തിരുവനന്തപുരം: ഒരു പതിറ്റാണ്ടിനു ശേഷം സംസ്ഥാനത്തു പൊതുവിദ്യാലയങ്ങളിൽ പാഠ്യപദ്ധതി പരിഷ്കരണം വരുന്നു. പുതിയ പാഠപുസ്തക രചന അടുത്ത മാസം ആരംഭിക്കും.
അടുത്ത അധ്യയന വർഷം പുതിയ പാഠപുസ്തകങ്ങൾ വരുന്ന 1,3,5,7,9 ക്ലാസുകളിലെ 56 പുസ്തകങ്ങളാണ് ആദ്യ ഘട്ടത്തിൽ തയാറാക്കുക. 2,4,6,8,10 ക്ലാസുകളിൽ പുതിയ പുസ്തകങ്ങൾ നിലവിൽ വരുന്നത് 2025–26 അധ്യയന വർഷമാണ്. പുസ്തക രചനയ്ക്കുള്ള 900 പേരുള്ള അധ്യാപക സംഘത്തെ തിരഞ്ഞെടുത്തു. ഇതിൽ എസ്‌സിഇആർടി അപേക്ഷ ക്ഷണിച്ചു പരീക്ഷ നടത്തി തിരഞ്ഞെടുത്തത് 350 പേരെയാണ്. മറ്റുള്ളവർ മുൻപ് പുസ്തക രചനയിൽ പങ്കാളിയായവരും വിഷയ വിദഗ്ധരായ കോളജ് അധ്യാപകരുമാണ്.
പുസ്തക രചനയ്ക്ക് നാലു ദിവസം വീതം നീളുന്ന നാലു ശിൽപശാലകൾ സംഘടിപ്പിക്കും. 12 പേരുടെ സംഘമാണ് ഓരോ പുസ്തകവും തയാറാക്കുക. പുസ്തകരചന മേയിൽ ആരംഭിക്കാനാണു തീരുമാനിച്ചിരുന്നതെങ്കിലും പാഠ്യപദ്ധതി ചട്ടക്കൂടു രൂപീകരണം പൂർത്തിയാക്കേണ്ടതിനാൽ മൂന്നു മാസം വൈകുകയായിരുന്നു. സെപ്റ്റംബറിൽ പുസ്തകരചന പൂർത്തിയാകുമെന്ന് എസ്‌സിഇആർടി ഡയറക്ടർ ഡോ.ആർ.കെ.ജയപ്രകാശ് അറിയിച്ചു.
ഇത്തവണ സമൂഹത്തിൽ വിവിധ തലങ്ങളിലും സ്കൂളുകളിലുമടക്കം നടത്തിയ ചർച്ചയുടെ കൂടി അടിസ്ഥാനത്തിലാണ് ചട്ടക്കൂടിന്റെ കരടു തയാറാക്കിയത്.