തിരുവനന്തപുരം . ഇടവേളക്കുശേഷം വീണ്ടും ചർച്ചയായി കെ- റെയിൽ സിൽവർ ലൈൻ പദ്ധതി. അതിവേഗ റെയിൽ പദ്ധതിയുടെ രൂപരേഖ ഇ ശ്രീധരൻ സർക്കാരിന് കൈമാറിയതോടെയാണ് വീണ്ടും സിൽവർ ലൈൻ ചർച്ചകളിൽ ഇടം പിടിക്കുന്നത്. എന്നാൽ ഇതിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കെ- റെയിലിന്റെ പേരു മാറ്റി പദ്ധതി ഒളിച്ചുകടത്താനുള്ള ശ്രമമാണ് എന്നാണ് കോൺഗ്രസിൻറെ ആരോപണം. സിപിഎം – ബിജെപി രഹസ്യബന്ധത്തിന്റെ ഭാഗമായാണ് പദ്ധതിയെന്നും കോൺഗ്രസ് വിമർശനമുയർത്തുന്നു.
കെ വി തോമസിനെ ഇടനിലക്കാരനായി നിയമിച്ചാണ് സർക്കാർ ഇ ശ്രീധരനുമായി ചർച്ച നടത്തുന്നത്. സിപിഎമ്മും ബിജെപിയും തമ്മിൽ ഉണ്ടാക്കിയ ഡീലിന്റെ ഭാഗമായാണ് കൂടിക്കാഴ്ച എന്ന ആരോപണവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തന്നെ രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചു എന്ന ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് കെ റെയിൽ വിരുദ്ധ സമരസമിതി വീണ്ടും സമരത്തിന് ഒരുങ്ങുകയാണ്.