കുന്നത്തൂർ . മുതിർന്ന കോൺഗ്രസ് നേതാവും ജനകീയ മുഖ്യമന്ത്രിയുമായിരുന്ന
ഉമ്മൻചാണ്ടിയെ മരണദിനത്തിൽ അപമാനിച്ച് സർക്കാർ ജീവനക്കാരന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് പരാതിയായി.ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അനുശോചിച്ച് എഫ്.ബിയിൽ വന്ന ചിത്രത്തിന് താഴെയാണ് മോശം പദപ്രയോഗങ്ങൾ കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്.
പത്തനംതിട്ടയിൽ പൊതുമരാമത്ത് വകുപ്പിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസറായി പ്രവർത്തിക്കുന്ന കൊല്ലം കുന്നത്തൂർ കളത്തൂർ വീട്ടിൽ ആർ.രാജേഷ് ആണ് മരണത്തിലും പക തീരാതെ ഉമ്മൻ ചാണ്ടിയെ അപമാനിച്ചത്.
ഫെയ്സ് ബുക്ക് പോസ്റ്റിലെ കമന്റ് ഇങ്ങനെ :
“നാട്ടിലെ സർവ്വ കള്ളന്മാർക്കും കൊള്ളക്കാർക്കും ഒറ്റ ഫോൺ വിളിയിൽ ബന്ധപ്പെടാവുന്ന കേരള രാഷ്ട്രീയത്തിലെ അതികായൻ.മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു ‘ഈജിയൻ തൊഴുത്തു’ ആക്കിയതിൽ … മുഖ്യമന്ത്രി എന്നത് ഒരു അശ്ലീലപദമാക്കിയതിൽ… ആ പദം ഒരു വില്ലേജ് ഓഫീസർക്ക് എക്യുവലന്റ് ആക്കിയ… ക്ലിഫ് ഹൗസ് ഒരു … ശാല ആക്കിയ… അങ്ങനെ അനേകം പട്ടങ്ങൾ”.
എൻജിഒ യൂണിയന്റെ സജീവ പ്രവർത്തകനും കടുത്ത സിപിഎം അനുഭാവിയുമായ രാജേഷിന്റെ വിവാദ പോസ്റ്റിനെതിരെ പ്രതിഷേധം ശക്തമാണ്.ഇയ്യാളെ സർവ്വീസിൽ നിന്നും പിരിച്ചു വിട്ട് ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി,പ്രതിപക്ഷ നേതാവ്,ഡിജിപി,കൊല്ലം റൂറൽ എസ്.പി എന്നിവർക്ക് പരാതി നൽകുന്നതായി നേതാക്കള്‍ പറഞ്ഞു .