കാത്തിരിപ്പ് വിഫലം, വെണ്ണിയോട് പുഴയിൽ കാണാതായ 5 വയസ്സുകാരി ദക്ഷയുടെ മൃതദേഹം കിട്ടി

Advertisement

വെണ്ണിയോട്: വെണ്ണിയോട് പുഴയിൽ കാണാതായ അഞ്ചു വയസ്സുകാരിയുടെ മൃതദേഹം കിട്ടി. കുഞ്ഞിനെയെടുത്ത് അമ്മ പുഴയിലേക്ക് ചാടിയ സ്ഥലത്തു നിന്നും രണ്ട് കിലോമീറ്റർ അകലെ നിന്നാണ് ദക്ഷയുടെ മൃതദേഹം കണ്ടെത്തിയത്. കൂടൽ കടവിലാണ് മൃതദേഹം പൊങ്ങിയത്. വ്യാഴാഴ്ച മൂന്ന് മണിയോടെയാണ് അമ്മയും കുഞ്ഞും പുഴയിൽ ചാടിയത്. വെണ്ണിയോട് പാത്തിക്കൽ പാലത്തിൽനിന്ന് അഞ്ചുവയസ്സുള്ള കുഞ്ഞുമായി അമ്മ പുഴയിൽ ചാടിയത്. അമ്മയെ പുഴയിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞെങ്കിലും ദർശന കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് വെണ്ണിയോട്ടെ കോട്ടത്തറ പഞ്ചായത്ത് ഓഫീസിന് സമീപത്തെ ജൈൻസ്ട്രീറ്റ് അനന്തഗിരി ഓംപ്രകാശിന്റെ ഭാര്യ ദർശന എന്ന 32കാരി അഞ്ചുവയസ്സുകാരിയായ മകൾ ദക്ഷയെയും കൊണ്ട് പുഴയിലേക്ക് ചാടിയത്. ദർശനയെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിനെ കണ്ടെത്താനായിരുന്നില്ല. ദർശനയും മകളും പാത്തിക്കൽ ഭാഗത്തേക്ക് നടന്നുപോവുന്നത് നാട്ടുകാർ കണ്ടിരുന്നു. ഇവർ പാലത്തിന് മുകളിൽനിന്ന് ചാടുന്നത് കണ്ട സമീപത്തെ താമസക്കാരനായ നിഖിൽ അറുപത് മീറ്ററോളം നീന്തി ദർശനയെ രക്ഷപ്പെടുത്തുകയായിരുന്നു.

കുട്ടിയെ കണ്ടെത്താനായി കൽപ്പറ്റയിൽ നിന്നുള്ള അഗ്‌നിരക്ഷാസേന, ദേശീയദുരന്ത നിവാരണസേന (എൻ.ഡി.ആർ.എഫ്.), കമ്പളക്കാട് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.എസ്. അജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം, വെണ്ണിയോട് ഡിഫൻസ് ടീം, പൾസ് എമർജൻസി ടീം, പനമരം സി.എച്ച്. റെസ്‌ക്യൂ ടീം, തുർക്കി ജീവൻരക്ഷാസമിതി എന്നിവർ സംയുക്തമായി ഫൈബർ, ഡിങ്കി ബോട്ടുകളും നെറ്റും ഉപയോഗിച്ച് രാത്രി എട്ടുവരെ തിരച്ചിൽ നടത്തിയിരുന്നു. ദർശന വിഷംകഴിച്ചതിനുശേഷമാണ് വീട്ടിൽ നിന്ന് അരക്കിലോമീറ്റർ ദൂരത്തിലുള്ള പുഴയിലെത്തി കുഞ്ഞിനെയും എടുത്ത് ചാടിയത്. നാലുമാസം ഗർഭിണിയായിരുന്നു ഇവർ. കൽപ്പറ്റ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ യു.കെ.ജി. വിദ്യാർഥിനിയാണ് ദക്ഷ.