ചൈല്‍ഡ് ലൈന്‍ ജീവനക്കാരുടെ കഴുത്തില്‍ കുപ്പിച്ചില്ലു വച്ചു ഭീഷണി മുഴക്കിയ ശേഷം പതിനാറുകാരിയായ കാമുകിയെ കാമുകന്‍ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ ഇരുവരും പിടിയിലായി. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഓടിരക്ഷപ്പെട്ട ഇരുവരും ആമ്പല്ലൂരില്‍ നിന്നാണ് കസ്റ്റഡിയിലായത്.
ദേശീയപാതയോരത്തു കൂടി നടന്നുപോയ ഇവരെ ഒരു ഹോംഗാര്‍ഡ് തിരിച്ചറിഞ്ഞു പൊലീസ് സ്റ്റേഷനിലേക്കു വിവരം നല്‍കുകയായിരുന്നു. ഇരുപതുകാരനായ കാമുകനെയും പതിനാറുകാരിയായ കാമുകിയെയും പൊലീസ് എത്തി പുതുക്കാട് സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി.
വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് റെയില്‍വേ സ്റ്റേഷനില്‍ ഇവര്‍ പരിഭ്രാന്തി സൃഷ്ടിച്ച സംഭവങ്ങളുണ്ടാക്കിയത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്നു മനസ്സിലാക്കി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇവരെ ഓഫീസിലേക്കു കൂട്ടിക്കൊണ്ടുപോയതിനു പിന്നാലെ യുവാവ് ബീയര്‍ കുപ്പി പൊട്ടിച്ചു ചില്ലുയര്‍ത്തിപ്പിടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
ചൈല്‍ഡ് ലൈനിലെ വനിതാ ജീവനക്കാരുടെ കഴുത്തിനു നേര്‍ക്കു ചില്ലുകഷ്ണം വീശി. എല്ലാവരും പകച്ചുനില്‍ക്കെ ഇയാള്‍ പെണ്‍കുട്ടിയുമായി കടന്നു കളഞ്ഞു. സംഭവത്തില്‍ സുരക്ഷാ വീഴ്ചയുടെ പേരില്‍ ആര്‍പിഎഫ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.