിട്ടും എക്സൈസ് ക്രൈംബ്രാഞ്ചിന് ഇവരെ കണ്ടെത്താൻ ആയിട്ടില്ല.ഇതോടെ സംഭവത്തിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നൽകാൻ ഒരുങ്ങുകയാണ് ഷീല സണ്ണിയും കുടുംബവും .