മലയാളക്കരയുടെ നന്മയും നവോന്മേഷവും വിളിച്ചോതിയ സാഹിത്യകാരൻ്റെ കഥകളും കഥാപാത്രങ്ങളും, ഭാഷയും സാഹിത്യവും ഉള്ളിടത്തോളം നിലനിൽക്കും. “കഥകൾ ആത്മാവിൽ നിന്നൊഴുകുമ്പോൾ കവിതയാണ്’ എന്നാണ് എം ടിയുടെ പക്ഷം. എത്രയോ കഥാപാത്രങ്ങളിലൂടെ പ്രണയവും നൊമ്പരവുമെല്ലാം എം ടി നമ്മളിലേക്ക് കവിതയായ് പകർത്തി. അത്രമേൽ ആർദ്രമായ പ്രണയവും അടങ്ങാത്ത ആനന്ദവും ദുഃഖവും നൊമ്പരങ്ങളും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ ജൈവികമാക്കി. മാനവികതയുടെയും മനുഷ്യസ്നേഹത്തിന്റെയും സന്ദേശങ്ങൾ കഥകളിലൂടെയും, നോവലുകളിലൂടെയും ലേഖനങ്ങളിലൂടെയും മനുഷ്യ ഹൃദയങ്ങളിലേക്ക് എം ടി സന്നിവേശിപ്പിച്ചു. നമ്മുടെ സ്വകാര്യതകളിൽ താലോലിച്ച സ്വപ്നങ്ങളും മോഹങ്ങളും മോഹഭംഗങ്ങളുമെല്ലാം എം ടി യുടെ കഥാപാത്രങ്ങളിൽ വന്ന് നിറയാറുണ്ട്.
മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം ടി വാസുദേവൻ നായരെ ചുരുക്കിപ്പറഞ്ഞാൽ മലയാളത്തിന്റെ അക്ഷര സുകൃതമെന്നു വിശേഷിപ്പിക്കാം, പരത്തിപ്പറഞ്ഞാൽ പാരാവാരത്തോളം പറയാനുണ്ടാകും. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നിങ്ങനെ വിശേഷണങ്ങൾ അനവധിയാണ്. മലയാളിയുടെ മനസ്സറിഞ്ഞ മാന്ത്രികത്തൂലിക അവിരാമം ചലിക്കുകയാണ്.
വിമല, സേതു, സുമിത്ര, ഗ്ലോറി , തങ്കമണി, സുധാകരൻ, ജാനമ്മ, അനിയൻ, ഭാഗി തുടങ്ങി എണ്ണമറ്റ കഥാപാത്രങ്ങൾ.നാലുകെട്ട്, കാലം, അസുരവിത്ത്, രണ്ടാമൂഴം, മഞ്ഞ് തുടങ്ങി എത്രയെത്ര അനശ്വര സൃഷ്ടികൾ. സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എം ടി ചലച്ചിത്രലോകത്തെത്തുന്നത്. തുടർന്ന് തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ അമ്പതിലേറെ ചലച്ചിത്രങ്ങളുടെ പിന്നണിയിൽ എം ടിയുണ്ടായിരുന്നു. വള്ളുവനാടൻ ഭാഷയുടെ കഥാകാരൻ കൂടിയാണ് അദ്ദേഹം. സാഹിത്യത്തിലും സിനിമയിലും അതിനെ അനശ്വരമായി പ്രതിഷ്ഠിച്ചത് എം ടിയാണ്. കൂടല്ലൂരും കണ്ണാന്തളിപ്പൂക്കളും നിളയും വള്ളുവനാട്ടിലെ മനുഷ്യരും എം ടിയുടെ കഥകളിലൂടെ മലയാളികൾക്കാകെ പരിചിതമായി.
1933 ജൂലൈ 15ന് (1108 കർക്കിടകം 25 ഉത്രട്ടാതി) കൂടല്ലൂരിലാണ് എം ടിയുടെ ജനനം. അച്ഛൻ ടി നാരായണൻ നായർ, അമ്മ തെക്കേപ്പാട്ട് അമ്മാളുഅമ്മ. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് അദ്ദേഹം ബിരുദം പൂർത്തിയാക്കി. 23ാം വയസ്സിലാണ് എം ടി തന്റെ ആദ്യ നോവലായ നാലുകെട്ട് എഴുതിയത്. പ്രശസ്ത നർത്തകിയായ കലാമണ്ഡലം സരസ്വതിയാണ് അദ്ദേഹത്തിന്റെ ഭാര്യ. മക്കൾ സിതാര, അശ്വതി. ‘പാതിരാവും പകൽവെളിച്ചവും’ ആണ് ആദ്യനോവലെങ്കിലും ആദ്യം പ്രസിദ്ധീകരിച്ചത് ‘നാലുകെട്ടാ’ണ് (1954). അക്കാലത്തെ കേരളീയ നായർ സമുദായത്തെ അക്ഷരങ്ങളിലൂടെ അപ്പടി വരച്ചുവച്ച എം.ടിക്ക് ആദ്യത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്തതും ‘നാലുകെട്ട്’ തന്നെ.
എഴുതിയാലും എഴുതിയാലും തീരാത്ത കഥ പോലെയാണ് മലയാളിക്ക് എം ടി വാസുദേവൻ നായർ. ആ തൂലികയിൽ നിന്നിറങ്ങി മലയാളിമനസുകളിലേക്ക് കയറിവന്ന എണ്ണമറ്റ കഥാപാത്രങ്ങൾ, അവരുടെ വികാരവിക്ഷോഭങ്ങൾ, വായിച്ചു തീരുമ്പോഴും ബാക്കിയാവുന്ന അവരുടെ ജീവിതം. എം ടി മലയാളത്തിന്റെ പുണ്യമാണ്. ആ അക്ഷരപുണ്യത്തിന്, നിളയുടെ കഥാകാരന് നവതി ആശംസകൾ…..!
കഥാസമാഹാരങ്ങൾ
രക്‌തം പുരണ്ട മൺതരികൾ , വെയിലും നിലാവും , വേദനയുടെ പൂക്കൾ , നിന്റെ ഓർമയ്‌ക്ക് , ഓളവും തീരവും , ഇരുട്ടിന്റെ ആത്മാവ് , കുട്ട്യേടത്തി , നഷ്‌ടപ്പെട്ട ദിനങ്ങൾ , ബന്ധനം , പതനം , കളിവീട് , വാരിക്കുഴി , എം.ടിയുടെ തിരഞ്ഞെടുത്ത കഥകൾ , ഡാർ-എസ്-സലാം , അജ്‌ഞാതന്റെ ഉയരാത്ത സ്‌മാരകം , അഭയം തേടി വീണ്ടും , സ്വർഗം തുറക്കുന്ന സമയം , വാനപ്രസ്‌ഥം , ഷെർലക് .
നോവലുകൾ
നാലുകെട്ട് , പാതിരാവും പകൽവെളിച്ചവും , അറബിപ്പൊന്ന് (എൻ.പി. മുഹമ്മദിനൊപ്പം) , അസുരവിത്ത് , മഞ്ഞ് , കാലം , വിലാപയാത്ര , രണ്ടാമൂഴം , വാരാണസി.
ബാലസാഹിത്യം
മാണിക്യക്കല്ല് , ദയ എന്ന പെൺകുട്ടി,, തന്ത്രക്കാരി.
നാടകം
ഗോപുരനടയിൽ
യാത്രാവിവരണം
മനുഷ്യർ നിഴലുകൾ, ആൾക്കൂട്ടത്തിൽ തനിയെ , വൻകടലിലെ തുഴൽവള്ളക്കാർ
സാഹിത്യപഠനങ്ങൾ
കാഥികന്റെ പണിപ്പുര, ഹെമിങ്‌വേ-ഒരു മുഖവുര , കാഥികന്റെ കല.
ലേഖനങ്ങൾ
കിളിവാതിലിലൂടെ , ഏകാകികളുടെ ശബ്‌ദം , രമണീയം ഒരു കാലം , സ്നേഹാദരങ്ങളോടെ,
വിവർത്തനങ്ങൾ
ജീവിതത്തിന്റെ ഗ്രന്ഥത്തിൽ എഴുതിയത്, പകർപ്പവകാശനിയമം,
പ്രഭാഷണങ്ങൾ
വാക്കുകളുടെ വിസ്‌മയം
അവാർഡുകൾ
കേരള സാഹിത്യ അക്കാദമി അവാർഡ് (നാലുകെട്ട്-1959, ഗോപുരനടയിൽ-’78, സ്വർഗം തുറക്കുന്ന സമയം-’81), കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (കാലം-’70), വയലാർ അവാർഡ് (രണ്ടാമൂഴം-’84), മുട്ടത്തുവർക്കി അവാർഡ് (’94), ഓടക്കുഴൽ അവാർഡ് (’94), പത്മരാജൻ പുരസ്‌കാരം (’95, ’99), ജ്‌ഞാനപീഠ പുരസ്‌കാരം (’96), പ്രേംനസീർ അവാർഡ് (’96), കാലിക്കറ്റ്, എം.ജി. സർവകലാശാലകളുടെ ഡി.ലിറ്റ് ബഹുമതി (’96), എൻ.വി. സാഹിത്യ പുരസ്‌കാരം (2000), എം.കെ.കെ. നായർ പുരസ്‌കാരം (2000), ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ പുരസ്‌കാരം (2001), അക്കാഫ്-എയർ ഇന്ത്യ അവാർഡ് (2001).
മികച്ച തിരക്കഥയ്‌ക്ക് ആറു തവണ ദേശീയ ചലച്ചിത്ര അവാർഡ് നേടി (നിർമാല്യം, കടവ്, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം, ഒരു ചെറുപുഞ്ചിരി). കഥയ്‌ക്കും തിരക്കഥയ്‌ക്കും സംവിധാനത്തിനുമായി 22 തവണ സംസ്‌ഥാന ചലച്ചിത്ര അവാർഡും നാലു ടി വി അവാർഡും നേടി. മലയാള സിനിമയ്‌ക്കു നൽകിയ സമഗ്രസംഭാവനയ്‌ക്കു ഫിലിം ഫെയർ, സിനിമാ എക്‌സ്‌പ്രസ് അവാർഡുകളും ലഭിച്ചു.
മറ്റു ബഹുമതികൾ
കേരള സാഹിത്യ അക്കാദമി, തുഞ്ചൻ സ്‌മാരക ഗവേഷണകേന്ദ്രം എന്നിവയുടെ അധ്യക്ഷനായിരുന്നു. ആദ്യചിത്രമായ ‘നിർമാല്യ’ത്തിനു രാഷ്‌ട്രപതിയുടെ സ്വർണമെഡൽ ലഭിച്ചു. ‘കടവ്’ സിംഗപ്പൂർ ഫിലിം ഫെസ്‌റ്റിവലിൽ പ്രത്യേക ജൂറി അവാർഡും ജപ്പാനിലെ ഒകോയാമ ചലച്ചിത്രമേളയിൽ ഗ്രാൻഡ് പ്രി ബഹുമതിയും നേടി. ജക്കാർത്തയിലെ സിട്ര അവാർഡ് ആണ് മറ്റൊരു നേട്ടം. 1998 ൽ ഇന്ത്യൻ പനോരമ ജൂറിയുടെയും ചലച്ചിത്രഗ്രന്ഥങ്ങൾക്കുള്ള ദേശീയ അവാർഡ് ജൂറിയുടെയും അധ്യക്ഷനായി. ഫീച്ചർ ചിത്രങ്ങൾക്കും ഹ്രസ്വചിത്രങ്ങൾക്കുമുള്ള ദേശീയ അവാർഡ് ജൂറി, കേരളത്തിന്റെ അഞ്ചാമതു രാജ്യാന്തര ചലച്ചിത്രമേളയിലെ ചലച്ചിത്രോൽസവം ജൂറി, കേന്ദ്ര സെൻസർ ബോർഡ്, ഫിലിം ഫിനാൻസ് കോർപ്പറേഷൻ, ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ എന്നിവയിൽ അംഗമായിട്ടുണ്ട്. ‘മാക്‌ട’ മേഖലാ ചെയർമാൻ സ്‌ഥാനവും വഹിച്ചു.