ഇപ്പോൾ നന്നായില്ലെങ്കിൽ ഒരിക്കലും നന്നാകില്ല, ചിലരുടെ അജണ്ടയ്ക്കായി സ്ഥാപനത്തെ തകർക്കുന്നു: ബിജു പ്രഭാകർ

Advertisement

തിരുവനന്തപുരം: ഇപ്പോൾ നന്നായില്ലെങ്കിൽ കെഎസ്ആർടിസി ഒരിക്കലും നന്നാകില്ലെന്നു സിഎംഡി ബിജു പ്രഭാകർ ഐഎഎസ്. കെഎസ്ആർടിസിയുടെ എല്ലാ നഷ്ടത്തിനും സർക്കാർ പണം നൽകണമെന്ന് പറയാനാകില്ലെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലെ വിഡിയോയിൽ പറഞ്ഞു. സിഎംഡി നല്ല രീതിയിൽ സ്ഥാപനത്തെ കൊണ്ടുപോയാൽ ചിലരുടെ അജണ്ട നടക്കില്ല എന്നതിനാൽ സ്ഥാപനത്തെയും എംഡിയെയും തകർക്കാനാണ് ശ്രമം.

ചിലർ എന്തും പറയാം എന്ന തലത്തിലേക്ക് എത്തി. യൂണിയനുകളല്ല ചില ജീവനക്കാരാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. തന്റെ അച്ഛനെ മോശമായി ചിത്രീകരിച്ച് ബസുകളിൽ ബോർഡ് പതിപ്പിച്ചു. അവർക്കെതിരെ നടപടി സ്വീകരിച്ചില്ല. സമരം നടത്തിയ യൂണിയനുകൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടില്ല. കെഎസ്ആർടിസി എന്തുവന്നാലും നന്നാക്കണം എന്നാണ് സർക്കാർ നിലപാട്. വരുമാനത്തിൽനിന്ന് ശമ്പളം കൊടുത്തശേഷം ബാക്കി ചെലവുകൾ നോക്കിയാൽപോരെ എന്നാണ് ചിലരുടെ വാദം. ഡീസലടിച്ചാലേ വണ്ടി ഓടൂ. വണ്ടി ഓടിയാലേ ശമ്പളം കൊടുക്കാൻ പൈസ കിട്ടൂ. ഡിഡി നേരത്തെ കൊടുത്താലേ ഡീസൽ കിട്ടൂ. 200 കോടിരൂപ പ്രതിമാസ വരുമാനമുണ്ടെങ്കിൽ 50 കോടിരൂപ ഡീസലിനുപോകും. ബാങ്കുകളിലെ ലോൺ തിരിച്ചടവ് 30 കോടിരൂപയാണ്. അഞ്ച് കോടിരൂപ ബാറ്റയ്ക്കായി പോകും. സ്പെയർപാട്സും മറ്റു ചെലവുകളും ചേർത്ത് 25 കോടിരൂപ വേണം. 40 കോടിരൂപയാണ് പിന്നെ ശേഷിക്കുന്നത്. ശമ്പളം കൊടുക്കാൻ പ്രതിമാസം 91.92 കോടിരൂപ വേണം. സർക്കാർ സഹായമായി ബാക്കി തുക ലഭിച്ചാലേ മുന്നോട്ടു പോകാൻ കഴിയൂ.

പൈസ കയ്യിൽ വച്ചിട്ട് ശമ്പളം നൽകാത്തതല്ല എന്ന് എല്ലാവരും മനസിലാക്കണം. തെറ്റിദ്ധരിച്ച് വിമർശിക്കരുത്. താൻ സിഎംഡിയായിട്ട് ജൂണിൽ മൂന്നു വർഷമാകുന്നു. ട്രാൻസ്പോർട്ട് സെക്രട്ടറിയും സിഎംഡിയുമായി ഒരുദ്യോഗസ്ഥൻ പ്രവർത്തിക്കുന്നതും ആദ്യമാണ്. കെഎസ്ആർടിസിയെ മുന്നോട്ടു നയിക്കാൻ എല്ലാവരുടെയും പിന്തുണ സിഎംഡി അഭ്യർഥിച്ചു. കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ അഞ്ച് ഭാഗങ്ങളായി യുട്യൂബിലൂടെ അവതരിപ്പിക്കാനാണ് എംഡിയുടെ ശ്രമം.