വാളയാറില്‍ വീണ്ടും കള്ളപ്പണവേട്ട. രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച നാല്‍പ്പത് ലക്ഷത്തിലധികം രൂപ എക്‌സൈസ് പിടികൂടി. ചാലക്കുടി സ്വദേശി ബിജീഷിനെയാണ് വാഹന പരിശോധനയ്ക്കിടെ എക്‌സൈസ് പിടികൂടിയത്. സ്വര്‍ണ കച്ചവടവുമായി ബന്ധപ്പെട്ട് കടത്തിയ പണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ വാളയാര്‍ ചെക്‌പോസ്റ്റില്‍ നടത്തിയ പതിവ് വാഹന പരിശോധനയിലാണ് കള്ളപ്പണവുമായി എത്തിയ യുവാവിനെ പിടികൂടിയത്. കോയമ്പത്തൂരില്‍ നിന്നും എറണാകുളത്തേക്ക് സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന പണമാണ് എക്‌സൈസ് കണ്ടെത്തിയത്. തൃശൂരില്‍ ഇറങ്ങി കാത്തു നില്‍ക്കുന്നയാളിന് പണം കൈമാറുകയായിരുന്നു ലക്ഷ്യം.
ജോലി സംബന്ധമായ ആവശ്യത്തിന് കോയമ്പത്തൂരില്‍ പോയി മടങ്ങുന്നുവെന്നായിരുന്നു ബിജീഷിന്റെ ആദ്യ പ്രതികരണം. എന്നാല്‍ വസ്ത്രം പുറത്തേക്കെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബിജീഷ് വിസമ്മതിച്ചു. ഇതോടെ ഉദ്യോഗസ്ഥര്‍ ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് നോട്ട് കെട്ടുകള്‍ കണ്ടെടുത്തത്. രേഖ ആവശ്യപ്പെട്ടപ്പോള്‍ ഒന്നും കയ്യിലില്ലെന്ന് മറുപടി നല്‍കിയതോടെ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
കമ്മീഷന്‍ മോഹിച്ച് പണം കടത്തുന്ന സംഘത്തിലെ കണ്ണിയെന്നാണ് ബിജീഷ് എന്നാണ് പ്രാഥമിക നിഗമനം. പ്രതിയെയും പിടികൂടിയ പണവും എക്‌സൈസ് വാളയാര്‍ പൊലീസിന് കൈമാറി. ഫോണ്‍ രേഖകള്‍ പരിശോധിച്ച് സംഘത്തിലെ കൂടുതല്‍ ആളുകളെ കണ്ടെത്താനാണ് പൊലീസ് ശ്രമം.