കഥയുടെ ആചാര്യന് ഇന്ന് നവതി

Advertisement

കോഴിക്കോട്: മലയാളത്തിന്‍റെ എം.ടിക്ക് ഇന്ന് നവതി. കഥകളുടെ ആചാര്യന് ആശംസകൾ നേരുകയാണ് നാട്.
മനുഷ്യമനസ്സിലെ വികാരങ്ങളെയത്രയും വേറിട്ട കഥാപാത്രങ്ങളിലൂടെ വായനക്കാരുടെ ഹൃദയങ്ങളിലേക്കു പറിച്ചുനട്ട എഴുത്തിന്‍റെ മാന്ത്രികനാണ് എം.ടി
വായനക്കാരെ അത്ഭുതലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ എം.ടി വാസുദേവൻ നായർക്ക് പകരമായി നൽകാൻ കേരളത്തിനുള്ളത് മനസ്സിൽതൊട്ട ആദരം മാത്രം.

തെക്കേപ്പാട്ട് വാസുദേവൻ നായർ അഥവാ എം.ടി വാസുദേവൻ നായർ. വായനയുടെയും എഴുത്തിന്റെയും ലോകത്ത് പ്രവേശിക്കുന്ന ഏതൊരാളും ആദരവോടെ മാത്രം പറയുന്ന പേര്. മനുഷ്യമനസ്സിലെ ഓരോ വികാരങ്ങളെയും കഥാപാത്രങ്ങളിലൂടെ വായനക്കാരിലേക്ക് എത്തിക്കുന്ന എഴുത്തിന്‍റെ മാന്ത്രികൻ. എം.ടി എന്ന് മലയാളികൾ ചുരുക്കിവിളിക്കുന്ന പ്രിയ കഥാകൃത്ത് നവതിയിലേക്ക് പ്രവേശിക്കുമ്പോൾ മലയാളികളും ആഘോഷിക്കുകയാണ്.

നോവലുകളിലേക്ക് ആരാധകരെ ആകർഷിച്ച രണ്ടാമൂഴം വായനക്കാർക്ക് മുന്നിൽ തുറന്നുനൽകിയത് ആസ്വാദനത്തിന്‍റെ മറ്റൊരു തലമാണ്. ഇതിഹാസങ്ങൾക്കും ചരിത്രങ്ങൾക്കും എന്നും വ്യത്യസ്ത കാഴ്ചപ്പാട് സമ്മാനിക്കാൻ എം.ടിക്ക് സാധിച്ചു. ചതിയൻ ചന്തു എന്ന് പരിഹസിക്കപ്പെട്ട ചരിത്രകഥാപാത്രത്തിന്‍റെ നല്ല വശം അറിഞ്ഞത് എം.ടിയിലൂടെ. തിരക്കഥ എം.ടിയുടേതാണെങ്കിൽ ആ സിനിമയുടെ സ്ഥാനം മറ്റൊന്നാണ്.

എഴുത്തിന്‍റെ ലോകത്തേക്ക് എം.ടി കൈപിടിച്ച് കൊണ്ടുവന്നവർ ആരും ഉയരങ്ങളിൽ എത്താതിരുന്നില്ല. ഇങ്ങനെ ഇതിഹാസത്തിന്റെ വർണ്ണനകൾ അവസാനിക്കുന്നില്ല. 1956ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സബ് എഡിറ്റർ ട്രെയിനി. കൃഷ്ണവാര്യരുടെ പിൻഗാമിയായി 1968ൽ മുഖ്യപത്രാധിപരായി. 1981നുശേഷം ചെറിയ ഇടവേള. പിന്നീട് 88ൽ മാതൃഭൂമി പിരിയോഡിക്കൽസിന്‍റെ എഡിറ്ററായി ശേഷം 99ലാണ് പിരിഞ്ഞത്. എപ്പോഴും പറയുന്നതുപോലെ കഥയുടെ ആചാര്യൻ പിറന്നാൾ ആഘോഷിക്കാറില്ല. എങ്കിലും മലയാളത്തിന് ഈ ദിവസം എന്നത്തെയും പോലെ ഇന്നും ആഘോഷിക്കാതെ വിടാനാകില്ല.

Advertisement