തിരുവനന്തപുരം: കണ്ണേ കരളേ കുഞ്ഞൂഞ്ഞേ, ഇല്ല, ഇല്ല മരിക്കില്ല ….ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന മുദ്രാവാക്യങ്ങൾ അലയടിച്ച അന്തരീക്ഷത്തിൽ ഉമ്മൻ ചാണ്ടിയുടെ ഭൗതീക ശരീരം തൻ്റെ കർമ്മ പഥമായിരുന്ന കെ പി സി സി ആസ്ഥാനത്ത് എത്തിച്ചു. പാർട്ടിയുടെ എല്ലാ തലത്തിലുമുള്ള നേതാക്കളും, പ്രവർത്തകരും അടങ്ങുന്ന വൻ ജനസഞ്ചയമാണ് ഇന്ദിരാഭവനിൽ. നേതാക്കൾ ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു . നിശ്ചയിച്ചതിലും മണിക്കുറുകൾ വൈകിയെങ്കിലും തങ്ങ ളുടെ പ്രീയ നേതാവിനെ ഒരു നോക്ക് കാണാൻ കാത്തു നിന്ന ജനക്കൂട്ടത്തിൻ്റെ നടുവിലേക്ക് നിശ്ചലനായി ഉമ്മൻ ചാണ്ടി എത്തിയ കാഴ്ച വികാരനിർഭരമായിരുന്നു.
നേരത്തെ സെക്രട്ടറിയറ്റിലെ ദർബാർ ഹാളിലും,
സെൻ്റ് ജോർജ് കത്തീഡ്രിലിലും പൊതു ദർശനത്തിന് വൻ ജനസഞ്ചയമായിരുന്നു. അണമുറിയാത്ത ജനപ്രവാഹം തീർത്ത സ്നേഹവായ്പ്പുകൾക്ക് നടുവിൽ ചേതനയറ്റ ശരീരമായി, ധീരമായ പ്രഖ്യാപനങ്ങൾ നടത്തിയ ദർബാർ ഹാളിൽ നിന്ന് ഞായറാഴ്ചകളിൽ പുതുപ്പള്ളിപ്പള്ളിയിൽ പോകാൻ കഴിയാത്തപ്പോൾ ആരാധനയ്ക്ക് പങ്കെടുക്കുന്ന പാളയം സെൻ്റ് ജോർജ് കത്തീഡ്രിലിലേക്ക് ഭൗതീക ശരീരം മാറ്റുമ്പോൾ മണിക്കൂറുകളുടെ കാത്തിരിപ്പ് വേണ്ടി വന്നു.
പ്രവൃത്തിയുടെ പേരിൽ കോറിയിട്ട ജനകീയൻ എന്ന മേൽവിലാസത്തോടെയാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതീക ശരീരം അവസാനമായി ഇപ്പോൾ പാർട്ടി ആസ്ഥാനത്ത് എത്തിച്ചിരിക്കുന്നത്.
നാളെ രാവിലെ 7 ന് കോട്ടയത്തേക്ക് വിലാപയാത്രയായി കൊണ്ട് പോകും.
നാളെ ഉച്ചയ്ക്ക് ശേഷം കോട്ടയം നഗരത്തിൽ സ്ക്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.