അതിവേഗ റെയിൽ , കെ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ശോഭാ സുരേന്ദ്രൻ

Advertisement

കോഴിക്കോട്.പാർട്ടിയെന്നാൽ ഒറ്റയാൾ പട്ടാളമല്ല, അതിവേഗ റെയിൽ പദ്ധതിയെ സ്വാഗതം ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ശോഭാ സുരേന്ദ്രൻ. കെ സുരേന്ദ്രന്റെ നിലപാട് വ്യക്തിപരമാണെന്നും ബിജെപിയുടെ നിലപാട് സംസ്ഥാന കമ്മിറ്റി യോഗം ചെയ്ത് തീരുമാനിക്കുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
വി മുരളീധരന്റെ കേന്ദ്രമന്ത്രി സ്ഥാനം വരദാനമായി ലഭിച്ചതാണെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷയായ ശോഭാ സുരേന്ദ്രൻ തുറന്നടിച്ചു.


ബിജെപി സംസ്ഥാന നേതൃത്വവുമായി ശോഭാ സുരേന്ദ്രൻ കഴിഞ്ഞ തെരഞ്ഞെടുപ്പ് തോൽവിയിൽ തുടങ്ങിയ പോരാണ് അടുത്ത തെരഞ്ഞെടുപ്പ് മുന്നോരുക്കങ്ങള്‍ തുടങ്ങവെ പരസ്യമാകുന്നു. കെ റെയിലിനെ തുടക്കം മുതൽ എതിർത്ത ബിജെപി ശക്തമായ സമര പരിപാടികളാണ് സംഘടിപ്പിച്ചത്. എന്നാൽ അതിവേഗ പാതയെ അതിവേഗം സ്വാഗതം ചെയ്തു. സംസ്ഥാന നേതൃത്വം ഇ ശ്രീധരന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് രൂക്ഷ വിമർശനവുമായി ശോഭാ സുരേന്ദ്രൻ രംഗത്തെത്തിയത്. നരേന്ദ്രമോദി ജനവിരുദ്ധ തീരുമാനങ്ങൾ എടുക്കില്ലെന്നും അതിവേഗപാതയെ സ്വാഗതം ചെയ്ത സുരേന്ദ്രന്റെ നിലപാട് പാർട്ടിയുടെ അഭിപ്രായമല്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷീനയെ സന്ദർശിക്കാത്ത വി മുരളീധരനെതിരെയും ശോഭാസുരേന്ദ്രന്‍ വിമർശനം നടത്തി. കേന്ദ്രമന്ത്രി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണം. കോഴിക്കോടുകാരനായ കേന്ദ്രമന്ത്രി സമരപന്തലിൽ എത്തുമെന്നാണ് പ്രതീക്ഷയെന്നും ശോഭ പറഞ്ഞു.

എന്നാൽ വിഷയത്തിൽ തിടുക്കപ്പെട്ട് പ്രതികരിക്കേണ്ടതില്ലെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം. ലോക്സഭാ തെരഞ്ഞടുപ്പിന് ഒരുങ്ങുന്ന ബിജെപിക്ക് സംസ്ഥാന നേതൃത്വത്തിലെ പടലപ്പിണക്കം തലവേദനയാണ്.