എടവണ്ണയിലെ സദാചാര ഫ്ലെക്സ് യുദ്ധം: സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പടെ 5 പേർ അറസ്റ്റിൽ

Advertisement

മലപ്പുറം: എടവണ്ണ ബസ് സ്റ്റാൻഡിൽ വിദ്യാർഥികളായ സഹോദരനും സഹോദരിയും സംസാരിച്ചു നിൽക്കുന്നതു മൊബൈലിൽ പകർത്തിയതു ചോദ്യം ചെയ്തവരെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പടെ 5 പേർ അറസ്റ്റിൽ. സിപിഎം എടവണ്ണ ലോക്കൽ സെക്രട്ടറി ജാഫർ മൂലങ്ങോടൻ, പ‍ഞ്ചായത്തംഗം ജസീൽ മാലങ്ങാടൻ എന്നിവരുൾപ്പെടെ 5 പേരെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
ഈ മാസം 13ന് എടവണ്ണ സ്റ്റാൻഡിലാണു സംഭവങ്ങളുടെ തുടക്കം. വണ്ടൂരിലെ കോളജ് വിദ്യാർഥിനിയും എടവണ്ണയിലെ സ്കൂൾ വിദ്യാർഥിയായ സഹോദരനും എടവണ്ണ ബസ് സ്റ്റാൻഡിൽ സംസാരിച്ചിരിക്കുകയായിരുന്നു. കണ്ടുനിന്നവരിലൊരാൾ ഇതു മൊബൈലിൽ പകർത്തി. സഹോദരനും സുഹൃത്തുക്കളും ചോദ്യം ചെയ്തപ്പോൾ വാക്കേറ്റമാവുകയും തുടർന്നു കൂട്ടം ചേർന്നു മർദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണു പരാതി. പൊലീസെത്തിയാണു സംഘർഷം അവസാനിപ്പിച്ചത്.