സ്റ്റീഫൻ
തിരുവല്ല: അധികാര രാഷ്ട്രീയത്തിൻ്റെ ഇടനാഴിയിൽ ജനകൂട്ടത്തെ ഒപ്പം ചേർത്ത ജനകീയൻ ആൾകൂട്ടത്തിൻ്റെ നടുവിലേക്ക് അവസാനമായി എത്തുന്നത് നിറകണ്ണുകളോടെ കേരളം കണ്ടു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് തിരുവല്ലയിൽ എത്തുമെന്ന് അറിയിച്ചിരുന്ന വിലാപയാത്ര എത്തിയത് ഇന്ന് പുലർച്ചെ 5 മണിയോടെയാണ്. രാത്രി 8 ന് കെ എസ് ആർ റ്റി സി ബസ് സ്റ്റാൻറ്റിൽ തുടങ്ങിയ അനുസ്മരണ യോഗം അവസാനിക്കുന്നത് ഉമ്മൻ ചാണ്ടിയുടെ ഭൗതീക ശരീരം എത്തിയപ്പോൾ മാത്രമാണ്.
ഇപ്പോൾ രാവിലെ 6.30 പിന്നിടുമ്പോൾ വിലാപയാത്ര ചങ്ങനാശ്ശേരി പിന്നിട്ടതേയുള്ളു. തിരുനക്കരയിലെത്താൻ ഇനിയും മണിക്കൂറുകൾ വൈകും.
കേരളത്തിൻ്റെ നാല് അതിർത്തികൾക്കപ്പുറവും സൗഹൃദത്തിൻ്റെ പാലങ്ങൾ തീർത്ത എളിമയുടെ പ്രതീകത്തിൻ്റെ അന്ത്യയാത്ര നേരിട്ട് കാണാൻ
മണിക്കൂകളാണ് വഴിയോരങ്ങളിൽ ആയിരങ്ങൾ കാത്ത് നില്ക്കുന്നത്.
നേതാക്കളുടെ കണക്ക് കൂട്ടലുകൾക്കപ്പുറം ഒഴുകിയെത്തിയ ജനസാഗരം തീർത്ത സ്നേഹവായ്പുകൾ ഏറ്റുവാങ്ങി ജനകീയ നേതാവ് അതിവേഗമില്ലാതെ കടന്നു പോകയായിരുന്നു.
ആരോടും പരിഭവമില്ലാതെ, ആരേയും കുത്തിനോവിക്കാതെ 53 വർഷം അധികാരത്തിൻ്റെ വഴിയിൽ യാത്ര ചെയ്ത വഴി നീളെ രാഷ്ട്രീയത്തിനതീതമായ സ്നേഹവായ്പ്പുകൾ ഏറ്റുവാങ്ങിയാണ് ജന്മനാടായ കോട്ടയത്തേക്ക് ഉമ്മൻ ചാണ്ടി നിശ്ചലനായി മടങ്ങുന്നത്.