മലപ്പുറം: നികുതി വെട്ടിച്ച് കേരളത്തിൽ സർവീസ് നടത്തിയ കാർ മോട്ടോർ വാഹന വകുപ്പ് പിടികൂടി. കെ.എ 03 എ.എഫ് 4938 എന്ന കർണാടക രജിസ്‌ട്രേഷനിലുള്ള, ഗുണ്ടൽപേട്ട് സ്വദേശിയുടെ ഇന്നോവ ക്രിസ്റ്റ കോൺട്രാക്ട് കാര്യേജ് വാഹനമാണ് ദീർഘനാളത്തെ നികുതി വെട്ടിച്ചുള്ള സവാരിക്കൊടുവിൽ കഴിഞ്ഞ ദിവസം രാത്രി മഞ്ചേരിയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ പിടിയിലായത്.
പിടിച്ചെടുത്ത വാഹനത്തിന് നികുതി ഇനത്തിലും മറ്റു ഗതാഗത നിയമലംഘനങ്ങൾക്കെല്ലാം ചേർത്ത് 51,000 രൂപ പിഴ ഈടാക്കി. പരിശോധനയിൽ പെടാതിരിക്കാനും ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനും രജിസ്‌ട്രേഷൻ പ്ലേറ്റിൽ കൃത്രിമം നടത്തിയാണ് വാഹനം ഓടിയിരുന്നത്. ഇതര സംസ്ഥാനത്ത് ഓടുന്ന കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾ കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ ചെക്ക്‌പോസ്റ്റിൽ നിന്ന് പെർമിറ്റ് എടുത്ത് നികുതിയൊടുക്കണം. എന്നാൽ ഇതര സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പ്രൈവറ്റ് വാഹനങ്ങൾക്ക് ചെക്ക്‌പോസ്റ്റിൽ വച്ച് പെർമിറ്റ്, ടാക്‌സ് എന്നിവ അടയ്‌ക്കേണ്ടതില്ല.
കോൺട്രാക്ട് കാര്യേജിന്റെ മഞ്ഞ നമ്പർ പ്ലേറ്റ് മാറ്റി പ്രൈവറ്റ് കാറെന്ന് തോന്നിപ്പിക്കുന്നതിനായി വെള്ള നമ്പർ പ്ലേറ്റ് ആണ് ഉപയോഗിച്ചിരുന്നത്. സംശയം തോന്നിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൂടുതൽ പരിശോധന നടത്തിയപ്പോൾ വാഹനത്തിന് ഫിറ്റ്‌നസ് ഇല്ലെന്നും കേരളത്തിലേക്ക് കടക്കുന്നതിനുള്ള പെർമിറ്റ് ഇല്ലെന്നും നിയമപരമായ നികുതി ഒടുക്കിയിട്ടില്ലെന്നും ഉദ്യോഗസ്ഥരെ കബളിപ്പിക്കുന്നതിന് വേണ്ടിയാണ് രജിസ്‌ട്രേഷൻ പ്ലേറ്റിന്റെ കളർ മാറ്റിയതെന്നും മനസ്സിലായി. തുടർന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പിഴ അടച്ചതോടെ രാത്രി തന്നെ വാഹനം വീട്ടുകൊടുത്തു. എൻഫോസ്‍മെന്റ് ആർ.ടി.ഒ ഒ. പ്രമോദ് കുമാറിന്റെ നിർദേശപ്രകാരം എം.വി.ഐ എം.കെ പ്രമോദ് ശങ്കർ, എ.എം.വി.ഐമാരായ ഷൂജ മാട്ടട, പി. പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.