വാർത്താനോട്ടം

Advertisement

2023 ജൂലൈ 14 വെള്ളി

BREAKING NEWS

👉തിരുവനന്തപുരത്ത് പെരിങ്ങമലയിൽ 4 അംഗ കുടുംബം വിഷം കഴിച്ചു; അച്ചനും മകളും മരിച്ചു

👉 പെരിങ്ങമല പുല്ലാമുക്കിൽ
ഗൃഹനാഥൻ ശിവരാജനും (56) മകൾ അഭിരാമി (22)യുമാണ് മരിച്ചത്. ശിവരാജൻ്റെ ഭാര്യ ബിന്ദു മകൻ അർജുൻ എന്നിവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

👉പത്തനംതിട്ട കോന്നി അതുമ്പുകുളത്ത് പുലിയുടെ അക്രമണത്തിൽ വരിക്കാഞ്ഞോലിൽ അനിലിൻ്റെ ആട് ചത്തു.

👉ചന്ദ്രയാൻ – 3 വിക്ഷേപണം ഇന്ന് ഉച്ചയ്ക്ക് 2.35 ന്

👉 കണ്ണൂർ കാട്ടാമ്പള്ളി കൈരളി ബാറിൽ യുവാവ് കുത്തേറ്റ് മരിച്ചു. കീരിയോട് സ്വദേശി കെ.പി റിയാസ് (43)ആണ് മരിച്ചത്.

👉 യമുനയിൽ ജലനിരപ്പ് താഴ്ന്ന് തുടങ്ങി.നഗരങ്ങളിൽ വെള്ളക്കെട്ട് തുടരുന്നു.

👉 രാജസ്ഥാനിലെ ഭിലാപാഡയിൽ 19 കാരി ദലിത് യുവതിയെ ബലാത്സംഗം ചെയ്ത് മുഖത്ത് ആസിഡ് ഒഴിച്ച് കിണറ്റിൽ തള്ളി കൊലപ്പെടുത്തി.

👉ഏക വ്യക്തിനിയമത്തിൽ കൂട്ടായ ചർച്ച വേണമെന്ന് എം ടി വാസുദേവൻ നായർ

👉 പുല്ലാട് രമാദേവി കൊല കേസ്: പ്രതിയായ ഭർത്താവ് ജനാർദ്ധനൻ നായരെ തെളിവെടുവിനായി രാവിലെ 11ന് പുല്ലാട് എത്തിക്കും.

കേരളീയം

🙏മൂന്നു ദിവസം വ്യാപകമായ മഴയ്ക്കു സാധ്യത. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരദേശ ന്യൂനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നുണ്ട്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു.

🙏മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ രണ്ടാഴ്ചയ്ക്കകം വിശദീകരണം വേണമെന്നു സര്‍ക്കാരിനോടു ഹൈക്കോടതി. എസ്എസ്എല്‍സിക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിട്ടും പ്ലസ് വണ്‍ സീറ്റ് ലഭിച്ചില്ലെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്.

🙏തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ കുറ്റക്കാരെന്നു കോടതി കണ്ടെത്തിയ ആറു പ്രതികളില്‍ മൂന്നു പേര്‍ക്കു ജീവപര്യന്തം തടവുശിക്ഷ. മുഖ്യപ്രതികളായ സജില്‍, എം കെ നാസര്‍, നജീബ് എന്നിവര്‍ക്കാണു ജീവപര്യന്തം തടവ്.

🙏ശിക്ഷ കുറഞ്ഞെന്നോ കൂടിയെന്നോ പറയാന്‍ താനില്ലെന്നും നിയമപണ്ഡിതര്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നും കൈവെട്ടുകേസിലെ ഇരയായ പ്രൊഫ ടി.ജെ ജോസഫ്. വിധിയെ വികാരപരമായി കാണുന്നില്ല. നഷ്ടപരിഹാരം നേരത്തെ സര്‍ക്കാര്‍ തരേണ്ടതാണെന്നും ജോസഫ് പറഞ്ഞു.

🙏കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഈ മാസം 20 നകം മുഴുവന്‍ ശമ്പളവും നല്‍കിയില്ലെങ്കില്‍ കെഎസ്ആര്‍ടിസി എംഡി ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. കഴിഞ്ഞ മാസത്തെ ശമ്പളം നല്‍കാന്‍ വൈകിയതില്‍ കോടതി വിമര്‍ശിച്ചു.

🙏സംസ്ഥാനത്തെ എന്‍ജിനിയറിംഗ് കോളജുകളില്‍ 64 നവീന എന്‍ജിനിയറിംഗ് കോഴ്സുകള്‍ ആരംഭിക്കാന്‍ സാങ്കേതിക സര്‍വകലാശാല അംഗീകാരം നല്‍കി. രണ്ടു പുതിയ കോളജുകള്‍ക്കുള്ള നിരാക്ഷേപ പത്രം നല്‍കും. 47 കോളജുകളില്‍ സീറ്റു വര്‍ധിപ്പിക്കാനും തീരുമാനം.

🙏രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലുണ്ടായിരുന്ന മഹാത്മാഗാന്ധിയുടെ ചിത്രം താഴെയിട്ടു നശിപ്പിച്ചെന്ന് ആരോപിച്ചു പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഓഫീസിലെ നാലു ജീവനക്കാര്‍ക്കെതിരായ കേസ് കള്ളക്കേസാണെന്ന് ആരോപിച്ച് ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണു സ്റ്റേ.

🙏ഏക സിവില്‍ കോഡിനെതിരേ പാര്‍ലമെന്റില്‍ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണമെന്ന് എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂലൈ 20 ന് പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി വിളിച്ച യോഗത്തിലാണ് ഈ നിര്‍ദേശം. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര നയത്തെ ചെറുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

🙏കോടതിയലക്ഷ്യ കേസില്‍ ‘വി ഫോര്‍ കൊച്ചി’ നേതാവ് നിപുന്‍ ചെറിയാന് നാലുമാസം തടവും 2000 പിഴയും ശിക്ഷ വിധിച്ച് ഹൈക്കോടതി. വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെ അപ്പീലുമായി സുപ്രീം കോടതിയില്‍ പൊക്കോളുവെന്ന് കോടതി നിര്‍ദ്ദേശിച്ചു.

🙏സംസ്ഥാനത്തെ എ ഐ ക്യാമറ ഉപയോഗിച്ച് റോഡുകളിലെ കുഴി കണ്ടെത്തിക്കൂടേയെന്ന് ഹൈക്കോടതി. റോഡുകളിലെ കുഴിയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. 732 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

🙏കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പെന്ന് അവകാശപ്പെടുന്ന കോക്കോണിക്സ് നാല് പുതിയ മോഡലുകളുമായി ഈ മാസം റീലോഞ്ച് ചെയ്യുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. പ്രതിവര്‍ഷം രണ്ടു ലക്ഷം ലാപ്ടോപ്പുകള്‍ പുറത്തിറക്കുമെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

🙏തിരുവനന്തപുരം നഗരത്തിലെ വാണിജ്യ കേന്ദ്രമായ ചാലക്കമ്പോളത്തിന്റെ നവീകരണ പദ്ധതിക്കു ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകാരം നല്‍കി. പുത്തരിക്കണ്ടം മൈതാനത്തിനു പിറകിലും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്റെ സൗത്ത് ഗേറ്റിന്റെ എതിര്‍വശത്ത് പവര്‍ ഹൗസ് റോഡിലും പാര്‍ക്കിംഗ് സൗകര്യം ഒരുക്കും.

🙏ബോണസ് തര്‍ക്കങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നു തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. തൊഴിലാളി സംഘടന പ്രതിനിധികളുടെ യോഗത്തിലാണു നിര്‍ദേശം.

🙏ശമ്പളം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സിഎംഡിയുടെ വസതിയിലേക്ക് കോണ്‍ഗ്രസ് അനുകൂല സംഘടനാ പ്രവര്‍ത്തകര്‍ ഇന്നു മാര്‍ച്ച് നടത്തും.

🙏തിരുവനന്തപുരം മാറനല്ലൂരില്‍ കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്ത അപ്രോച്ച് റോഡ് തകര്‍ന്നെങ്കിലും നിര്‍മ്മാണത്തില്‍ അപാകതയില്ലെന്ന് ചീഫ് എഞ്ചിനീയറുടെ റിപ്പോര്‍ട്ട്. ബണ്ട് റോഡിനടിയിലെ മണ്ണ് ഒലിച്ചു പോയിട്ടുണ്ട്.

🙏നാദാപുരത്ത് ഡോക്ടറെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍ കരിയാട് സ്വദേശികളായ സനൂപ്, ശരത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്.

🙏രേഖകളില്ലാതെ കൊണ്ടുവന്ന 30 ലക്ഷം രൂപയുടെ കുഴല്‍പണവുമായി മഹാരാഷ്ട്രാ സ്വദേശിയെ അറസ്റ്റു ചെയ്തു. കോയമ്പത്തൂരില്‍ നിന്ന് എറണാകുളത്തേക്ക് കൊണ്ടുവരികയായിരുന്ന 30 ലക്ഷമാണ് വാളയാറില്‍ എക്സൈസ് പിടികൂടിയത്.

🙏മൂന്നര വയസുള്ള കുട്ടി ഉള്‍പ്പെടെ നാലു മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് 34 കാരി കൂടെ ജോലി ചെയ്യുന്ന 18 കാരനൊപ്പം ഒളിച്ചോടി. മലപ്പുറം താഴെ ചേളാരിയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശി റഹീമാണ് ഭാര്യ നജ്മ ബംഗാള്‍ സ്വദേശി രാജുവിനൊപ്പം പോയെന്ന് പോലീസില്‍ പരാതിപ്പെട്ടത്.

ദേശീയം

🙏ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചാന്ദ്രയാന്‍ മൂന്ന് വിക്ഷേപണം ഇന്ന് ഉച്ചകഴിഞ്ഞ് 2.35 ന്. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍നിന്ന് വിക്ഷേപണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ലാന്‍ഡര്‍ ഓഗസ്റ്റ് 23 നോ 24 നോ ആണ് ചന്ദ്രനില്‍ ഇറങ്ങുക.

🙏ഡല്‍ഹിയിലും ഹിമാചല്‍ പ്രദേശിലും പ്രളയം. യമുനാനദി കവിഞ്ഞൊഴുകി. ഡല്‍ഹിയിലെ ചെങ്കോട്ട അടച്ചു. റോഡുകളും മെട്രോയും വെള്ളത്തില്‍ മുങ്ങി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. 25,000 പേരെ ഒഴിപ്പിച്ചു. ഹിമാചല്‍പ്രദേശിലെ വെള്ളപ്പൊക്കത്തില്‍ മരണം 91 ആയി.

🙏ബിഹാറില്‍ നിയമസഭാ മാര്‍ച്ച് അക്രമാസക്തമായതോടെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിനിടെ ബിജെപി നേതാവ് കൊല്ലപ്പെട്ടു. ജഹനാബാദ് ജില്ലാ സെക്രട്ടറി വിജയ്കുമാര്‍ സിംഗാണു മരിച്ചത്. അധ്യാപക നിയമനചട്ടം ഭേദഗതി ചെയ്യാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരേയാണ് ബിജെപി മാര്‍ച്ചു നടത്തിയത്.

🙏ഏക സിവില്‍ കോഡിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നിയമ കമ്മീഷനു കത്തയച്ചു. ഏക സിവില്‍ കോഡ് ബഹുസ്വരതയ്ക്കും സാമുദായിക സാഹോദര്യത്തിനും ഭീഷണിയാകും. ഏക നിയമം അടിച്ചേല്പിക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്കു വിരുദ്ധമാണ്. സ്റ്റാലിന്‍ പറഞ്ഞു. ഈ വിഷയത്തില്‍ ഒരു സംസ്ഥാനം നിയമ കമ്മീഷന് കത്ത് അയക്കുന്നത് ആദ്യമാണ്.

🙏മണിപ്പൂരിലെ വംശഹത്യ അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കി ഇന്ത്യയോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സില്‍ എത്തിയതിനു പിറകേയാണ് യൂറോപ്യന്‍ യൂണിയന്‍ പ്രമേയം പാസാക്കിയത്.

🙏ഡല്‍ഹി രോഹിണിയിലെ ഇരുപതുകാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ പൊലീസ് ചമഞ്ഞെത്തി ബലാത്സംഗം ചെയ്ത യുവാവിനെ അറസ്റ്റു ചെയ്തു. പ്രതി രവി സോളങ്കിയെ ഡല്‍ഹി പൊലീസ് ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. കാമുകനുമൊത്തുള്ള അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

അന്തർദേശീയം

🙏റഷ്യയിലെ വാഗ്‌നര്‍ കൂലിപ്പട്ടാളത്തിന്റെ മേധാവി യെവ്ഗിനി പ്രിഗോഷിന്‍ കൊല്ലപ്പെടുകയോ ജയിലില്‍ അടയ്ക്കപ്പെടുകയോ ചെയ്തെന്ന് അമേരിക്കന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍. അപ്രതീക്ഷിത പടനീക്കത്തിലൂടെ റഷ്യയെ ഞെട്ടിച്ച പ്രിഗോഷിന്‍ കഴിഞ്ഞ ദിവസം പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയെന്നു വാര്‍ത്തയുണ്ടായിരുന്നു.

🙏ഏഷ്യന്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം അബ്ദുല്ല അബൂബക്കറിന് സ്വര്‍ണം. പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പിലാണ് അബ്ദുല്ല അബൂബക്കര്‍ സ്വര്‍ണം നേടിയത്. രണ്ടാം ദിനമായ ഇന്നലെ വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജ്യോതി യാരാജിയും പുരുഷന്മാരുടെ 1500 മീറ്ററില്‍ അജയ് കുമാര്‍ സരോജും ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടി.

🙏 ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്കെതിരേ നാല് വിക്കറ്റിന്റെ ജയം സ്വന്തമാക്കി ബംഗ്ലാദേശ് വനിതകള്‍. ഇന്ത്യ ഉയര്‍ത്തിയ 103 റണ്‍സ് വിജയലക്ഷ്യം 18.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് മറികടന്നു. ആദ്യ രണ്ട് മത്സരം ജയിച്ച ഇന്ത്യ പരമ്പര നേരത്തേ സ്വന്തമാക്കിയിരുന്നു. മലയാളി താരം മിന്നു മണി നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു.

🙏വിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും രോഹിത് ശര്‍മയും സെഞ്ച്വറി നേടിയ മത്സരത്തില്‍ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെടുത്തിട്ടുണ്ട്. അരങ്ങേറ്റ ടെസ്റ്റില്‍ 143 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളും 36 റണ്‍സെടുത്ത വിരാട് കോലിയുമാണ് ക്രീസിലുള്ളത്. ഇതോടെ ഇന്ത്യക്ക് 162 റണ്‍സിന്റെ ലീഡായി.

🙏ടുണീഷ്യയുടെ ഒന്‍സ് ജാബിയൂറും ചെക്ക് റിപ്പബ്ലിക്കിന്റെ മാര്‍ക്വേറ്റ വാന്‍ദ്രോഷോവയും വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടത്തിനായി ഫൈനലില്‍ ഏറ്റുമുട്ടും. സെമിയില്‍ യുക്രൈനിന്റെ എലിന സ്വിറ്റൊലിനയെ തകര്‍ത്താണ് മാര്‍ക്വേറ്റ വാന്‍ദ്രോഷോവ വിംബിള്‍ഡണ്‍ ഫൈനലിലെത്തിയത്.

Advertisement