ഉമ്മൻ ചാണ്ടിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികൾ ഇല്ലാതെ

Advertisement

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതികൾ ഉണ്ടാകില്ല. സർക്കാരിന്റെ ഔദ്യോഗിക ബഹുമതി വേണ്ട എന്നതാണ് അപ്പയുടെ അന്ത്യാഭിലാഷം എന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. ഇക്കാര്യം ജർമനിയിൽ ചികിത്സയ്ക്ക് പോകും മുൻപ് ഭാര്യ മറിയാമ്മ ഉമ്മനെ അറിയിച്ചിരുന്നു. പിതാവിൻറെ അന്ത്യാഭിലാഷമായിരുന്നു അത്. അതു നിറവേറ്റും. ഇതു കത്തായി സർക്കാരിന് നൽകിയെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

ഉമ്മൻ ചാണ്ടിക്ക് പൂർണ ഔദ്യോഗിക ബഹുമതി നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിൽ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ കുടുംബത്തിന്റെ അഭിപ്രായം തേടാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ മതപരമായ ചടങ്ങുകൾ മാത്രം മതിയെന്നും ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കണമെന്നും ഉമ്മൻചാണ്ടിയുടെ ഭാര്യ പൊതുഭരണവകുപ്പിനെ രേഖാമൂലം അറിയിച്ചതിനാൽ ഇത് അംഗീകരിക്കുന്നതായി ചീഫ് സെക്രട്ടറി വ്യക്തമാക്കി.

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ നാളെ 3.30നാണ് സംസ്കാരം. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. നാളെ ഉച്ചയ്ക്ക് 12നു പുതുപ്പള്ളിയിലെ വസതിയിൽ ശുശ്രൂഷ. ഒന്നിനു പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലേക്കു വിലാപയാത്ര. 2 മുതൽ 3.30 വരെ പള്ളിയുടെ വടക്കേ പന്തലിൽ പൊതുദർശനം. 3.30നു സമാപനശുശ്രൂഷ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ നടത്തും. 5ന് അനുശോചന സമ്മേളനം.

English Summary: Decision on giving state honors for Oommen Chandy’s f