ക്രിക്കറ്റ് കളിക്കിടെ പന്ത് ദേഹത്ത് കൊണ്ടതിൽ തർക്കം, ബാറ്റുകൊണ്ട് അടിയേറ്റ യുവാവ് മരിച്ചു

Advertisement

ഇടുക്കി: ക്രിക്കറ്റ് ബാറ്റ് കൊണ്ടുള്ള അടിയേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. കൊടുവാക്കരണം എസ്റ്റേറ്റിലെ ജയപാലിന്റെ മകൻ ജെ.പി. ജസ്റ്റിനാണ് (38) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് എസ്റ്റേറ്റ് റോഡിലൂടെ നടന്നു പോയ ജസ്റ്റിന്റ ദേഹത്ത്, സമീപത്തു ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്നവർ അടിച്ച പന്ത് വന്നു വീണു. ക്ഷുഭിതനായ ജസ്റ്റിൻ പന്തും എടുത്തുകൊണ്ടു കളിക്കാരുടെ അടുത്ത് ചെന്ന് തർക്കത്തിലേർപ്പെട്ടു. സംഘർഷത്തിനിടെ തന്റെ ബന്ധു കൂടിയായ യുവാവിനെ ജസ്റ്റിൻ പന്ത് കൊണ്ട് ഇടിക്കുകയും ഇയാൾ തിരികെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിക്കുകയും ചെയ്തു.

അടിയേറ്റു ജസ്റ്റിൻ നിലത്തു വീണതിനെ തുടർന്ന്, ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നവർ ഇദ്ദേഹത്തെ എസ്റ്റേറ്റ് ലയത്തിലെ സ്വന്തം വീട്ടിലെ മുറിയിൽ കൊണ്ടു കിടത്തി. അവിവാഹിതനായ ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ മറ്റൊരിടത്താണ് കഴിയുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് കതകു തുറന്നു കിടക്കുന്നത് കണ്ട് വീട്ടിനുള്ളിൽ കയറി നോക്കിയ അയൽവാസി സ്ത്രീയാണ് ജസ്റ്റിൻ അബോധാവസ്ഥയിൽ കിടക്കുന്നതു കണ്ടത്.

തുടർന്ന് നാട്ടുകാർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. അവിടെ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകി.