യുഎസിലെ മലയാളി സൈനികൻ കടലിൽ ചുഴിയിൽപെട്ട് മരിച്ചു

Advertisement

പള്ളിക്കത്തോട് : അമേരിക്കയിലെ ന്യൂയോർക്കിൽ സൈനികനായ പള്ളിക്കത്തോട് സ്വദേശി കടലിലെ ചുഴിയിൽ അകപ്പെട്ടു മരിച്ചു. പള്ളിക്കത്തോട് അരുവിക്കുഴി കൂവപ്പൊയ്ക പെരികിലക്കാട്ട് മാർട്ടിൻ ആന്റണിയുടെ മകൻ കോളിൻ മാർട്ടിൻ (19) ആണു മരിച്ചത്.

സുഹൃത്തുക്കൾക്കൊപ്പം കടൽത്തീരം വഴി നടക്കുമ്പോൾ തിരയിൽ അകപ്പെട്ടു ചുഴിയിലേക്കു പോകുകയായിരുന്നു. സുഹൃത്തുക്കൾ രക്ഷപ്പെട്ടെങ്കിലും കോളിൻ മാർട്ടിൻ മുങ്ങിത്താഴ്ന്നു. കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു ചികിത്സയിലിരിക്കെ നാല് ദിവസം കഴിഞ്ഞു മരിച്ചു. പഠനശേഷം സൈന്യത്തിൽ ചേർന്നു 10 മാസം കഴിഞ്ഞതേയുള്ളൂ.

അഞ്ച് വർഷം മുൻപാണു കോളിൻ അമേരിക്കയിൽ എത്തിയത്. കൂരോപ്പടയിലെ സ്വകാര്യ സ്കൂളിലാണു പഠിച്ചിരുന്നത്. സംസ്കാരം പിന്നീട് സൈനിക ബഹുമതികളോടെ ന്യൂയോർക്കിൽ. അമേരിക്കയിൽ സ്ഥിരതാമസമാണു കോളിൻ മാർട്ടിന്റെ കുടുംബം. മാതാവ്: മഞ്ജു, സഹോദരൻ: ക്രിസ്റ്റി മാർട്ടിൻ.