തിരുവല്ലയിൽ 13കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ; മൊബൈലിൽ പെൺകുട്ടികളുടെ നഗ്‌ന ചിത്രങ്ങൾ

Advertisement

തിരുവല്ല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. ബസ് കണ്ടക്ടറായി ജോലി ചെയ്യുന്ന കുന്നന്താനം സ്വദേശി ജിബിൻ ജോയി (26) ആണ് അറസ്റ്റിലായത്. ഈ കേസിൽ ആറ് മാസം മുൻപ് ചങ്ങനാശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശി വിഷ്ണു സുരേഷ് (26) അറസ്റ്റിലായിരുന്നു.

പീഡനത്തിരയായ പതിമൂന്നുകാരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. പനിയും ഛർദിയും കാരണം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട കുട്ടി തലയിലെ രക്തസ്രാവം കാരണമാണ് മരിച്ചത്. ആശുപത്രിയിൽ ചെന്ന സമയത്ത് തലയിൽ പല ഭാഗത്തായി മുഴ വന്ന നിലയിലായിരുന്നു. തലയ്ക്കുള്ളിലേറ്റ ക്ഷതമാണ് മുഴയ്ക്കു കാരണമെന്ന് ഡോക്ടർമാർ അറിയിച്ചതനുസരിച്ച് പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് പെൺകുട്ടി നിരന്തരം പീഡനത്തിനിരയായ വിവരം അറിയുന്നത്. ആദ്യം അസ്വഭാവിക മരണത്തിനു കേസെടുത്ത പൊലീസ് പിന്നീട് ജിബിൻ ജോയിക്കെതിരെ പോക്സോ വകുപ്പു കൂടി ഉൾപ്പെടുത്തി മറ്റൊരു കേസും എടുത്തിരുന്നു.

കഴിഞ്ഞ മാസം ഡിവൈഎസ്പി എസ്.അഷാദ് അന്വേഷണം ഏറ്റെടുത്തതോടെയാണ് കൂടുതൽ പ്രതികൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു മനസ്സിലാക്കിയത്. തുടർന്നാണ് ജിബിൻ ജോൺ അറസ്റ്റിലായത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന അന്വേഷണവും നടക്കുന്നുണ്ട്. ജിബിൻ ജോണിന്റെ മൊബൈൽ ഫോണിൽനിന്നു ഇരുപതിലധികം പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കി കൂടുതൽ അന്വേഷണം നടത്തുമെന്ന് ഡിവൈഎസ്പി പറഞ്ഞു.