ആനന്ദവല്ലീശ്വരത്തെ നൂറ്റാണ്ടുകളോളം പഴക്കമുള്ള ആൽമരം പൂർണമായും വെട്ടിമാറ്റി

Advertisement

കൊല്ലം: ആനന്ദവല്ലീശ്വരം ക്ഷേത്രത്തിനു മുന്നിൽ നിന്നിരുന്ന നൂറ്റാണ്ടുകളോളം പഴക്കമുള്ള ആൽമരം പൂർണമായും വെട്ടിമാറ്റിയതോടെ നഷ്ടമായത് വയോധികർക്കും ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും ഉണ്ടായിരുന്ന തണൽ. തണലിനായി പുതിയൊരു മരം നടണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്. ആൽമരം മുറിച്ചതോടെ അതിനു പിന്നിലുണ്ടായിരുന്ന കടകളിലേക്കും വെയിൽ ശക്തമായി പതിക്കുന്നുണ്ട്.

ആൽത്തറയിലെ തണലിൽ ഇരുന്നാണ് ആ മേഖലയിലെ മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ളവർ സംസാരിച്ചിരുന്നത്. ആ തണലിലിരുന്നു കടച്ചക്ക വിൽപന നടത്തിയവർ ഇന്നലെ കുട ചൂടിയാണ് കച്ചവടം നടത്തിയത്. ഈ മാസം ആറിനാണ് ആൽമരത്തിന്റെ ഒരു ഭാഗം ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്കു മുകളിലേക്കു വീണത്. കലക്ടറുടെ നിർദേശാനുസരണം അവിടെ നിന്നിരുന്ന മറ്റേ ഭാഗവും പൊതുമരാമത്ത് വകുപ്പിന്റെ ദേശീയപാതാ വിഭാഗം മുറിച്ചുമാറ്റി.

പുതിയൊരു മരം നടണമെന്ന ആവശ്യവുമായി റോട്ടറി ക്ലബ് ബന്ധപ്പെട്ടിരുന്നതായി പൊതുമരാമത്ത് വിഭാഗം അധികൃതർ പറഞ്ഞു. കലക്ടറുടെ അനുമതിയോടെ പുതിയ മരം നടാൻ ശ്രമിച്ചാൽ തങ്ങൾ എതിർക്കില്ലെന്നും അവർ പറഞ്ഞു. ആൽമരം നട്ടു തണലുണ്ടാകണമെങ്കിൽ ഏകദേശം 2 പതിറ്റാണ്ടെങ്കിലുമാകും. ആര്യവേപ്പ്, അത്തി, ബദാം തുടങ്ങിയ മരങ്ങൾ വളർന്നു തണലാകാൻ അഞ്ചു വർഷം മതിയാകുമെന്നാണു വിലയിരുത്തൽ. കൃത്യമായ ഇടവേളകളിൽ കോതി നിർത്തിയാൽ അപകട സാധ്യതയും കുറയും.