വാർത്താ നോട്ടം

Advertisement

വാർത്താ നോട്ടം

2023 ജൂലൈ 17 തിങ്കൾ

BREAKING NEWS

👉ഭോപ്പാൽ- ഡെൽഹി വന്ദേ ഭാരത് ട്രെയിനിൽ ഭോപ്പാലിൽ വെച്ച് തീപിടുത്തമുണ്ടായി.

👉 കോച്ചിൻ്റെ
ബാറ്ററി ബോക്സിലാണ് തീപിടുത്തമുണ്ടായത്.യാത്രാക്കാരെ ഒഴിപ്പിച്ചു. തീയണക്കൽ ശ്രമം തുടരുന്നു.

👉 എൻഡോസൾഫാൻ:
ദയാബായി കാസർകോട് കളക്ട്രേറ്റിനു മുമ്പിൽ വൈകിട്ട് 3ന് സമരം തുടങ്ങും

👉 മുതലപ്പൊഴി വിഷയം ചർച്ച ചെയ്യാൻ ജില്ലയിലെ മന്ത്രിമാരും ഫിഷറീസ് മന്ത്രി സജി ചെറിയാനും ഇന്ന് യോഗം ചേരും

👉മുതലപ്പൊഴി:
മത്സ്യതൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ ചർച്ചയ്ക്ക് തയ്യാറെന്ന് ലത്തീൻ സഭ

👉മുതലപ്പൊഴിയിൽ ഇന്ന് കേന്ദ്ര സംഘം സന്ദർശനം നടത്തും

👉 കർക്കിടക വാവ്: ബലിതർപ്പണ ചടങ്ങുകൾ സ്നാന ഘട്ടങ്ങളിൽ പുരോഗമിക്കുന്നു.

👉 കർണ്ണാടകയിൽ പ്രതിപക്ഷ സ്ഥാനത്തേക്ക് ജെഡിഎസ് എത്തിയേക്കും. കുമാരസ്വാമിയെ ചർച്ചയ്ക്ക് ക്ഷണിച്ച് ബി ജെ പി

👉 ഡെൽഹിയിൽ വെള്ള ഒഴിയുന്നു. ക്യാമ്പുകളിൽ നിന്ന് ജനങ്ങൾ വീടുകളിലേക്ക്.

👉യമുനയിലെ ജലനിരപ്പിന് നേരിയ വർദ്ധന . 205.48 ലേക്ക് ഉയരുന്നു

👉 ഡൽഹിയിൽ സർക്കാർ ഓഫീസുകൾ ഇന്നു മുതൽ പ്രവർത്തിക്കും.

👉 അബ്ദുൾ നാസർ മദ്നി ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി നൽകിയ ഹർജി സുപ്രീം കോടതി
ഇന്ന് വീണ്ടും പരിഗണിക്കും.

👉ചന്ദ്രയാൻ – 3 ൻ്റെ രണ്ടാം ഘട്ട ഭ്രമണപഥം ഉയർത്തലും വിജയം.

കേരളീയം

🙏ഇന്നു കര്‍ക്കിടക വാവ്. രാമായണ മാസത്തിനു തുടക്കം. ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനും അലുവാ മണപ്പുറം, ശംഖുമുഖം അടക്കമുള്ള കേന്ദ്രങ്ങളില്‍ ബലിതര്‍പ്പണത്തിനും വിശ്വാസികളുടെ തിരക്ക്.

🙏അനധികൃത കെട്ടിടങ്ങള്‍ ക്രമപ്പെടുത്തുന്നതിനുള്ള അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് ഉദ്യോഗസ്ഥര്‍ വിസ്തീര്‍ണം അളന്നു തിട്ടപ്പെടുത്തും. അനുമതിയില്ലാതെ വിസ്തീര്‍ണം വര്‍ധിപ്പിച്ചതിന് ഒറ്റത്തവണ 50 ശതമാനം പിഴയ്ക്കു പുറമേ, കെട്ടിട നികുതിയുടെ മൂന്നിരട്ടി ഈടാക്കാനാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.

🙏1,180 ബസുകള്‍ കട്ടപ്പുറത്താണെന്ന് കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍. 1243 ജീവനക്കാര്‍ മാസം 16 ഡ്യൂട്ടി പോലും ചെയ്യുന്നില്ല. ഫേസ്ബുക്ക് വീഡിയോ പരമ്പരയുടെ രണ്ടാം ഭാഗത്തിലാണ് ഈ വിവരം വെളിപെടുത്തിയത്.

🙏മലബാറില്‍ 29,000 വിദ്യാര്‍ത്ഥികള്‍ക്കു പ്ലസ് വണ്ണിനു പ്രവേശനം ലഭിച്ചില്ല. ഇതില്‍ പകുതിയോളം പേര്‍ മലപ്പുറം ജില്ലക്കാരാണ്. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരും ഇക്കൂട്ടത്തിലുണ്ട്. മലബാര്‍ എജുക്കേഷനല്‍ മൂവ്മെന്റ് എന്ന സംഘടനയാണ് ഈ കണക്കു പുറത്തുവിട്ടത്.

🙏ശക്തമായ കാറ്റും മോശം കാലാവസ്ഥയും മൂലം മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശം. വ്യാഴാഴ്ച വരെ കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശുമെന്നും തിരമാലകള്‍ ഉയരുമെന്നും മുന്നറിയിപ്പ്.

🙏സെക്രട്ടറിയേറ്റില്‍ ഇനി പാട്ടും കേട്ട് ജോലി ചെയ്യാം. പൊതു ഭരണ വകുപ്പിലെ എഐഎസ് വിഭാഗത്തില്‍ മ്യൂസിക് സിസ്റ്റം വാങ്ങാന്‍ 13,440 രൂപ അനുവദിച്ചു. ആദ്യമായാണ് സെക്രട്ടേറിയറ്റില്‍ ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പൊതുഭരണ വകുപ്പിലാണ് ഈ പരീക്ഷണം.

🙏ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ അടുപ്പമുള്ളവരുടെ രൂപത്തില്‍ വീഡിയോ കോളിലൂടെ പ്രത്യക്ഷപ്പെട്ടു പണം തട്ടിയെടുക്കുന്നതിനെതിരേ ജാഗ്രത വേണമെന്നു പോലീസ്. കേരള പോലിസിന്റെ ഫേസ് ബുക്ക് പേജിലൂടെയാണു മുന്നറിയിപ്പു നല്‍കിയത്.

🙏സിപിഎം കോഴിക്കോട് ജില്ല സെക്രട്ടേറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ ജോര്‍ജ്ജ് എം തോമസ് പോക്സോ കേസ് പ്രതികളെ രക്ഷിക്കാന്‍ പൊലീസുമായി ഒത്തുകളിച്ചെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍. ഗുരുതര സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് ജോര്‍ജ് എം തോമസിനെ സിപിഎം കഴിഞ്ഞ ദിവസം ഒരു വര്‍ഷത്തേക്കു സസ്പെന്‍ഡ് ചെയ്തിരുന്നു.

🙏സ്വന്തം ജോലി ചെയ്ത് തന്റെ പാടു നോക്കി കഴിയുന്ന ഒരു സ്ത്രീയെ വ്യാജ കഥ ചമച്ചു വിവാദത്തിലേയ്ക്കു വലിച്ചിഴക്കുന്നത് കെപിസിസി അധ്യക്ഷനു യോജിച്ചതാണോയെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. ഭാര്യക്കു കെ റെയിലില്‍ ജോലി നേടിയെന്ന കെ സുധാകരന്റെ ആരോപണത്തിനെതിരേയാണ് പ്രതികരണം. വിവാഹത്തിനു മുന്നേ ഭാര്യ റെയില്‍വേ ജോലിക്കാരിയാണ്. ഡെപ്യൂട്ടേഷനില്‍ കെ റെയിലിലേക്കു വന്ന അവര്‍ റെയില്‍വേയിലേക്കു മടങ്ങുകയും ചെയ്തു. ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

🙏സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായുള്ള ധനകോടി ചിറ്റ്സ്സ്, ധനനിധി ചിറ്റ്സ് എന്നീ സ്ഥാപനങ്ങളുടെ സാമ്പത്തിക തട്ടിപ്പ് കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. വയനാട് ജില്ലയിലെ 42 കേസുകളും, കണ്ണൂരിലെ 62 കേസുകളുമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക.

🙏അമിത പലിശ ഈടാക്കിയിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനമുടമയ്ക്കെതിരെ കേസ്. പാലക്കാട് ചെര്‍പ്പുളശേരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനമായ ചൈതന്യ ബാങ്കേഴ്സ് ഉടമ കുലുക്കല്ലൂര്‍ പന്തലിങ്കല്‍ വീട്ടില്‍ മോഹന്‍ദാസിനെ (65) തിരെയാണ് കേസ്. സ്ഥാപനത്തില്‍ നടത്തിയ പരിശോധനയ്ക്കുശേഷം ജീവനക്കാരി നെല്ലായ പൊമ്പിലായ നെച്ചിപ്പുറത്ത് വീട്ടില്‍ ബിന്ദു(42) വിനെ പൊലീസ് അറസ്റ്റു ചെയ്തു.

🙏പ്രതികളുമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു പോയി മടങ്ങിയ പൊലീസ് ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് മൂന്നു പൊലീസുകാരുള്‍പ്പെടെ എട്ടു പേര്‍ക്കു പരുക്കേറ്റു. ഏഴു പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. മലപ്പുറം എ ആര്‍ ക്യാമ്പിലെ ബസാണ് അപകടത്തില്‍ പെട്ടത്.

🙏ക്രിക്കറ്റ് ബാറ്റുകൊണ്ടുള്ള അടിയേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവാക്കരണം എസ്റ്റേറ്റിലെ ജയപാലിന്റെ മകന്‍ ജെ.പി. ജസ്റ്റിനാണ് (38) മരിച്ചത്. തിങ്കളാഴ്ച എസ്റ്റേറ്റ് റോഡിലൂടെ നടന്നു പോയ ജസ്റ്റിന്റ ദേഹത്ത് ക്രിക്കറ്റ് കളിച്ചിരുന്നവര്‍ അടിച്ച പന്തു കൊണ്ടു. ക്ഷുഭിതനായ ജസ്റ്റിന്‍ പന്തുമായി തര്‍ക്കിച്ച് ബന്ധുവായ യുവാവിനെ പന്തുകൊണ്ട് ഇടിച്ചു. ഇയാള്‍ തിരികെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിക്കുകയായിരുന്നു.

🙏മലപ്പുറം തിരൂരങ്ങാടിയില്‍ അമിത വേഗതയില്‍ കാര്‍ ഓടിച്ചത് ചോദ്യം ചെയ്തതിന് വടിവാള്‍കൊണ്ട് അക്രമിച്ചു. ചെറുമുക്ക് ജീലാനി നഗറില്‍ മൂന്നു പേരെ വെട്ടിയ തിരൂരങ്ങാടി സ്വദേശി തടത്തില്‍ കരീമിനെ അറസ്റ്റു ചെയ്തു.

🙏അടിമാലിയില്‍ ഏഴര ലക്ഷം രൂപ തട്ടിയെടുത്ത സഹൃദയ കുടുംബശ്രീ ഭാരവാഹികള്‍ക്കെതിരേ കേസ്. ഒന്‍പതു പേരുടെ കള്ളയൊപ്പിട്ട് വായ്പ എടുത്തെന്നാണ് കുടുംബശ്രീ അംഗങ്ങളിലൊരാളായ മീരാമ്മ മജീദ് പരാതി നല്‍കിയത്.

🙏നഴ്സറി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവറെ അറസ്റ്റു ചെയ്തു. മൂക്കം കൊടിയത്തൂര്‍ കോട്ടമ്മല്‍ ഹാരിസ് ആണു പിടിയിലായത്.

🙏വാഹന പരിശോധന സമയത്ത് പൊലീസ് ഉദ്യോഗസ്ഥരെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍. എടവനക്കാട് വലിയ പുരയ്ക്കല്‍ വീട്ടില്‍ അക്ഷയ്, കാവില്‍മടത്തില്‍ വീട്ടില്‍ ആധിത്, അഭിജിത്ത്, നായരമ്പലം വിപിന്‍ രാജ് എന്നിവരാണ് പിടിയിലായത്.

🙏സര്‍ക്കാര്‍ ജോലിക്കു വേണ്ടി വ്യാജരേഖകള്‍ തയാറാക്കിയതിന് അറസ്റ്റിലായ ആര്‍ രാഖിക്ക് കൊല്ലം ജുഡീഷ്യന്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കൈക്കുഞ്ഞുണ്ടെന്നും പരിചരിക്കാന്‍ താന്‍ അടുത്ത് വേണമെന്നുമുള്ള അപേക്ഷ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.

🙏നെടുമ്പാശേരിയില്‍ സിനിമാ നിര്‍മാണ യൂണിറ്റിന്റെ വാന്‍ തടഞ്ഞ് ആക്രമണം. ഫില്‍മാറ്റിക്ക എന്ന സിനിമ യുണിറ്റിന്റെ വാനിന്റെ ഡ്രൈവറെ മര്‍ദ്ദിച്ച് താക്കോല്‍ ഊരിക്കൊണ്ടുപോയി. പോലീസ് അന്വേഷണം ആരംഭിച്ചു.

ദേശീയം

🙏പ്രതിപക്ഷകക്ഷി നേതാക്കളുടെ യോഗം ഇന്നു ബംഗളൂരുവില്‍. ആം ആദ്മി പാര്‍ട്ടി അടക്കമുള്ള കക്ഷികളുടെ നേതാക്കള്‍ പങ്കെടുക്കും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ ഒന്നിച്ചു മല്‍സരിക്കുന്നതും വ്യാഴാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ സ്വീകരിക്കേണ്ട അടവു നയങ്ങളും ചര്‍ച്ചയാകും.

🙏പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ 21 പുതിയ ബില്ലുകള്‍ അവതരിപ്പിക്കും. വന സംരക്ഷണം, സഹകരണം തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട ബില്ലുകളുണ്ട്. വ്യാഴാഴ്ച ആരംഭിക്കുന്ന സമ്മേളനം അടുത്ത മാസം ആരംഭത്തോടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കു മാറ്റും. ഓഗസ്റ്റ് 11 നു സമ്മേളനം സമാപിക്കും.

🙏മണിപ്പൂരില്‍ വീണ്ടും കലാപം. ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ അതിര്‍ത്തി മേഖലയില്‍ വെടിവയ്പ്. താങ്ബുവില്‍ വീടുകള്‍ക്ക് തീ വെച്ചു. മണിപ്പൂരില്‍ ഇംഫാല്‍ ഈസ്റ്റില്‍ സ്ത്രീയെ അക്രമികള്‍ വെടിവച്ചു കൊന്നു. നാഗ വിഭാഗക്കാരിയായ സ്ത്രീയെയാണ് കൊലപ്പെടുത്തിയത്. കുക്കി വിഭാഗക്കാരിയെന്ന് തെറ്റിദ്ധരിച്ചാണ് ഇവരെ വധിച്ചത്. ഇതിനിടെ വെസ്റ്റ് ഇംഫാലില്‍ പാചകവാതക ഗ്യാസ് കൊണ്ടുപോകുന്ന മൂന്നു ട്രക്കുകള്‍ക്കു കലാപകാരികളായ മെയ്ത്തെയ് സ്ത്രീകള്‍ തീയിട്ടു.

🙏മഹാരാഷ്ട്രയില്‍ ക്ഷേത്രത്തോടു സാദൃശ്യമുണ്ടെന്നു ചിലര്‍ പ്രചരിപ്പിച്ചതിനു പിറകേ, ജില്ലാ കളക്ടര്‍ പുരാതന മുസ്ലിംപള്ളി അടച്ചു. ജല്‍ഗാവ് ജില്ലയിലെ പള്ളി അടച്ചുപൂട്ടിയതിനെതിരെ ജുമ്മ മസ്ജിദ് ട്രസ്റ്റ് കമ്മിറ്റി ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ഇന്നു പരിഗണിക്കും.

🙏എന്‍സിപി പിളര്‍ത്തി മഹാരാഷ്ട്രയില്‍ ധനമന്ത്രിയായ മരുമകന്‍ അജിത് പവാറും സഹമന്ത്രിമാരും ശരത് പവാറിനെ സന്ദര്‍ശിച്ചു. അനുഗ്രഹം തേടാന്‍ എത്തിയതാണെന്നാണ് അജിത് പവാര്‍ പക്ഷത്തെ നേതാവായ പ്രഫൂല്‍ പട്ടേല്‍ പ്രതികരിച്ചത്.

🙏സോണിയാഗാന്ധി
യുടെ വസതിയില്‍ രാഹുല്‍ഗാന്ധിയുടെ ക്ഷണമനുസരിച്ച് എത്തിയ ഹരിയാനയിലെ കര്‍ഷക സ്ത്രീകള്‍ക്കൊപ്പം ചുവടുവച്ച് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. കഴിഞ്ഞയാഴ്ച രാഹുല്‍ ഗാന്ധി ഹരിയാനയിലെ മദിന ഗ്രാമത്തില്‍ പാടത്തു പണിയെടുക്കുന്ന കര്‍ഷകരെ സന്ദര്‍ശിച്ചിരുന്നു.

🙏ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ മരുമകളും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായിരുന്ന ഷര്‍മിളയെ പോലീസ് അറസ്റ്റു ചെയ്തു. ബുരാന്‍ മുര്‍മു എന്ന 62 കാരനാണു മരിച്ചത്. മുറിയുടെ വാതില്‍ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പ്രദേശത്തു സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു.

അന്തർദേശീയം

🙏അമേരിക്കയിലെ അലാസ്‌കയ്ക്കു സമീപം കടലില്‍ ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്.

കായികം

🙏2023 ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 27 മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത്. ആറ് സ്വര്‍ണവും 12 വെള്ളിയും ഒന്‍പത് വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. 16 സ്വര്‍ണവും 11 വെള്ളിയും 10 വെങ്കലവുമടക്കം 37 മെഡലുകളുമായി ജപ്പാനാണ് പട്ടികയില്‍ ഒന്നാമത്. എട്ട് വീതം സ്വര്‍ണവും വെള്ളിയും ആറ് വെങ്കലവുമുള്ള ചൈന രണ്ടാമതാണ്.

🙏ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് 40 റണ്‍സിന്റെ തോല്‍വി. മഴമൂലം 44 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 35.5 ഓവറില്‍ 113 റണ്‍സിന് എല്ലാവരും പുറത്തായി.

🙏എട്ടാം കിരീടവും ഇരുപത്തിനാലാം ഗ്രാന്‍സ്ലാം നേട്ടവും ലക്ഷ്യമിട്ട് വിംബിള്‍ഡണ്‍ ഫൈനലിനിറങ്ങിയ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് ഇരുപതുകാരനായ സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കറാസിനു മുന്നില്‍ കീഴടങ്ങി.

🙏അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് അല്‍ക്കാരസിന്റെ ജയം. ലോക ഒന്നാം നമ്പര്‍ താരമായ അല്‍ക്കറാസിന്റെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണിത്.

Advertisement