അതിഥി തൊഴിലാളി ആംബുലൻസിൽ പ്രസവിച്ചു

Advertisement

ഇടുക്കി: ശാന്തൻപാറയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അതിഥി തൊഴിലാളി ആംബുലൻസിൽ പ്രസവിച്ചു. ആംബുലൻസ് ഡ്രൈവറുടെ സമയോചിതമായി ഇടപെടൽ അമ്മയ്ക്കും കുഞ്ഞിനും തുണയായി.

പുലർച്ചെ മൂന്നു മണിക്കാണ് ഏഴുമാസം ഗർഭിണിയായ മധ്യപ്രദേശ് സ്വദേശിനി വിജയവതിക്ക് വയറുവേദന കൂടിയത്. ഒരു ഫോൺകോളിനപ്പുറം ശാന്തൻപാറ പഞ്ചായത്ത് ആംബുലൻസിൻറെ ഡ്രൈവർ ആൻറണി പാഞ്ഞെത്തി. സ്ഥിതി ഗുരുതരമാണെന്ന് മനസ്സിലായതോടെ വിജയവതിയും ഭർത്താവ് ചോട്ടുലാലുമായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് പുറപ്പെട്ടു. ഉടുമ്പൻചോല കഴിഞ്ഞപ്പോൾ വിജയവതിക്ക്‌ രക്തസ്രാവമുണ്ടായി. പേടിച്ചരണ്ട ചോട്ടുലാൽ നിലവിളിച്ച് ആന്റണിയെ വിവരം അറിയിച്ചു. ആംബുലൻസ് നിർത്തി നോക്കിയപ്പോൾ കുഞ്ഞിന്റെ കാലുകൾ പുറത്തേക്ക് വന്നിരുന്നു. വേദന മൂലം വിജയവതിടെ ബോധം കെടുകയും ചെയ്തു.

അമ്മയെയും കുഞ്ഞിനെയും ആംബുലൻസിൽ കിടത്തി കൈകളിൽ പുരണ്ട രക്തം പോലും കഴുകാൻ സമയമെടുക്കാതെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇവിടെ വച്ചാണ് കുഞ്ഞിന്റെ പൊക്കിൾകൊടി മുറിച്ചു മാറ്റിയത്. മാസം തികയാതെ പ്രസവിച്ച പെൺകുഞ്ഞിന് വിദഗ്ധ പരിചരണം ആവശ്യമുള്ളതിനാൽ ഇൻക്യുബേറ്റർ സൗകര്യമുള്ള 108 ആംബുലൻസിൽ തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഇരുവരുടെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആൻറണി.

Advertisement