കോഴിക്കോട്: ഏക സിവിൽ കോഡ് വിഷയത്തിൽ ഇന്ന് കോഴിക്കോട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ ഇടത് മുന്നണി കൺവീനറും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ നേതാവുമായ ഇ പി ജയരാജൻ പങ്കെടുക്കില്ല.
ഡി വൈ എഫ് ഐ തിരുവനന്തപുരത്ത് നിർമ്മിച്ചു നൽകുന്ന സ്നേഹ വീടിൻ്റെ താക്കോൽദാന ചടങ്ങിൽ പങ്കെടുക്കുന്നതിനാലാണിത്.
സ്വപ്‌നനഗരിയിലെ ട്രേഡ് സെന്ററിൽ വൈകുന്നേരം നാല് മണിക്ക് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാർ ഉദ്ഘാടനം ചെയ്യുന്നത് . സിപിഎം ക്ഷണം മുസ്ലിം ലീഗ് നിരസിച്ചെങ്കിലും സമസ്ത സെമിനാറിൽ പങ്കെടുക്കും. ബിഡിജെഎസ് പ്രതിനിധിയും സെമിനാറിലെത്തും
പൗരത്വ വിഷയത്തിന് സമാനമായ രീതിയിലാണ് സിപിഎം ഏക സിവിൽ കോഡിനെതിരെ രംഗത്തുവന്നിരിക്കുന്നത്. സെമിനാറിൽ വിവിധ മതസാമുദായിക നേതാക്കളും ഇടത് മുന്നണിയിലെ ഘടകകക്ഷികളും പങ്കെടുക്കും. കോഴിക്കോട് നടക്കുന്ന സെമിനാർ തുടർ സമരപരിപാടികളുടെ തുടക്കമായി മാറും.
അതിനിടെ സി പി എമ്മിൻ്റേത് നാടകമാണെന്നും യുഡിഎഫിൽ നിന്ന് മുസ്ലിം ലീഗിനെ അടർത്തിയെടുക്കാൻ സി പി എം ശ്രമിച്ചു എന്നും ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ എം പി പറഞ്ഞു.ലീഗ് കോൺഗ്രസിന് ഒപ്പം നില്ക്കും. യു ഡി എഫിനെ ദുർബലപ്പെടുത്താൻ സി പി എം നടത്തിയ ശ്രമം ലീഗ് തിരിച്ചറിഞ്ഞതായും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു.