‘മാധ്യമശ്രദ്ധയാണ് ഗണേഷ് കുമാറിൻ്റെ ഉദ്ദേശ്യമെങ്കിൽ പഴയ രീതി തുടരുന്നതാണ് ഉചിതം’; ദേശീയ അധ്യാപക പരിഷത്ത്

Advertisement

തിരുവനന്തപുരം: പത്തനാപുരം മൗണ്ട് താബോർ സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തിൽ അധ്യാപക സമൂഹത്തേയും വിദ്യാഭ്യാസ വകുപ്പിനെയും അപമാനിച്ച് കെ ബി ഗണേഷ് കുമാർ നടത്തിയ പരാമർശങ്ങളെ ദേശീയ അധ്യാപക പരിഷത്ത് അപലപിച്ചു. അധ്യാപക സമൂഹത്തെ അപമാനിക്കുന്നതിലൂടെ മാധ്യമശ്രദ്ധയാണ് കെ ബി ഗണേഷ് കുമാർ ആഗ്രഹിക്കുന്നതെങ്കിൽ മുമ്പ് മന്ത്രിയായിരുന്നപ്പോഴും അല്ലാതിരുന്നപ്പോഴും ചെയ്തിരുന്ന പ്രവൃത്തികൾ തുടരുന്നതാണ് ഉചിതമെന്നും ദേശീയ അധ്യാപക പരിഷത്ത് പറഞ്ഞു.

സമൂഹത്തിൽ അധ്യാപകരോട് അവമതിപ്പുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് എം എൽ എ യുടെ ഇത്തരം പരാമർശങ്ങൾ. ഏതാനും മാസങ്ങൾക്ക് മുമ്പ് ഡോക്ടർമാർക്കെതിരെയായിരുന്നു എം എൽ എ ഉറഞ്ഞു തുള്ളിയതെങ്കിൽ ഇത്തവണ അത് അധ്യാപകർക്കെതിരെ ആണ്. മന്ത്രി സ്ഥാനം സ്വപ്നം കണ്ട് കഴിയുന്ന എം എൽ എ യ്ക്ക് അത് ലഭിക്കാത്തതിലുള്ള നിരാശയാണ് ഇത്തരം പരാമർശങ്ങളുടെ പ്രേരണ എന്ന് എല്ലാവർക്കും അറിവുള്ളതാണ്. വായ തുറന്നാൽ ഇദ്ദേഹത്തിൻ്റെ നാവിൻതുമ്പിൽ വികടസരസ്വതിയാണ് വിളയാടുക. ആ സ്വഭാവം പാരമ്പര്യമായി ലഭിച്ചതുമാണ്. വാങ്ക് വിളിയെ ക്കുറിച്ച് ആർ ബാലകൃഷ്ണ നടത്തിയ ഉപമയും വന്ദ്യവയോധികനായ വി എസ് അച്യുതാനന്ദനെക്കുറിച്ച് കെ ബി ഗണേഷ് കുമാർ പത്തനാപുരത്ത് നടത്തിയ —രോഗ പരാമർശവും മറ്റും മലയാളികൾ മറന്നിട്ടില്ല. കുപ്രസിദ്ധമായ പഞ്ചാബ് മോഡൽ പ്രസംഗത്തിൻ്റെ പേരിലാണ് ഇദ്ദേഹത്തിൻ്റെ പിതാവ് ആർ ബാലകൃഷ്ണ പിള്ളയ്ക്ക് മന്ത്രിപ്പണി നഷ്ടമായതെങ്കിൽ ഭാര്യയെ ‘സ്നേഹിച്ച’തിനാണ് ഗണേഷ് കുമാറിന് മന്ത്രിപ്പണി പോയത്. അഴിമതിക്കേസിൽ ജയിൽവാസമനുഭവിച്ച സംസ്ഥാനത്തെ ഏക മുൻ മന്ത്രിയാണ് ഇദ്ദേഹത്തിൻ്റെ പിതാവ് ആർ ബാലകൃഷ്ണപിള്ള എന്ന് അധ്യാപകരുടെ ശമ്പളക്കാര്യത്തിൽ ആകുലപ്പെടുന്ന കെ ബി ഗണേഷ് കുമാർ ഇടക്കിടെ ഓർക്കുന്നത് നല്ലതാണ്.

സർക്കാർ ചെലവിൻ്റെ 74% ശമ്പളമായി നൽകുന്നതാണ് എം എൽ എ യുടെ സങ്കടം. അതിൽ തന്നെ ശമ്പള ചെലവിൻ്റെ 64% അധ്യാപകർക്ക് നൽകുന്നതും അദ്ദേഹത്തെ അലട്ടുന്നു.

പ്ലസ് ടു യോഗ്യതയുള്ള സിവിൽ പോലീസ് ഓഫീസർക്ക് ലഭിക്കുന്നതിനെക്കാൾ കൂടുതൽ ശമ്പളം, പോസ്റ്റ് ഗ്രാജുവേഷനും ബി എഡും സെറ്റും യോഗ്യതയുള്ള ഹയർ സെക്കൻഡറി അധ്യാപകർക്ക് ലഭിക്കുന്നതും എം എൽ എ യെ അലോസരപ്പെടുത്തുന്നു . ഈ കാര്യം അടുത്ത ശമ്പള പരിഷ്കരണ കമ്മീഷന് മുമ്പിൽ അവതരിപ്പിച്ച് പരിഹാരം തേടാൻ ശ്രമിക്കാവുന്നതാണ്. ഹയർ സെക്കൻഡറി അധ്യാപകരുടെ ശമ്പളത്തിൻ്റെ പത്തിലൊന്നു മാത്രമേ സിവിൽ പോലീസ് ഓഫീസർമാർക്ക് ലഭിക്കുന്നുള്ളൂ എന്ന പരാമർശം എം എൽ എ യുടെ വിവരമില്ലായ്മയാണ് പ്രകടമാക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ ജോലിക്ക് കൃത്യമായ സമയനിഷ്ഠ ഇല്ലെന്ന പരാമർശം ആഭ്യന്തര വകുപ്പിനോടും മുഖ്യമന്ത്രിയോടും ഉള്ള നീരസത്തിൽ നിന്നുണ്ടായതാണ്. ഏതെങ്കിലും വകുപ്പുകളിലെ ജീവനക്കാരുടെ ജോലി ഭാരം താരതമ്യം ചെയ്യുന്നത് എം എൽ എ പദവിക്ക് ചേർന്നതല്ല.

ഗർഭധാരണത്തെക്കുറിച്ച് ക്ലാസിൽ പഠിപ്പിക്കുമ്പോൾ ആൺകുട്ടികൾ ചിരിക്കുന്നു എന്നാണ് എം എൽ എ യുടെ ആക്ഷേപം. ഏതാനും വർഷങ്ങൾക്ക് മുമ്പ് തലസ്ഥാനത്തെ ഒരു മന്ത്രി മന്ദിരത്തിൽ നടന്നതായി മാധ്യങ്ങൾ റിപ്പോർട്ട് ചെയ്ത, എരിവും പുളിവും കലർന്ന കഥകൾ വായിച്ച് മലയാളികൾ ഒന്നടങ്കം മൂക്കത്ത് വിരൽ വച്ചത് എം എൽ എ മറന്നോ…? എന്നും പരിഷത്ത് ചോദിച്ചു. വർഷത്തിൽ പരിമിതമായ ദിവസങ്ങൾ മാത്രം സഭാ സമ്മേളനങ്ങളിൽ പങ്കെടുക്കുകയും 365 ദിവസത്തെ ശമ്പളവും മറ്റ് അലവൻസുകളും പറ്റുന്ന കെ ബി ഗണേഷ് കുമാറിനെ പോലുള്ളവരാണ് ലജ്ജിക്കേണ്ടത്. നാട്ടിൽ കറങ്ങി നടന്ന് മാന്യന്മാരെ ആക്ഷേപിക്കലല്ലാതെ ഇദ്ദേഹത്തിൻ്റെ നിയമസഭയിലെ സംഭാവന എന്താണെന്ന് കൂടി വ്യക്തമാക്കണമെന്നും ​ദേശീയ അധ്യാപക പരിഷത്ത് ആവശ്യപ്പെട്ടു,

Advertisement