ആരും സഹായത്തിനെത്തിയില്ല, ഇരുചക്ര വാഹന അപകടത്തിൽപ്പെട്ട് അരമണിക്കൂറിലേറെ റോഡിൽ കിടന്ന 20കാരന് ദാരുണാന്ത്യം

Advertisement

ചേർത്തല: വാഹന അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് റോഡില്‍ കിടക്കേണ്ടി വന്ന യുവാവിന് ദാരുണാന്ത്യം. ഇരുചക്ര വാഹന അപകടത്തിൽപ്പെട്ട് അരമണിക്കൂറിലേറെ സമയമാണ് ഇരുപതുകാരന്‍ റോഡിൽ കിടന്നത്. ചേർത്തല കുറുപ്പംകളങ്ങര ഭഗവതിപ്പറമ്പ് ശ്രീനിലയം വീട്ടിൽ മോഹനദാസൻ നായരുടെ മകൻ ശ്രീഭാസ്കർ (20) ആണ് മരിച്ചത്.

ദേശീയ പാതയിൽ ചേർത്തല ഒറ്റപ്പുന്നയ്ക്കും, റെയിൽവേ സ്റ്റേഷനും മധ്യേ ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. ശ്രീഭാസ്കർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് തെറിച്ച് റോഡരുകിൽ കിടന്ന ശ്രീഭാസ്കറിനെ ആശുപത്രിയിലെത്തിക്കാൻ ആദ്യം ആരും തയ്യാറായില്ല. അരമണിക്കൂറിന് ശേഷം പട്ടണക്കാട് സ്വദേശി രജീഷ്കുമാറിന്റെ ആംബുലൻസിലാണ് പൊലീസിന്റെ സഹായത്തോടെ യുവാവിനെ താലൂക്കാശുപത്രിയിൽ എത്തിച്ചത്. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലം കൊട്ടിയം എൻ എസ് എസ് കോളേജിലെ രണ്ടാം വർഷ നിയമ വിദ്യാർത്ഥിയാണ്. മാതാവ്: ബിന്ദു

സമാനമായ മറ്റൊരു സംഭവത്തില്‍ ഇന്നലെ കണ്ണൂർ പാനൂർ പുത്തൂരിൽ വാഹനാപകടത്തിൽ എട്ട് വയസ്സുകാരന് മരിച്ചിരുന്നു. കൊളവല്ലൂരിലെ ഹാദി ഹംദാൻ ആണ് മരിച്ചത്. ബൈക്ക് ലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്തുവെച്ചു തന്നെ ആദിൽ മരിച്ചു. സ്കൂട്ടർ ഓടിച്ച ഹാദിയുടെ പിതാവ് അൻവറിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അൻവർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടം നടന്നയുടനെ നാട്ടുകാരെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അപകട സ്ഥലത്തുവെച്ചുതന്നെ ആദിൽ മരിക്കുകയായിരുന്നു.