ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ ലഹരി വിൽപന; എംഡിഎംഎയുമായി മലപ്പുറം സ്വദേശി പിടിയിൽ

Advertisement

ചേവായൂർ: ബെംഗളൂരുവിൽനിന്നും കൊണ്ടുവന്ന് എൻഐടി കേന്ദ്രീകരിച്ച് മാരക ലഹരിമരുന്നായ എംഡിഎംഎ വിൽപന നടത്തിയിരുന്നയാൾ പിടിയിൽ. മലപ്പുറം കോട്ടപ്പുറം കര്യംപറമ്പത് വീട്ടിൽ ശിഹാബുദ്ദീൻ (45) ആണ് പിടിയിലായത്. കോഴിക്കോട് ആന്റി നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നർക്കോട്ടിക് സ്‌പെഷൽ ആക്ഷൻ ഫോഴ്‌സും (ഡാൻസഫ്) ചേവായൂർ സബ് ഇൻസ്‌പെക്ടർ വിനയന്റെ നേതൃത്വത്തിലുള്ള ചേവായൂർ പൊലീസും ചേർന്ന് വാഹന പരിശോധനക്കിടെയാണ് ഇയാളെ പിടികൂടിയത്. വാഹനത്തിൽ നിന്നും ഇയാളുടെ ചേവായൂരിലെ ഫ്ലാറ്റിൽ നിന്നുമായി 300 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു.

അധ്യയന വർഷം ആരംഭിച്ചതോടെ കോഴിക്കോട് സിറ്റി പരിധിയിലെ സ്‌കൂൾ, കോളജുകൾ കേന്ദ്രീകരിച്ച് ലഹരി മാഫിയകൾ സജീവമാകുന്നതായി കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണയ്ക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഗൾഫിലായിരുന്ന ഇയാൾ ജോലി നിർത്തി നാട്ടിലെത്തിയതിനു ശേഷം മയക്കുമരുന്ന് വിൽപനയിൽ സജീവമാകുകയായിരുന്നു.

സിന്തറ്റിക് ലഹരി മരുന്നിന് യുവാക്കൾക്കിടയിലാണ് കൂടുതൽ പ്രചാരം എന്നതിനാലും, പല സ്ഥലത്തു നിന്നുള്ളവരായതിനാൽ മൊത്തമായി വ്യാപാരം നടത്തിയാൽ പിടിക്കപ്പെടാൻ സാധ്യത കുറവാകും എന്നതിനാലുമാണ് ഇയാൾ ക്യാംപസുകളുള്ള പ്രദേശങ്ങൾ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്നത്. ബെംഗളൂരുവിൽനിന്നും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ലഹരിമരുന്നിന് ഇവിടെ നാലിരട്ടിയോളം വില ലഭിക്കും. ഈ പണം ഉപയോഗിച്ച് ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നതെന്നും ചേവായൂർ ഇൻസ്‌പെക്ടർ അഗേഷ് കെ.കെ. പറഞ്ഞു.